| Monday, 11th October 2021, 12:51 pm

മോദിയേയും അമിത് ഷായേയും ചൊടിപ്പിച്ചതിന് അന്ന് നഷ്ടമായത് ജനറല്‍ സെക്രട്ടറി സ്ഥാനം, കര്‍ഷക കൊലയ്ക്കെതിരെ ശബ്ദിച്ചതിന് ഇന്ന്  ദേശീയ സമിതിയിലെ അംഗത്വം; ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കുന്ന വരുണ്‍ ഗാന്ധി

അളക എസ്. യമുന

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബി.ജെ.പി എം.പി വരുണ്‍ ഗാന്ധിയും പാര്‍ട്ടി നേതൃത്വവും തമ്മില്‍ തെളിഞ്ഞും മറഞ്ഞും വാക്പ്പോര് നടക്കുകയാണ്.

ലഖിംപൂരിലെ കര്‍ഷക സമരത്തിനിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ കാറോടിച്ച് കയറ്റി 8 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് കടുത്ത നിലപാടുമായി വരുണ്‍ ഗാന്ധി രംഗത്തുവന്നത്. കര്‍ഷക കൊലപാതകത്തില്‍ ബി.ജെ.പി നേതൃത്വം മൗനംപാലിച്ച് ഒളിച്ചിരിക്കുമ്പോഴായിരുന്നു വരുണിന്റെ പ്രതികരണം വരുന്നത്.

കര്‍ഷക കൊലപാതകം സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കൊല്ലപ്പെട്ടവര്‍ക്ക് ഒരു കോടി നഷ്ടപരിഹാരം കൊടുക്കണമെന്നും
ആവശ്യപ്പെട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വരുണ്‍ കത്തെഴുതി. കര്‍ഷക കൊലപാതകത്തെ അപകടമരണമാക്കി മാറ്റാന്‍ ബി.ജെ.പി കിണഞ്ഞ് ശ്രമിക്കുമ്പോള്‍ നടന്നത് കൊലപാതകം തന്നെയാണെന്ന് തന്റെ ഓരോ പ്രതികരണത്തിലും വരുണ്‍ വ്യക്തമാക്കി.

കര്‍ഷകര്‍ക്കിടയിലേക്ക് മന്ത്രിപുത്രന്‍ ആശിഷ് മിശ്രയുടെ കാര്‍ ഇടിച്ചുകയറ്റുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു പിന്നീട് വരുണിന്റെ പ്രതികരണം. ഇതില്‍ നിന്ന് എല്ലാം വ്യക്തമാണെന്നായിരുന്നു വരുണ്‍ പ്രതികരിച്ചത്.

കൊന്നൊടുക്കിക്കൊണ്ട് പ്രതിഷേധത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്നും കര്‍ഷകര്‍ക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. എവിടേയും ബി.ജെ.പിയെ പ്രത്യക്ഷമായി പരാമര്‍ശിച്ചിരുന്നില്ലെങ്കിലും നേതൃത്വത്തിനുള്ള താക്കീത് തന്നെയായിരുന്നു വരുണിന്റെ ഓരോ വാക്കുകളും.

വരുണിന്റെ പ്രതികരണം വന്നതിന് തെട്ടുപിന്നാലെയായിരുന്നു ബി.ജെ.പിയുടേ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയത്. വരുണ്‍ ഗാന്ധിയെ മാത്രമല്ല മനേക ഗാന്ധിയേയും പുറത്താക്കി. വരുണ്‍ ഗാന്ധിയെ ഒഴിവാക്കിയത് സാധാരണ നടപടിമാത്രമാണെന്നായിരുന്നു നേതൃത്വം പരസ്യമായി പറഞ്ഞത്.

എന്നാല്‍, കര്‍ഷക കൊലപാതകത്തില്‍ നേതൃത്വം മൗനം പാലിക്കുമ്പോള്‍ വരുണും മിണ്ടാതിരിക്കണമെന്നായിരുന്ന രഹസ്യമായി ബി.ജെ.പി നേതാക്കള്‍ പറഞ്ഞത്. എന്നാല്‍, പുറത്താക്കിക്കൊണ്ട് വരുണിനെ അടക്കി നിര്‍ത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല. താന്‍ വര്‍ഷങ്ങളായി സമിതിയിലൊക്കെ പോയിട്ടെന്നും അതില്‍ ഉണ്ടായിരുന്നെന്ന് കരുതുന്നില്ലെന്നുമായിരുന്നു വരുണിന്റെ പ്രതികരണം. ഇതോടെ പേടിപ്പിച്ച് വരുണിനെ ഒതുക്കാമെന്ന വിചാരം ബി.ജെ.പിക്ക് ഇല്ലാതായി.

ഇതിനിടയില്‍ കര്‍ഷക കൊലപാതകത്തില്‍ ആശിഷ് മിശ്ര അറസ്റ്റിലാവുകയും റിമാന്‍ഡില്‍ വിടുകയും ചെയ്യുന്നു. ഇതോടെ ബി.ജെ.പി കടുത്ത സമ്മര്‍ദ്ദത്തിലായി. പിന്നെ കുറ്റം മുഴുവന്‍ മറ്റാരുടെയെങ്കിലും തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമായിരുന്നു. കര്‍ഷക കൊലപാതകത്തെ ഹിന്ദു- സിഖ് സംഘര്‍ഷമാക്കാനുള്ള ‘തീവ്ര’ ശ്രമമായിരുന്നു ബി.ജെ.പി നടത്തിയത്. വ്യാപകമായി ഈ നുണക്കഥ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. അപ്പോഴായിരുന്നു വരുണ്‍ വീണ്ടും വരുന്നത്. കര്‍ഷക കൊലപാതകത്തെ ഹിന്ദു-സിഖ് സംഘര്‍മാക്കാന്‍ നോക്കരുതെന്ന് വരുണ്‍ പറഞ്ഞു.

ലഖിംപൂര്‍ ഖേരിയെ ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇത് തെറ്റായ ആഖ്യാനം മാത്രമാണെന്നും വരുണ്‍ പ്രതികരിച്ചു. തലമുറകളെടുത്ത് ഉണങ്ങിയ മുറിവുകള്‍ വീണ്ടും ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും ദേശീയ ഐക്യത്തിന് മുകളിലായി രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം താക്കീത് ചെയ്തു. വരുണിന്റെ താക്കീത് മുഴുവന്‍ ബി.ജെ.പിക്കായിരുന്നു. അത് വ്യക്തമായി ബി.ജെ.പിക്കും അറിയാം.

വരുണിനോട് ബി.ജെ.പിക്ക് ‘അനിഷ്ടം’ തുടങ്ങുന്നത് ഇപ്പോഴല്ല. മുന്‍പും പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് വരുണ്‍ സ്വീകരിച്ചിരുന്നു.

2017 ലെ യു.പി തെരഞ്ഞെടുപ്പില്‍ വരുണ്‍ ഗാന്ധി മുഖ്യമന്ത്രി മുഖമായി ഉയര്‍ത്തിക്കാട്ടപ്പെട്ടെങ്കിലും അവസാനം ആ ചര്‍ച്ചകള്‍ എങ്ങുമെത്താതെ പോയി. രാജ് നാഥ് സിംഗുമായി ഉണ്ടായിരുന്ന അടുപ്പം പാര്‍ട്ടിയില്‍ വരുണിന് ഗുണമുണ്ടാക്കി. രാജ് നാഥ് സിംഗ് ബി.ജെ.പി ദേശീയ അധ്യക്ഷനായിരിക്കുന്ന സമയത്തായിരുന്നു വരുണ്‍ ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

2014 ല്‍ മോദി തരംഗം ആഘോഷിക്കപ്പെടുമ്പോള്‍ വരുണ്‍ ഗാന്ധി നടന്നത് എതിര്‍ ദിശയിലായിരുന്നു. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി ഒന്നടങ്കം വാഴ്ത്തിയപ്പോള്‍ യു.പിയിലെ റാലിയില്‍ വെച്ച് രാജ് നാഥ് സിംഗിനെ മുന്‍ പ്രധാനമന്ത്രി വാജ്പേയുമായി താരതമ്യം ചെയ്ത് വരുണ്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി.

2014 ഫെബ്രുവരിയില്‍, കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നരേന്ദ്ര മോദി പ്രസംഗിച്ച ഒരു തെരഞ്ഞെടുപ്പ് റാലിയിലെ ജന പങ്കാളിത്തം വാര്‍ത്തയായപ്പോള്‍ അവിടെയും നേതൃത്വത്തെ ചൊടിപ്പിച്ച് വരുണ്‍ എത്തി.

‘റാലിയില്‍ പങ്കെടുത്ത രണ്ട് ലക്ഷത്തിലധികം ആളുകള്‍’ എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ കൃത്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നാല്പ്പഞ്ചായിരം മുതല്‍ അമ്പതിനായിരം വരെ മാത്രം ആളുകളാണ് അവിടെ വന്നതെന്ന് അദ്ദേഹം പറഞ്ഞു. വരുണ്‍ ഗാന്ധിയുടെ പ്രതികരണം ബി.ജെ.പിയെ അടിമുടി നാണം കെടുത്തി.

2014 ല്‍ മോദിയുടെ വിശ്വസ്തനായ അമിത് ഷാ പാര്‍ട്ടി അധ്യക്ഷനായതോടെ വരുണിന്റെ പതനം തുടങ്ങി. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിസ്ഥാനവും ബംഗാളിന്റെ ചുമതലയും വരുണിന് ഞൊടിയിടക്കുള്ളില്‍ നഷ്ടമായി. നേതൃത്വത്തിനെ തൃപ്തിപ്പെടുത്താത്തതിന്റെ പേരില്‍ ഏറ്റവും ഒടുവില്‍ വരുണിന് നഷ്ടമായ സ്ഥാനം മാത്രമാണ് ദേശീയ സമിതിയിലെ അംഗത്വം.

രാജ്യത്തെ നടുക്കിയ കൂട്ടക്കൊലയില്‍ ബി.ജെ.പിക്കെതിരെ ചെറിയ ശബ്ദം ഉയര്‍ത്താന്‍ വരുണിന് കഴിഞ്ഞൂ എന്നത് ചെറിയ കാര്യമല്ല. ഒരുപക്ഷേ, തുടര്‍ന്നും ഇതേ സമീപനം വരുണ്‍ തുടര്‍ന്നേക്കാം, അല്ലെങ്കില്‍ അദ്ദേഹത്തെ പാര്‍ട്ടി വരുതിയില്‍ നിര്‍ത്തുകയോ, വരുണ്‍ തന്നെ പാര്‍ട്ടി തീരുമാനത്തില്‍ വശപ്പെട്ടു പോവുകയോ ചെയ്തേക്കാം. നിലവില്‍ എതിര്‍പ്പിന്റെ ഈ ശബ്ദം ബി.ജെ.പിക്ക് കിട്ടിയിരിക്കുന്ന വലിയ തിരിച്ചടി തന്നെയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Varun Gandhi – BJP conflict

അളക എസ്. യമുന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more