എസ്.പി-ബി.എസ്.പി സഖ്യത്തെ പാക്കിസ്താനികള്‍ എന്ന് വിളിച്ച് വരുണ്‍ ഗാന്ധി; പാക്കിസ്താനികള്‍ക്ക് വോട്ടു ചെയ്യരുതെന്നും ആഹ്വാനം
ലക്‌നൗ: യു.പിയിലെ എസ്.പി-ബി.എസ്.പി സഖ്യത്തെ പാക്കിസ്താനികള്‍ എന്ന് വിളിച്ച് ബി.ജെ.പി നേതാവ് വരുണ്‍ ഗാന്ധി.
‘നിങ്ങള്‍ ഭാരതാംബയ്‌ക്കൊപ്പമോ അതോ പാക്കിസ്താനൊപ്പമോ? നിങ്ങള്‍ സഖ്യത്തിന് വോട്ടു ചെയ്താല്‍ അതിനര്‍ത്ഥം പാക്കിസ്താനൊപ്പമാണെന്നാണ്.’ വരുണ്‍ പറഞ്ഞു. മനേകാ ഗാന്ധി സ്ഥാനാര്‍ത്ഥിയായ മണ്ഡലത്തില്‍ അവര്‍ക്കുവേണ്ടി വോട്ടു ചോദിക്കുകയായിരുന്നു വരുണ്‍ ഗാന്ധി.
‘ഇത്തവണ ഭാരതാംബയ്ക്കുവേണ്ടി വോട്ടു ചെയ്യുക. എന്റെ അമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. അവര്‍ നല്ല വ്യക്തിയാണ്. അവര്‍ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നു. അവര്‍ സത്യസന്ധയാണ്. കഴിഞ്ഞ 35 വര്‍ഷത്തിനിടെ ഒരു കറപോലും അവര്‍ക്കുമേലുണ്ടായിട്ടില്ല. ഭാരതാംബയ്ക്കുവേണ്ടിയാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. എന്റെ അമ്മയ്ക്കുവേണ്ടിയല്ല.’ എന്നും വരുണ്‍ പറഞ്ഞു.
നിങ്ങള്‍ ഭാരതാംബയ്ക്കുവേണ്ടി വോട്ടു ചെയ്യാന്‍ തയ്യാറുണ്ടോയെന്നും വരുണ്‍ ഗാന്ധി വോട്ടര്‍മാരോട് ചോദിച്ചു. ഇതിനു പിന്നാലെയാണ് വരുണ്‍ ഗാന്ധി എസ്.പി-ബി.എസ്.പി സഖ്യത്തെ പാക്കിസ്താനികള്‍ എന്നുവിളിച്ചത്.
‘ഇവര്‍ പാക്കിസ്താനികളാണ്. അല്ലേ?’ എന്നും അദ്ദേഹം പറഞ്ഞു.
‘രാമഭക്തര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗിച്ചത് ആരാണ്. 500 പേര്‍ കൊല്ലപ്പെട്ടു. രക്തച്ചൊരിച്ചലുണ്ടായി. നമുക്കതൊന്നും മറക്കാന്‍ കഴിയില്ല’ എന്നും വരുണ്‍ ഗാന്ധി പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്തതനുസരിച്ച് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനായി കര്‍സേവകരുടെ കൂട്ടം എത്തിയിരുന്നു. ഇവര്‍ക്കുനേരെ വെടിവെക്കാന്‍ മുലായാം സിങ് യാദവ് ഉത്തരവിട്ടിരുന്നു. ഈ സംഭവം സൂചിപ്പിച്ചാണ് വരുണ്‍ ഗാന്ധിയുടെ പരാമര്‍ശം.
വെടിവെപ്പില്‍ 56 പേര്‍ കൊല്ലപ്പെട്ടെന്നാണ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഒരു അഭിമുഖത്തില്‍ പറഞ്ഞതെന്ന് 2017ല്‍ മുലായാം സിങ് പറഞ്ഞത്. ‘ഞാനദ്ദേഹത്തോട് തര്‍ക്കിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ 28 പേരാണ് കൊല്ലപ്പെട്ടത്. ആറ് മാസത്തിനുശേഷമാണ് ഇക്കാര്യം അറിഞ്ഞത്. എന്നാല്‍ ആവുംവിധം അവരെ സഹായിച്ചിട്ടുണ്ട്.’ എന്നായിരുന്നു മുലായാം പറഞ്ഞത്.
സുല്‍ത്താന്‍പൂരില്‍ നിന്നുള്ള എം.എല്‍.എയായ വരുണ്‍ ഗാന്ധി ഫിലിബിറ്റില്‍ നിന്നും ലോക്‌സഭയിലേക്കു മത്സരിക്കുന്നുണ്ട്.