വരുണ്‍ ധവാനും ജാന്‍വി കപൂറും ഒന്നിച്ച ബവാല്‍ എന്ന ചിത്രത്തിലെ ഓഷ്‌വിറ്റ്‌സ് നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് സന്ദര്‍ശന രംഗങ്ങള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. നിതേഷ് തിവാരിയുടെ സംവിധാനത്തിലുള്ള ചിത്രം രാജ്യമെമ്പാടുമുള്ള തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
കഥയുടെ പ്രത്യേകതകളും സവിശേഷമായ കഥാഗതിയും വലിയ രീതിയില്‍ അഭിനന്ദനങ്ങളേറ്റു വാങ്ങിയിരുന്നു. സിനിമയിലെ മുഖ്യകഥാപാത്രങ്ങള്‍ നാസി ക്യാമ്പ് സന്ദര്‍ശിക്കുന്നതും അവിടുത്തെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ വാതക ചേംബറിനകത്ത് കുടുങ്ങിക്കിടക്കുന്നതുമായ സീനുകള്‍ ഈ ചിത്രത്തിലുണ്ട്.
രണ്ടാം ലോക മഹായുദ്ധ കാലത്തെ സിനിമയില്‍ ടോണ്‍-ഡെഫ് ട്രീറ്റ്‌മെന്റിലൂടെ അവതരിപ്പിച്ചതും, വിവാഹ സമ്പ്രദായത്തെ നാസി ക്യാമ്പിലെ ക്രൂരതകളുമായി താരതമ്യം ചെയ്തതുമാണ് വിമര്‍ശിക്കപ്പെട്ടത്. ജാന്‍വിയുടെ നായിക കഥാപാത്രം നെഗറ്റീവ് റോളിലുള്ള നായകനെ നാസി ക്യാമ്പ് കാണിച്ചുകൊടുത്ത് പുതിയൊരു വ്യക്തിയാക്കി മാറ്റാന്‍ ശ്രമിക്കുന്നതാണ് പ്രമേയം.
വിമര്‍ശനങ്ങള്‍ സാധാരണമാണെന്നും തനിക്ക് അതൊരു പുതുമയുള്ള കാര്യമല്ലെന്നും പ്രതികരിച്ചിരിക്കുകയാണ് നടന്‍ വരുണ്‍ ധവാന്‍. ‘എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായം വേണം. ഞാന്‍ എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിക്കുന്ന വ്യക്തിയാണ്.
ഈ സിനിമ കണ്ടതിലൂടെ ചിലര്‍ക്ക് പ്രകോപനം ഉണ്ടായെന്ന് മനസിലാക്കുന്നു. ഇക്കൂട്ടര്‍ ഹോളിവുഡിലെ ഇംഗ്ലീഷ് ചിത്രങ്ങള്‍ കാണുമ്പോള്‍ അവരുടെ സെന്‍സിറ്റിവിറ്റിയും പ്രകോപനവും എവിടെ പോകുന്നുവെന്ന് മനസിലാകുന്നില്ല. ഹോളിവുഡിന് എന്തും കാണിക്കാനും ചെയ്യാനുമാകും.
അടുത്തിടെ റിലീസായ ഒരു ഇംഗ്ലീഷ് സിനിമയിലെ സീനിനെ ചൊല്ലി ചില ആളുകള്‍ പ്രകോപിതരാകുന്നതിനെ കുറിച്ച് അറിഞ്ഞു. നമ്മുടെ രാജ്യത്തിനും അതിന്റെ സംസ്‌കാരത്തിനും ചേരാത്തവിധം ഒരു സീന്‍ ആ സിനിമയിലുണ്ട്.
എന്നിട്ട് അതിനെപ്പറ്റി പലര്‍ക്കും ഒന്നും പറയാനില്ല. അപ്പോള്‍ ഈ വിമര്‍ശകര്‍ ഒക്കെ എങ്ങോട്ടാണ് പോകുന്നത്. എന്നാല്‍ ഞങ്ങളുടെ സിനിമയിലേക്ക് വരുമ്പോള്‍ നിങ്ങളത് പേഴ്‌സണലായിട്ടാണ് എടുക്കുന്നത്. ഈ ഇരട്ടത്താപ്പ് പാടില്ല. സിനിമകളെ ഇങ്ങനെ ജഡ്ജ് ചെയ്യാന്‍ പാടില്ല,’ വരുണ്‍ ധവാന്‍ കൂട്ടിച്ചേര്‍ത്തു.