ടി-20 ലോകകപ്പിന് ശേഷം നടക്കുന്ന ഇന്ത്യ-സിംബാബ്‌വെ ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്.
ഒരുപിടി യുവനിരയുമായാണ് ഇന്ത്യന്‍ ടീം സിംബാബ്‌വെക്കെതിരെയുള്ള പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്.
ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യയുടെ ക്യാപ്റ്റനായി നിയമിച്ചത്. വിക്കറ്റ് കീപ്പര്‍മാരായി മലയാളി സൂപ്പര്‍താരം സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സ് താരം ധ്രൂവ് ജുറലുമാണ് ഇടം പിടിച്ചത്.
കഴിഞ്ഞ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മികച്ച പ്രകടം കാഴ്ചവച്ച റിയാന്‍ പരാഗും സണ്‍റൈസസ് ഹൈദരാബാദിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് നടത്തിയ അഭിഷേക് ശര്‍മ, നിതീഷ് കുമാര്‍ റെഡ്ഢി എന്നീ താരങ്ങളും ഇന്ത്യന്‍ ടീമില്‍ ഇടം നേടി.
എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. ഇപ്പോള്‍ ഇന്ത്യന്‍ ടീം തന്നെ പരിഗണിക്കാത്തതിനെതിരെ പ്രതികരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് താരം. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഒരു പോസ്റ്റുമായാണ് കൊല്‍ക്കത്ത താരം തന്റെ പ്രതിഷേധം അറിയിച്ചത്.
‘എനിക്ക് ഒരു പി.ആര്‍ ഏജന്‍സി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ എന്ന ക്യാപ്ഷനുള്ള പോസ്റ്റ് ആണ് താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചത്.
2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി തകര്‍പ്പന്‍ പ്രകടനമായിരുന്നു വരുണ്‍ ചക്രവര്‍ത്തി നടത്തിയിരുന്നത്. 15 മത്സരങ്ങളില്‍ നിന്നും 21 വിക്കറ്റുകളാണ് താരം നേടിയത്. 19.14 ആവറേജിലും 8.04 എക്കണോമിയിലും ആണ് താരം ബൗള്‍ ചെയ്തത്.
2021ലെ ടി-20 ലോകകപ്പില്‍ താരം ഇന്ത്യയ്ക്കുവേണ്ടി കളിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇതിനുശേഷം വരുണ്‍ ചക്രവര്‍ത്തിക്ക് ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാന്‍ സാധിച്ചിട്ടില്ല.
അതേസമയം ജൂലൈ ഏഴ് മുതല്‍ ജൂലൈ 14 വരെയാണ് ഇന്ത്യ- സിംബാബ്‌വെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
സിംബാബ്‌വെക്കെതിരെയുള്ള ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡേ.
Content Highlight: Varun Chakrvarthi React on Social Media Didn’t Include Indian Squad For Zimbabwe Series