2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലേക്ക് കടന്നിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ 44 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 249 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് 205 റണ്‍സിന് പുറത്താകുകയായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ നോക്ക് ഔട്ടിലേക്ക് കടന്നിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ആറ് പോയിന്റ് സ്വന്തമാക്കിയ ഏക ടീമും ഇന്ത്യ മാത്രമാണ്. ഇന്ത്യയെ വിജയത്തിലെത്തിച്ചത് യുവ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ മിന്നും പ്രകടനമാണ്.
10 ഓവര്‍ എറിഞ്ഞ് 42 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്. വില്‍ യങ് (22), ഗ്ലെന്‍ ഫിലിപ്‌സ് (12), മൈക്കല്‍ ബ്രേസ്‌വെല്‍ (2), മിച്ചല്‍ സാന്റ്‌നര്‍ (28), മാറ്റ് ഹെന്റി (2) എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇതോടെ മത്സരത്തിലെ താരമാകാനും വരുണിന് സാധിച്ചു. മത്സര ശേഷം തന്റെ തകര്‍പ്പന്‍ പ്രകടനത്തെക്കുറിച്ച് താരം സംസാരിക്കുകയും ചെയ്തിരുന്നു.
ബൗളിങ്ങില്‍ ആദ്യം പരിഭ്രാന്തപ്പെട്ടെന്നും എന്നാല്‍ വിരാട് കോഹ്‌ലിയും രോഹിത്തും പാണ്ഡ്യയുമുള്‍പ്പെടെ സംസാരിച്ചത് തനിക്ക് സഹായകമായെന്ന് വരുണ്‍ പറഞ്ഞു. മാത്രമല്ല മത്സരത്തിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുയോജ്യമല്ലായിരുന്നു എന്നാല്‍ കൃത്യമായി എറിഞ്ഞതുകൊണ്ടാണ് വിക്കറ്റുകള്‍ ലഭിച്ചതെന്നും വരുണ്‍ പറഞ്ഞു.
‘മത്സരത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ ഞാന്‍ പരിഭ്രമിച്ചു, പക്ഷേ കുറച്ച് പന്തുകള്‍ എറിഞ്ഞതിനുശേഷം എനിക്ക് ആത്മവിശ്വാസം ലഭിച്ചു. വിരാട്, രോഹിത്, ഹാര്‍ദിക്, ശ്രേയസ് എന്നിവര്‍ എന്നെ വളരെ സഹായിച്ചു. എന്നെ ശാന്തമാക്കാന്‍ അവര്‍ സംസാരിച്ചുകൊണ്ടിരുന്നു. പിച്ച് അത് ഒരു റാങ്ക്-ടേണര്‍ ആയിരുന്നില്ല, അത് സ്ലോ ബൗളര്‍മാരെ സഹായിക്കുന്നതായിരുന്നു. പക്ഷേ ശരിയായ സ്ഥലങ്ങളില്‍ പന്ത് എറിയുകയാണെങ്കില്‍ സ്പിന്നര്‍മാര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകും,’ വരുണ്‍ പറഞ്ഞു.
സൂപ്പര്‍ പേസര്‍ മാറ്റ് ഹെന്റിയുടെ കരുത്തിലാണ് ന്യൂസിലാന്‍ഡ് ഇന്ത്യയെ 249 എന്ന സ്‌കോറില്‍ തളച്ചത്. എട്ട് ഓവര്‍ പന്തെറിഞ്ഞ് 42 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരുടെ വിക്കറ്റുകളാണ് ഹെന്റി സ്വന്തമാക്കിത്.
ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് ശ്രേയസ് അയ്യരാണ്. 98 പന്തില്‍ നിന്ന് 79 റണ്‍സാണ് താരം നേടിയത്. കിവീസിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ച്ചവെച്ചത് സൂപ്പര്‍ താരം കെയ്ന്‍ വില്ല്യംസനാണ്. 120 പന്തില്‍ 81 റണ്‍സാണ് താരം നേടിയത്.
Content Highlight: Varun Chakravarthy Talking About His Great Performance Against New Zealand