|

എനിക്ക് ടെസ്റ്റ് കളിക്കാനാണ് ഇഷ്ടം, പക്ഷെ...തുറന്ന് പറഞ്ഞ് വരുണ്‍ ചക്രവര്‍ത്തി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യ തങ്ങളുടെ വജ്രായുധമെന്നപോലെ കരുതിവെച്ച സ്പിന്നറാണ് വരുണ്‍ ചക്രവര്‍ത്തി.

ടൂര്‍ണമെന്റില്‍ വരുണിന് ആദ്യ രണ്ട് മത്സരങ്ങളില്‍ അവസരം ലഭിച്ചിരുന്നില്ല. ന്യൂസിലാന്‍ഡിനെതിരെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിലായിരുന്നു വരുണ്‍ കളത്തിലിറങ്ങിയത്. മത്സരത്തില്‍ അഞ്ച് വിക്കറ്റെടുത്താണ് വരുണ്‍ തന്റെ വരവറിയിച്ചത്.

ഫൈനലിലും തന്റെ മാജിക് സ്പെല്‍ കൊണ്ടുവരാന്‍ വരുണിന് സാധിച്ചിരുന്നു. 45 റണ്‍സ് വഴങ്ങി നിര്‍ണായകമായ രണ്ട് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി 4.53 എക്കോണമിയില്‍ പന്തെറിഞ്ഞ് താരം ഒമ്പത് വിക്കറ്റെടുത്ത് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

ഇപ്പോള്‍ തനിക്ക് കളിക്കാനിഷ്ടമുള്ള ഫോര്‍മാറ്റിനെക്കുറിച്ച് സംസാരിക്കുകയാണ് വരുണ്‍ ചക്രവര്‍ത്തി. എന്നാല്‍ തന്റെ ബൗളിങ് സ്‌റ്റൈല്‍ ടെസ്റ്റ് ഫോര്‍മാറ്റിന് അനുയോജ്യമല്ലെന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തു. ഗോബിനാഥിനൊപ്പം യൂട്യൂബ് ചാനലിലെ ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവേയാണ് വരുണ്‍ ഈ കാര്യം പറഞ്ഞത്.

‘എനിക്ക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാണ് താത്പര്യം, പക്ഷെ എന്റെ ബൗളിങ് ശൈലി ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമല്ല. എന്റേത് അല്‍പം പേസുള്ള ബൗളിങ്ങാണ്. ടെസ്റ്റ് ക്രിക്കറ്റില്‍, നിങ്ങള്‍ തുടര്‍ച്ചയായി 20-30 ഓവറുകള്‍ പന്തെറിയണം. എന്റെ ബൗളിങ് അനുസരിച്ച് എനിക്ക് അത് ചെയ്യാന്‍ കഴിയില്ല.

ഞാന്‍ വേഗത്തില്‍ പന്തെറിയുന്നതിനാല്‍ പരമാവധി 10-15 ഓവറുകളാണ് എനിക്ക് പന്തെറിയാന്‍ സാധിക്കുക. അത് റെഡ് ബോളില്‍ അനുയോജ്യമല്ല. ഞാന്‍ ഇപ്പോള്‍ 20 ഓവറുകളിലും 50 ഓവര്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നത്,’ വരുണ്‍ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

Content Highlight: Varun Chakravarthy Talking About His Bowling Action Not Suitable For Test Cricket