വിജയ് ഹസാരെ ട്രോഫിയില്‍ നാഗാലാന്‍ഡിനെ തകര്‍ത്ത് തമിഴ്‌നാട് അഞ്ചാം വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ആറ് മത്സരത്തില്‍ നിന്നും അഞ്ച് ജയവും ഒരു തോല്‍വിയുമാണ് തമിഴ്‌നാടിനുള്ളത്.
വരുണ്‍ ചക്രവര്‍ത്തിയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് ചൊവ്വാഴ്ച ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തമിഴ്‌നാടിന് തുണയായത്. അഞ്ച് ഓവര്‍ പന്തെറിഞ്ഞ് ഒമ്പത് റണ്‍സിന് അഞ്ച് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ആകെയെറിഞ്ഞ അഞ്ച് ഓവറില്‍ റണ്‍സ് വഴങ്ങിയതാകട്ടെ വെറും രണ്ട് ഓവറിലും.
22 പന്ത് നേരിട്ട് ക്രീസില്‍ തുടര്‍ന്ന എന്‍ഗുലിയെ പുറത്താക്കിക്കൊണ്ടാണ് വരുണ്‍ ചക്രവര്‍ത്തി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. പത്താം ഓവറിലെ ആദ്യ പന്തില്‍ എന്‍ഗുലിയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ചക്രവര്‍ത്തി മടക്കിയത്.
1.80 എന്ന തകര്‍പ്പന്‍ എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.
ലിസ്റ്റ് എ ഫോര്‍മാറ്റിലെ കരിയര്‍ ബെസ്റ്റ് ബൗളിങ് പ്രകടനമാണ് ചക്രവര്‍ത്തി പുറത്തെടുത്തത്. 38 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതായിരുന്നു താരത്തിന്റെ നേരത്തെയുള്ള മികച്ച പ്രകടനം.
ലിസ്റ്റ് എ ഫോര്‍മാറ്റില്‍ 15 മത്സരത്തില്‍ നിന്നും 36 വിക്കറ്റാണ് ചക്രവര്‍ത്തി സ്വന്തമാക്കിയത്. 4.09 എന്ന എക്കോണമിയിലും 14.19 എന്ന ആവറേജിലും പന്തെറിയുന്ന ചക്രവര്‍ത്തിയുടെ സ്‌ട്രൈക്ക് റേറ്റ് 20.7 ആണ്.
ലിസ്റ്റ് എയില്‍ നാല് വിക്കറ്റ് പ്രകടനം ചക്രവര്‍ത്തിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കിലും രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം പിറന്നിരുന്നു.