|

ഇന്ത്യയിലേക്ക് വന്നുപോകരുത്, അതിന് ശ്രമിച്ചാല്‍ ബാക്കിയുണ്ടാകില്ല; ലോകകപ്പിന് ശേഷം നേരിട്ട ഭീഷണിയെ കുറിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടീമിലേക്കുള്ള തന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് സൂപ്പര്‍ താരം വരുണ്‍ ചക്രവര്‍ത്തി. ടി-20 ഫോര്‍മാറ്റിലേക്ക് ഒരിക്കല്‍ക്കൂടി തിരിച്ചുവരവ് നടത്തുകയും മികച്ച പ്രകടനത്തിന് പിന്നാലെ ഏകദിന ഫോര്‍മാറ്റില്‍ അരങ്ങേറുകയും ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചുമാണ് ചക്രവര്‍ത്തി കയ്യടി നേടിയത്.

ഇപ്പോള്‍ ആരാധകരുടെ മനസില്‍ ഹീറോ പരിവേഷമുള്ള ചക്രവര്‍ത്തി നേരത്തെ അവരുടെ മനസില്‍ വില്ലനായിരുന്നു. 2021 ടി-20 ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ പോയതോടെയാണ് ആരാധകര്‍ ചക്രവര്‍ത്തിക്ക് നേരെ തിരിഞ്ഞത്.

ലോകകപ്പിന് പിന്നാലെ തനിക്കെതിരെ വധഭീഷണിയടക്കം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുകയാണ് വരുണ്‍ ചക്രവര്‍ത്തി. ഗോപിനാഥിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് 2021 ലോകകപ്പിന് ശേഷം ആരാധകരില്‍ നിന്നും നേരിട്ട ദുരനുഭവത്തെ കുറിച്ച് അദ്ദേഹം തുറന്നുപറയുന്നത്.

‘2021 ലോകകപ്പിന് പിന്നാലെ എനിക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. ഇന്ത്യയിലേക്ക് വന്നുപോകരുത്, അതിന് ശ്രമിച്ചാലും നിനക്കതിന് സാധിക്കില്ല. ഞാന്‍ എന്ത് ചെയ്യുന്നു എന്നറിയാന്‍ ആളുകള്‍ എന്റെ വീട്ടിലേക്ക് വന്ന് പോലും എന്നെ ട്രാക്ക് ചെയ്യാന്‍ ആരംഭിച്ചു.

പലപ്പോഴും അവരെ ഒഴിവാക്കാന്‍ എനിക്ക് ഒളിച്ചിരിക്കേണ്ടി വന്നിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങവെ കുറച്ച് ആളുകള്‍ എന്നെ ബൈക്കില്‍ പിന്തുടര്‍ന്നിരുന്നു. എനിക്കറിയാം, ആരാധകര്‍ വളരെ ഇമോഷണലാണ്.

എന്നാല്‍ ഇപ്പോള്‍ വിജയിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്. എന്റെ ജീവിതത്തില്‍ എല്ലാ നല്ല കാര്യങ്ങളും വളരെ വേഗത്തിലാണ് സംഭവിക്കുന്നത് എന്നത് എനിക്കിപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എനിക്കതിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകണം.

ഞാന്‍ ഒരുപാട് മോശം സമയങ്ങളിലൂടെ കടന്നുപോയിരുന്നു. വിമര്‍ശനങ്ങള്‍ക്ക് എത്രത്തോളം മോശമാകാന്‍ സാധിക്കുമെന്ന് എനിക്ക് വ്യക്തമായി അറിയാം,’ വരുണ്‍ ചക്രവര്‍ത്തി പറഞ്ഞു.

ഐ.പി.എല്ലിലും തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ചക്രവര്‍ത്തിക്ക് ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് വീണ്ടും വിളിയെത്തിയത്. ടി-20യില്‍ തിളങ്ങിയതോടെ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലും താരം ഇന്ത്യയ്ക്കായി കളിച്ചു.

ഇതിന് പിന്നാലെയാണ് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്കും താരത്തിന് വിളിയെത്തുന്നത്. ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരത്തിലും കളിക്കാന്‍ സാധിച്ചില്ലെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ താരം കളത്തിലിറങ്ങി. മത്സരത്തില്‍ അഞ്ച് വിക്കറ്റുമായാണ് ചക്രവര്‍ത്തി തിളങ്ങിയത്. ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായ താരം, പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനും അര്‍ഹനായി.

സെമിയില്‍ ഓസീസിനെതിരെയും ഫൈനലില്‍ കിവികള്‍ക്കെതിരെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ താരം മൂന്ന് മത്സരത്തില്‍ നിന്നും ഒമ്പത് താരങ്ങളെ മടക്കി വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തുമെത്തിയിരുന്നു.

Content Highlight: Varun Chakravarthy reveals receiving threat calls after poor performance in 2021 T20 World Cup