Sports News
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒന്നാമനായി ചരിത്രം കുറിച്ച് 'ചക്രവര്‍ത്തി'; പിന്നിലാക്കിയത് അഫ്രിദിയേയും ജഡേജയേയും!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 03, 09:00 am
Monday, 3rd March 2025, 2:30 pm

2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലേക്ക് കടന്നിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ 44 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 249 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് 205 റണ്‍സിന് പുറത്താകുകയായിരുന്നു.

ഇന്ത്യയെ വിജയത്തിലെത്തിച്ചത് യുവ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ മിന്നും പ്രകടനമാണ്. 10 ഓവര്‍ എറിഞ്ഞ് 42 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്. വില്‍ യങ് (22), ഗ്ലെന്‍ ഫിലിപ്സ് (12), മൈക്കല്‍ ബ്രേസ്വെല്‍ (2), മിച്ചല്‍ സാന്റ്നര്‍ (28), മാറ്റ് ഹെന്റി (2) എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

വരുണിന്റെ ഏകദിന ഫോര്‍മാറ്റിലെ ആദ്യ ഫൈഫര്‍ കൂടിയാണിത്. മാത്രമല്ല മത്സരത്തിലെ താരമാകാനും വരുണിന് സാധിച്ചു. ഇതിനെല്ലാം പുറമെ ഒരു മിന്നും നേട്ടം സ്വന്തമാക്കാനും വരുണിന് സാധിച്ചിരിക്കുകയാണ്. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈഫര്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ സ്പിന്നറാകാനാണ് വരുണ്‍ ചക്രവര്‍ത്തിക്ക് സാധിച്ചത്.

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈഫര്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ സ്പിന്നര്‍, ടീം, വയസ്, സ്‌പെല്‍, എതിരാളി, വേദി, വര്‍ഷം

വരുണ്‍ ചക്രവര്‍ത്തി – ഇന്ത്യ – 33 വയസും 185 ദിവസവും – ന്യൂസിലാന്‍ഡ് – 5/42 – ദുബായ് – 2025

ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – 24 വയസും 197 ദിവസവും – കെനിയ – 5/11 – ബര്‍മിങ്ഹാം – 2004

രവീന്ദ്ര ജഡേജ – ഇന്ത്യ – 24 വയസും 187 ദിവസവും – വെസ്റ്റ് ഇന്‍ഡീസ് – 5/33 – ഓവല്‍ – 2013

2021 ടി-20 ലോകകപ്പില്‍ വരുണ്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരുന്നെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്തതില്‍ താരത്തെ ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ 2025ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു സര്‍പ്രൈസ് കംബാക്കാണ് താരം നടത്തിയത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ നോക്ക്ഔട്ടിലേക്ക് കടന്നിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ആറ് പോയിന്റ് സ്വന്തമാക്കിയ ഏക ടീമും ഇന്ത്യ മാത്രമാണ്. മാര്‍ച്ച് നാലിന് ഓസ്‌ട്രേലിയയുമായിട്ടാണ് ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരം. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ഓസീസിനെതിരെ ഇന്ത്യയ്ക്ക് ബാക്കിവെച്ച കണക്കുകള്‍ തീര്‍ക്കാനുള്ള അവസരമാണ് മുന്നിലുള്ളത്.

Content highlight: Varun Chakravarthy In Great Record Achievement In ICC Champions Trophy