Advertisement
Sports News
ഇംഗ്ലണ്ടിനെ തകര്‍ത്ത കൊലകൊമ്പന്‍; വരുണ്‍ സ്വന്തമാക്കിയത് വെടിച്ചില്ല് റെക്കോഡ്!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 03, 07:45 am
Monday, 3rd February 2025, 1:15 pm

ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലെ അവസാന മത്സരത്തിലും തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 150 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത് വിജയമാണിത്. ഇതോടെ 4-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

ഇന്ത്യയുടെ പരമ്പരവിജയത്തിന് ഏറെ നിര്‍ണായകമായത് സ്റ്റാര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ്. 14 വിക്കറ്റുകളാണ് താരം പരമ്പരയില്‍ നിന്ന് സ്വന്തമാക്കിയത്. മാത്രമല്ല രണ്ട് പ്ലെയര്‍ ഓഫ് ദി മാച്ച് ഉള്‍പ്പെടെ പ്ലെയര്‍ ഓഫ് ദി സീരീസ് നേടാനും താരത്തിന് സാധിച്ചിരുന്നു.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും വരുണിന് സാധിച്ചിരിക്കുകയാണ്. ഫുള്‍ മെമ്പര്‍ ടീമിലെ ഒരു ദ്വിരാഷ്ട്ര പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് വരുണ്‍ നേടിയത്. ഈ ലിസ്റ്റില്‍ ഒന്നാമതുള്ളത് ജെയിസണ്‍ ഹോള്‍ഡറാണ്. 2022ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയില്‍ 15 വിക്കറ്റുകളാണ് താരം നേടിയത്.

ഫുള്‍ മെമ്പര്‍ ടീമുകളിലെ ഒരു ദ്വിരാഷ്ട്ര പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്, എതിരാളി, വര്‍ഷം

ജെയിസണ്‍ ഹോള്‍ഡര്‍ (വെസ്റ്റ് ഇന്‍ഡീസ്) – 15 – ഇംഗ്ലണ്ട് – 2022

വരുണ്‍ ചക്രവര്‍ത്തി (ഇന്ത്യ) – 14 – ഇംഗ്ലണ്ട് – 2025

ഇഷ് സോദി (ന്യൂസിലാന്‍ഡ്) – 13 – ഓസ്‌ട്രേലിയ – 2021

ആദ്യ മത്സരത്തില്‍ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ 38 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വരുണ്‍ നേടി. മൂന്നാം മത്സരത്തില്‍ 24 ണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ നേടി പ്ലെയര്‍ ഓഫ് ദിമാച്ച് അവാര്‍ഡ് നേടാന്‍ വരുണിന് സാധിച്ചു.

നാലാം മത്സരത്തില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ താരം അവസാന മത്സരത്തില്‍ രണ്ട് വിക്കറ്റും നേടി. ഇതോടെ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കാനും വരുണിന് സാധിച്ചിരുന്നു.

ടി-20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ ഏകദിനമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. വി.സി.എ സ്റ്റേഡിയമാണ് വേദി.

Content Highlight: Varun Chakravarthy In Great Record Achievement