ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനേഴാം സീസണിന് തിരശീല വീണിരിക്കുകയാണ്. കഴിഞ്ഞദിവസം നടന്ന ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡഴ്സ് കിരീടം ചൂടിയിരുന്നു. ഐ.പി.എല്‍ ചരിത്രത്തിലെ കൊല്‍ക്കത്തയുടെ മൂന്നാം കിരീടനേട്ടമാണിത്.
ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 18.3 ഓവറില്‍ 113 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
കൊല്‍ക്കത്തയുടെ കിരീടനേട്ടത്തിന് പിന്നില്‍ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍ വഹിച്ച പങ്കിനെ പ്രശംസിച്ചിരിക്കുകയാണ് കൊല്‍ക്കത്ത സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി.
‘ഈ വിജയത്തിന് പിന്നാലെ എനിക്ക് അഭിഷേക് നായരെ അഭിനന്ദിക്കാന്‍ ആഗ്രഹമുണ്ട്. ഞങ്ങളുടെ മൂന്നാം കിരീട നേട്ടത്തിന് പിന്നില്‍ പ്രധാന പങ്കുവഹിച്ച ഒരു വ്യക്തിയാണ് അദ്ദേഹം. സീസണില്‍ ഉടനീളം അദ്ദേഹം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. കൊല്‍ക്കത്തയുടെ തിരശീലയ്ക്ക് പിന്നിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ക്രെഡിറ്റ് ലഭിക്കുന്നില്ല. എന്നാല്‍ നമ്മള്‍ അണ്‍സങ് ഹീറോസിനെ കുറിച്ച് സംസാരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്,’ വരുണ്‍ ചക്രവര്‍ത്തി മത്സരശേഷം പറഞ്ഞു.
26 പന്തില്‍ പുറത്താവാതെ 52 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യരുടെ തകര്‍പ്പന്‍ പ്രകടനമാണ് കൊല്‍ക്കത്തയെ വിജയത്തില്‍ എത്തിച്ചത്. നാല് ഫോറുകളും മൂന്ന് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. റഹ്‌മാനുള്ള ഗുര്‍ബാസ് 32 പന്തില്‍ 39 റണ്‍സും നേടി ജയത്തില്‍ നിര്‍ണായകമായി.