ഡിസംബര്‍ അഞ്ചിന് മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഗ്രൂപ്പ് ഇയില്‍ നാഗാലാന്‍ഡിനെതിരെ തമിഴ്‌നാടിന് വമ്പന്‍ വിജയം. മത്സരത്തില്‍ ടോസ് നേടിയ തമിഴ്‌നാട് നാഗാലാന്‍ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 19 ഓവര്‍ നാല് ബോള്‍ പിന്നിട്ടപ്പോഴേക്കും നാഗാലാന്‍ഡ് 69 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്‌നാട് 7.5 ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 73 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
തമിഴ്‌നാടിന് വേണ്ടി ഓപ്പണ്‍ ചെയ്ത സായി കിഷോര്‍ 25 പന്തില്‍ 37 റണ്‍സും നരയന്‍ ജഗദീശന്‍ 22 പന്തില്‍ 30 റണ്‍സും നേടി പുറത്താക്കാതെ തമിഴ്‌നാടിനെ വിജയത്തിലെത്തിക്കുകയായിരുന്നു. മത്സരത്തില്‍ തമിഴ്‌നാടിന്റെ വരുണ്‍ ചക്രവര്‍ത്തി നാഗാലാന്‍ഡ് ബാറ്റിങ് നിരയെ തന്റെ സ്പിന്‍ മാന്ത്രികത കൊണ്ട് തകര്‍ത്തെറിയുകയായിരുന്നു. വരുണ്‍ ചക്രവര്‍ത്തിയുടെ ഐതിഹാസിക സ്പിന്‍ ബോളിങ്ങില്‍ ആണ് നാഗാലാന്‍ഡിനെ മുട്ടുകുത്തിച്ചത്.
വരുണ്‍ തന്റെ അഞ്ച് ഓവര്‍ സ്‌പെല്ലില്‍ 9 റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. മൂന്ന് മെയ്ഡന്‍ ഓവറുകള്‍ അടങ്ങുന്നതായിരുന്നു വരുണിന്റെ തകര്‍പ്പന്‍ പ്രകടനം. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ തന്റെ രണ്ടാമത്തെ ഫൈഫറാണ് താരം സ്വന്തമാക്കിയത്. വരുണിനൊപ്പം സായി കിഷോര്‍ 5.4 ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റും സ്വന്തമാക്കി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടിയാണ് സായി കിഷോര്‍ കളിക്കുന്നത്. സന്ദീപ് വാര്യര്‍ക്കും നടരാജനും ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കാനും കഴിഞ്ഞു.
ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിക്കുന്ന ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ഭാവിയില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച ഫോം പുറത്തെടുക്കും എന്നത് ഉറപ്പാണ്.
തുടക്കത്തില്‍ തന്നെ സന്ദീപ് വാര്യരും ടി. നടരാജനും നാഗാലാന്‍ഡ് ഓപ്പണര്‍മാരെ ആദ്യ പവര്‍ പ്ലേയില്‍ പിഴുതപ്പോള്‍ തമിഴ്‌നാട് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് വരുണ്‍ ചക്രവര്‍ത്തിയെ കൊണ്ടുവന്നു. പിന്നീടങ്ങോട്ട് നാഗാലാന്‍ഡ് ബാറ്റിങ് അടിമുടി വിറക്കുകയിരുന്നു. ജോഷ്വ ഒസുകും 25 പന്തില്‍ 13 റണ്‍സും സുമിത് കുമാര്‍ 20 റണ്‍സും മാത്രമാണ് നാഗാലാന്‍ഡിന് നേടിക്കൊടുത്തത്. മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല.
ഇതോടെ ഗ്രൂപ്പ് ഇയില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് തമിഴ്‌നാട്, ഒന്നാമത് ബംഗാളും. ഇരുവരും ആറ് കളിയില്‍ അഞ്ച് വിജയം സ്വന്തമാക്കിയെങ്കിലും 2.100 നെറ്റ് റണ്‍ റേറ്റില്‍ ബംഗാള്‍ ആണ് മുന്നില്‍. തമിഴ്‌നാടിന് 0.944 നെറ്റ് റണ്‍ റേറ്റ് ആണ് ഉള്ളത്.
Content Highlight: Varun Chakaravarthy was brilliant for Tamil Nadu’s victory in the Vijay Hazare Trophy