വര്‍ത്തമാനം സിനിമ കണ്ടിറങ്ങിയ ശേഷം ആദ്യം ചിന്തിച്ച കാര്യം, എന്തുകൊണ്ട് ഈ സിനിമ ബാന്‍ ചെയ്യപ്പെട്ടില്ല, എന്തുകൊണ്ട് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട ചിത്രത്തിന് വീണ്ടും അനുമതി ലഭിച്ചു, എന്തുകൊണ്ട് ആദ്യ ദിവസം തന്നെ ചിത്രം മുടക്കണമെന്ന് പറഞ്ഞ് സംഘപരിവാര്‍ പ്രതിഷേധങ്ങള്‍ തിയേറ്ററുകള്‍ക്ക് മുന്‍പിലുണ്ടായില്ല എന്നായിരുന്നു.
ഒരു സിനിമ നമ്മുടെ രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സംസാരിച്ചാല്‍, ആ സര്‍ക്കാരിന്റെ പാര്‍ട്ടിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളെയോ ആളുകളെയോ ചെറുതായെങ്കിലും പിന്തുണച്ചാല്‍, സിനിമയുടെ പേരോ ഒരു സീനോ ഫണ്ടമെന്റലിസ്റ്റുകളെ അലോസരപ്പെടുത്തിയാല്‍ ആ സിനിമ നിരോധിക്കപ്പെടാത്തത് എന്തേയെന്ന് ചിന്തിക്കുന്ന തരത്തിലേക്ക് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ ബോധ്യങ്ങള്‍ മാറിയതിനെ കുറിച്ചാണ് വര്‍ത്തമാനം എന്ന സിനിമ സംസാരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ സര്‍ക്കാരും പൊലീസും സംഘപരിവാറും നടത്തുന്ന സാമാന്യബുദ്ധിക്ക് നിരക്കാത്ത വിദ്വേഷപരമായ നീക്കങ്ങളോട് സമൂഹം എന്ന നിലയില്‍ നമ്മള്‍ പുലര്‍ത്തുന്ന നിസംഗതയെയാണ് വര്‍ത്തമാനം ചോദ്യം ചെയ്യുന്നത്.
2014ല്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലേറിയത് മുതല്‍ രാജ്യത്ത് നടന്ന നിരവധി സംഭവങ്ങളെ, കേന്ദ്ര സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അതിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കുകയാണ് ആര്യാടന്‍ ഷൗക്കത്തിന്റെ തിരക്കഥയില്‍ സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത വര്‍ത്തമാനം.
ജെ.എന്‍.യുവില്‍ ദേശദ്രോഹ മുദ്രാവാക്യം വിളിച്ചുവെന്ന വ്യാജ വീഡിയോ, പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, മുസ്‌ലിം വിരുദ്ധത, ദേശദ്രോഹി ചാപ്പകള്‍, പൊലീസ് ക്രൂരത, യൂണിവേഴ്‌സിറ്റിയില്‍ നിന്നും ദളിതരെ പുറത്താക്കുന്ന സിസ്റ്റമിക് മാറ്റങ്ങള്‍, വിദ്യാര്‍ത്ഥി സംഘടനകളിലൂടെ പൊലീസിലൂടെ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ സംഘപരിവാര്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍, കലാപ്രവര്‍ത്തനങ്ങളോട് വരെ അവര്‍ പുലര്‍ത്തുന്ന അസഹിഷ്ണുത, ഗൗരി ലങ്കേഷ് – കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകങ്ങള്‍, നോട്ട് നിരോധനം ഇതെല്ലാം ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. അതുപോലെ തന്നെ മുസ്‌ലിം സമുദായത്തിലെ മതമൗലികവാദികളോടുള്ള എതിര്‍പ്പും ചിത്രം പറഞ്ഞുവെക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Varthamanam Movie Review-Video