വര്‍ത്തമാനം സിനിമ കണ്ടിറങ്ങിയ ശേഷം ആദ്യം ചിന്തിച്ച കാര്യം, എന്തുകൊണ്ട് ഈ സിനിമ ബാന്‍ ചെയ്യപ്പെട്ടില്ല, എന്തുകൊണ്ട് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട ചിത്രത്തിന് വീണ്ടും അനുമതി ലഭിച്ചു, എന്തുകൊണ്ട് ആദ്യ ദിവസം തന്നെ ചിത്രം മുടക്കണമെന്ന് പറഞ്ഞ് സംഘപരിവാര്‍ പ്രതിഷേധങ്ങള്‍ തിയേറ്ററുകള്‍ക്ക് മുന്‍പിലുണ്ടായില്ല എന്നായിരുന്നു.
ഒരു സിനിമ നമ്മുടെ രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സംസാരിച്ചാല്‍, ആ സര്‍ക്കാരിന്റെ പാര്‍ട്ടിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളെയോ ആളുകളെയോ ചെറുതായെങ്കിലും പിന്തുണച്ചാല്‍, സിനിമയുടെ പേരോ ഒരു സീനോ ഫണ്ടമെന്റലിസ്റ്റുകളെ അലോസരപ്പെടുത്തിയാല്‍ ആ സിനിമ നിരോധിക്കപ്പെടാത്തത് എന്തേയെന്ന് ചിന്തിക്കുന്ന തരത്തിലേക്ക് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ ബോധ്യങ്ങള്‍ മാറിയതിനെ കുറിച്ചാണ് വര്‍ത്തമാനം എന്ന സിനിമ സംസാരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ സര്‍ക്കാരും പൊലീസും സംഘപരിവാറും നടത്തുന്ന സാമാന്യബുദ്ധിക്ക് നിരക്കാത്ത വിദ്വേഷപരമായ നീക്കങ്ങളോട് സമൂഹം എന്ന നിലയില്‍ നമ്മള്‍ പുലര്‍ത്തുന്ന നിസംഗതയെയാണ് വര്‍ത്തമാനം ചോദ്യം ചെയ്യുന്നത്.
2014ല്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലേറിയത് മുതല്‍ രാജ്യത്ത് നടന്ന നിരവധി സംഭവങ്ങളെ, കേന്ദ്ര സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അതിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കുകയാണ് ആര്യാടന്‍ ഷൗക്കത്തിന്റെ തിരക്കഥയില്‍ സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത വര്‍ത്തമാനം. ജെ.എന്‍.യുവില്‍ ദേശദ്രോഹ മുദ്രാവാക്യം വിളിച്ചുവെന്ന വ്യാജ വീഡിയോ, പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, മുസ്‌ലിം വിരുദ്ധത, ദേശദ്രോഹി ചാപ്പകള്‍, പൊലീസ് ക്രൂരത, യൂണിവേഴ്‌സിറ്റിയില്‍ നിന്നും ദളിതരെ പുറത്താക്കുന്ന സിസ്റ്റമിക് മാറ്റങ്ങള്‍, വിദ്യാര്‍ത്ഥി സംഘടനകളിലൂടെ പൊലീസിലൂടെ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ സംഘപരിവാര്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍, കലാപ്രവര്‍ത്തനങ്ങളോട് വരെ അവര്‍ പുലര്‍ത്തുന്ന അസഹിഷ്ണുത, ഗൗരി ലങ്കേഷ് – കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകങ്ങള്‍, നോട്ട് നിരോധനം ഇതെല്ലാം ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. അതുപോലെ തന്നെ മുസ്‌ലിം സമുദായത്തിലെ മതമൗലികവാദികളോടുള്ള എതിര്‍പ്പും ചിത്രം പറഞ്ഞുവെക്കുന്നുണ്ട്.
പാര്‍വതി അവതരിപ്പിച്ച ഫൈസ സൂഫിയ എന്ന കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥി കേന്ദ്ര സര്‍വകലാശാലയില്‍ റിസര്‍ച്ചിനായെത്തുന്നതും തുടര്‍ന്ന് അവളുടെ ജീവിതത്തില്‍ നടക്കുന്ന അപ്രതീക്ഷിതമായ, സത്യം പറഞ്ഞാല്‍ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വളരെ പ്രെഡിക്ടബിളായ കാര്യങ്ങളിലൂടെയാണ് വര്‍ത്തമാനം കഥ പറയുന്നത്. നേരത്തെ പറഞ്ഞ സംഭവങ്ങളെല്ലാം ഒന്നൊന്നായി ഫൈസ കണ്ടുമുട്ടുന്ന ആളുകളിലൂടെ സന്ദര്‍ഭങ്ങളിലൂടെ സംഭവിക്കുന്നു.
ഫാസിസത്തെ എതിര്‍ക്കുന്നവരെല്ലാം ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയും വര്‍ത്തമാനം കൃത്യമായി പറയുന്നുണ്ട്. യൂണിവേഴ്‌സിറ്റിയില്‍ ഇടത് – കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനകള്‍ ചേര്‍ന്ന് ഫാസിസ്റ്റ് വിരുദ്ധ മുന്നണി രൂപീകരിക്കുന്നതിലൂടെയാണ് സിനിമ ഇക്കാര്യം പറഞ്ഞുവെക്കുന്നത്. കോണ്‍ഗ്രസിന്റെ മതേതര പാരമ്പര്യവും അഹിംസയും ചിത്രത്തില്‍ കടന്നുവരുന്നുണ്ട്.
ഇക്കാര്യങ്ങളെല്ലാം സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ ചിത്രം ആവര്‍ത്തിച്ചു പറയുകയാണ്. ഇത്രയും ഇവന്റുകള്‍ പറയാന്‍ ശ്രമിക്കുന്നതുകൊണ്ടു പലപ്പോഴും കഥയുടെ രസച്ചരടില്‍ സിനിമ പുറത്തുപോകുന്നതായി തോന്നാം. സിനിമ കാണുന്ന സമയത്ത് ഈ ഓരോ സംഭവങ്ങളും കടന്നുവരുകയും അതേ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത് ആവര്‍ത്തന വിരസത സൃഷ്ടിച്ചിരുന്നു. ഡയലോഗുകളിലെയും ചരിത്രസംഭവങ്ങള്‍ വിവരിക്കുന്ന സീനുകളിലെയും നാടകീകയത ചിത്രത്തിന് ഒരു സെമിനാര്‍ ക്ലാസിലിരിക്കുന്ന പ്രതീതി പലപ്പോഴും സൃഷ്ടിക്കുന്നുണ്ട്.
പക്ഷെ നാളുകളായി ഇക്കാര്യങ്ങളെല്ലാം നിരന്തരം ചുറ്റും സംഭവിച്ചിട്ടും അതിനോടൊന്നും ആവശ്യമായ രീതിയില്‍ പ്രതികരിക്കാന്‍ കഴിയാത്ത ഒരു സമൂഹത്തിനോട് ഏറ്റവും കൃത്യമായ ഭാഷയില്‍ ഇത് ആവര്‍ത്തിച്ച് പറയേണ്ടതുണ്ടെന്ന് വര്‍ത്തമാനത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചിന്തിച്ചിരിക്കണം.
പലപ്പോഴും ഫാസിസ്റ്റ് വിരുദ്ധത പ്രമേയമായ ചിത്രങ്ങളില്‍, ഫാസിസ്റ്റുകളെയും സംഘപരിവാറിനെയുമൊക്കെ നേരിട്ട് അഭിസംബോധന ചെയ്യാതെ കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നതായി കാണാം. എന്നാല്‍ വര്‍ത്തമാനത്തില്‍ തിരക്കഥാകൃത്തോ സംവിധായകനോ അങ്ങനെയൊരു ശ്രമമേ നടത്തിയിട്ടില്ല. എതിര്‍ക്കപ്പെടേണ്ടതും എതിര്‍ക്കേണ്ടതും ആരെയാണെന്നും ആരാണ് ഫാസിസ്റ്റുകളെന്നും ചിത്രം കൃത്യമായി പറയുന്നുണ്ട്. ഇന്നത്തെ ഇന്ത്യയില്‍ വര്‍ത്തമാനത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അതിനുള്ള ധൈര്യം കാണിച്ചുവെന്നത് നമുക്ക് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. മലയാളത്തിലെ ഫാസിസ്റ്റ് വിരുദ്ധ ചിത്രങ്ങളുടെ മുന്‍പന്തിയില്‍ തന്നെ ഈ ചിത്രമുണ്ടാകുമെന്ന് ഉറപ്പാണ്.
സിനിമ പല തവണ ആവര്‍ത്തിച്ചു പറയുന്ന പല കാര്യങ്ങളേക്കാളും മനസ്സില്‍ നില്‍ക്കുന്ന ചില കാര്യങ്ങള്‍ അല്ലെങ്കില്‍ ചില സീനുകളുണ്ട് വര്‍ത്തമാനത്തില്‍,
അബ്ദുറഹിമാന്‍ സാഹിബിന്റെ ജീവിതത്തെ കുറിച്ച് ഗവേഷണം ചെയ്യാനെത്തുന്ന ഫൈസയുടെ ജീവിതത്തില്‍ അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് കാണാം. സ്വന്തം സമുദായത്തിലെ തീവ്ര മതമൗലികവാദികളോടും ബ്രിട്ടീഷിനോടും ഒരുപോലെ പോരാടിയ അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില അടരുകള്‍ തന്നെയാണ് പല ഘട്ടങ്ങളിലായി ഫൈസയുടെ ജീവിതത്തിലും സംഭവിക്കുന്നത്.
ഫൈസയുടെ ഉപ്പൂപ്പ സ്വാതന്ത്ര്യസമര സേനാനിയെന്ന ഐഡിന്റിറ്റി കാര്‍ഡ് മേശവലിപ്പില്‍ നിന്നും പൊടിതട്ടിയെടുക്കുന്ന ഒരു സീനുണ്ട്. ഇന്നത്തെ ഇന്ത്യയില്‍ ഒരു മുസ്‌ലിമിന് താന്‍ ദേശസ്‌നേഹിയാണെന്നും പൗരനാണെന്നും തെളിയിക്കാന്‍ രേഖകള്‍ ആവശ്യമാണെന്ന് ഈ രംഗം കാണിച്ചുതരുന്നുണ്ട്.
ഉപ്പൂപ്പയെയും ഫൈസയെയും പൊലീസുകാര്‍ ബൂട്ടുകൊണ്ട് ആഞ്ഞു ചവിട്ടുന്ന രണ്ട് സീനുകളുണ്ട്. ബ്രിട്ടീഷ് ഇന്ത്യയുടെ തിരിച്ചുവരവാണ് രാജ്യത്ത് സംഭവിക്കുന്നതെന്നും വിദേശികളല്ല സ്വന്തം സര്‍ക്കാര്‍ തന്നെയാണ് ജനങ്ങളെ അടിമകളാക്കുന്നതെന്നും ഈ രംഗത്തിലുണ്ട്.
ദേശദ്രോഹിയായി ഒരാള്‍ മുദ്ര കുത്തപ്പെടുമ്പോള്‍ അയാളും കുടുംബവും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും ഇത്ര നാളും ജീവിച്ച ജീവിതവും വിശ്വാസങ്ങളുമെല്ലാം കണ്‍മുന്നില്‍ തകര്‍ന്നടിയുന്നതും ചുരുക്കം ചില സീനുകളിലൂടെ വളരെ ചെറിയ ഡയലോഗുകളിലൂടെ നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള നോട്ടങ്ങളിലൂടെ ചിത്രം പറയുന്നുണ്ട്.
ഇടത് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായ റോഷന്‍ മാത്യു ചെയ്ത അമലും ഫൈസയും ഇടതിനെ കുറിച്ചും കോണ്‍ഗ്രസിനെ കുറിച്ചും പരസ്പരം വിമര്‍ശനം ഉന്നയിച്ചുകൊണ്ട് ചര്‍ച്ച ചെയ്യുന്നതും ഇന്ത്യയുടെ സാമ്പത്തികസ്ഥിതി ഭദ്രമാണെന്ന് അഭിപ്രായമുള്ള ഒരാളുമായി അമല്‍ തര്‍ക്കിക്കുന്നതും ചര്‍ച്ചകള്‍ക്കുള്ള സ്‌പേസ് ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്നുണ്ട്.
രോഹിത് വെമുലയെ ഓര്‍മ്മിപ്പിക്കുന്ന രോഹന്‍ എന്ന കഥാപാത്രം ചിത്രത്തില്‍ വരുന്നുണ്ട്, അയാളുടെ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെ വര്‍ത്തമാനം വരച്ചുകാണിക്കുന്നു. വര്‍ത്തമാനം കണ്ടുകൊണ്ടിരുന്ന സമയം മുഴുവന്‍ രോഹിത് ആത്മഹത്യയിലേക്ക് നീങ്ങുന്നതിനെ കുറിച്ചുള്ള ടെന്‍ഷന്‍ ഓരോ പ്രേക്ഷകനും അനുഭവിക്കുന്നുണ്ട്.
വര്‍ത്തമാനത്തിന് ശേഷം മനസ്സില്‍ നിന്ന, എന്തായിരിക്കും ആ കഥാപാത്രത്തിന്റെ ജീവിതത്തില്‍ സംഭവിച്ചിരിക്കുക എന്ന് അറിയാന്‍ ആഗ്രഹം തോന്നുന്ന കഥാപാത്രം ഫൈസയുടെ റൂം മേറ്റായ നിശ്ചയദാര്‍ഢ്യമുള്ള തുല്‍സ എന്ന പെണ്‍കുട്ടിയാണ്. മികച്ച അഭിനയമാണ് തുല്‍സയായി എത്തിയ നടി കാഴച വെച്ചിരിക്കുന്നതും.
ഉത്തരാഖണ്ഡിലെ ഉള്‍ഗ്രാമങ്ങളില്‍ നിന്നും എത്തിയ തുല്‍സയുടെ കഥയിലൂടെ രാജ്യത്തെ ദളിത് വിരുദ്ധതയുടെ പ്രത്യാഘാതങ്ങള്‍ ചിത്രം പറയുന്നുണ്ട്. തുല്‍സയുടെ വീട്ടിലേക്കുള്ള യാത്ര വര്‍ത്തമാനത്തിലെ ഏറ്റവും ഇന്‍ട്രസ്റ്റിംഗായ ഭാഗങ്ങളിലൊന്നാണ്. ഇന്ത്യയിലെ വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം എത്രത്തോളം ഭീകരമാണെന്ന് ഈ സീനിലുണ്ട്. മാത്രമല്ല കേന്ദ്ര സര്‍വകലാശാലകളില്‍ പഠിച്ച മലയാളികള്‍ക്ക് തങ്ങളുടെ യൂണിവേഴ്‌സിറ്റി കാലത്തിന്റെ ഓര്‍മ്മ സമ്മാനിക്കുന്നത് തുല്‍സയാണ്.
പിന്നെ ചിത്രത്തില്‍ റിലാക്‌സിംഗ് അല്ലെങ്കില്‍ തമാശകള്‍ പറയാനായി എത്തിയിരിക്കുകയാണോ എന്ന് ഇടക്കെങ്കിലും തോന്നിപ്പിക്കുമെങ്കിലും നിര്‍മല്‍ പാലാഴി, ഡെയ്ന്‍ ഡേവിസ് എന്നിവര്‍ തങ്ങളുടെ ഭാഗങ്ങള്‍ നാച്ചുറല്‍ ഫ്‌ളോയില്‍ ചെയ്തിട്ടുണ്ട്.
പൊളിറ്റിക്കലായി ഇത്രയും ക്ലാരിറ്റിയുള്ള വര്‍ത്തമാനം പോലുള്ള സിനിമകള്‍ ഇനി എത്ര നാള്‍ കൂടി നമ്മുടെ തിയേറ്ററുകളിലിറങ്ങുമെന്ന് ഒരു ഉറപ്പുമില്ല, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ വരെ വരച്ച വരയില്‍ നിര്‍ത്താനുള്ള നിയമങ്ങള്‍ വന്നുകഴിഞ്ഞു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സര്‍ട്ടിഫിക്കേഷന്‍ സെന്‍സര്‍ ബോര്‍ഡ് മാത്രമായി മാറാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇനി തങ്ങള്‍ പറയും പോലെയുള്ള സിനിമകള്‍ മാത്രം എടുത്താല്‍ മതിയെന്നോ പ്രീ സെന്‍സെര്‍ഷിപ്പ് വേണമെന്നോ ആവശ്യപ്പെടുന്ന നിയമം വരുന്ന കാലം അത്രക്കൊരു ഉട്ടോപ്യയുമല്ല. അതുകൊണ്ട് വര്‍ത്തമാനത്തെ കുറിച്ച് നമ്മള്‍ ഇപ്പോള്‍ തന്നെ വര്‍ത്തമാനം പറഞ്ഞുതുടങ്ങേണ്ടതുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Varthamanam Malayalam Movie Review-Parvathy, Roshan Mathew, Siddhartha Siva