Varthamanam Malayalam Film Review : വര്‍ത്തമാന ഇന്ത്യയെ ധൈര്യസമേതം വരച്ചുകാണിക്കുന്ന 'വര്‍ത്തമാനം'
Film Review
Varthamanam Malayalam Film Review : വര്‍ത്തമാന ഇന്ത്യയെ ധൈര്യസമേതം വരച്ചുകാണിക്കുന്ന 'വര്‍ത്തമാനം'
അശ്വിന്‍ രാജ്
Friday, 12th March 2021, 7:46 pm

Varthamanam Malayalam Film Review : ഒരു സിനിമയ്ക്ക് നിങ്ങളുടെ ജീവിത്തില്‍ എത്രത്തോളം പ്രാധാന്യം ഉണ്ടാവും ? ആ സിനിമയുടെ കഥയ്ക്കും അവതരണ രീതിയ്ക്കും നമ്മളോട് സംവദിക്കുന്ന രീതികള്‍ക്കും അനുസരിച്ച് ആ സിനിമയ്ക്ക് നിങ്ങള്‍ നല്‍കുന്ന പ്രാധാന്യത്തിന് വ്യത്യാസം ഉണ്ടാവും.

അതേസമയം ഇതേ സിനിമ നമ്മുടെ നിത്യജീവിതത്തില്‍ നേരിട്ടും പറഞ്ഞും അറിയാവുന്ന പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന സിനിമയാണെങ്കിലോ ? ആ സിനിമയുടെ പ്രാധാന്യം വീണ്ടും വ്യത്യസ്തപ്പെടും.

പേര് സൂചിപ്പിക്കുന്ന പോലെ തന്നെ വര്‍ത്തമാന ഇന്ത്യയിലെ സാഹചര്യങ്ങളെയും സംഭവങ്ങളെയും ഒട്ടും അതിശയോക്തി കലരാതെ മികച്ച രീതിയില്‍ അവതരിപ്പിച്ച സിനിമയാണ് വര്‍ത്തമാനം.

പാര്‍വതി തിരുവോത്ത്, റോഷന്‍ മാത്യു, സിദ്ദീഖ്, സഞ്ചു ശിവറാം, ഡെയ്ന്‍ ഡെവിസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തില്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ആര്യാടന്‍ ഷൗക്കത്ത് തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ത്ഥ ശിവയാണ്.

റിലീസിന് മുമ്പ് തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ച സിനിമയായിരുന്നു വര്‍ത്തമാനം. ചിത്രത്തിന്റെ കഥ ആര്യാടന്‍ ഷൗക്കത്ത് എന്ന മുസ്‌ലിമിന്റെയാണെന്നും അത് കൊണ്ട് തന്നെ ചിത്രം ദേശവിരുദ്ധമാണെന്നും പറഞ്ഞ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡിലെ അംഗമായ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ തന്നെ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

സംഘപരിവാറിനെ ചൊടിപ്പിച്ച അതേരാഷ്ട്രീയം തന്നെയാണ് ചിത്രം പ്രേക്ഷകനുമായി പങ്കുവെയ്ക്കുന്നത്. 2014 മുതല്‍ ഇന്ത്യയില്‍ നടക്കുന്ന വിവിധ സംഭവങ്ങളെ ചിത്രം അവതരിപ്പിക്കുന്നുണ്ട്. രാജ്യത്തെ ദളിതരും ന്യൂനപക്ഷ വിഭാഗവും നേരിടുന്ന അതിക്രമങ്ങള്‍ക്കും ദ്രോഹങ്ങള്‍ക്കുമെതിരെ ഇന്ത്യയിലെ സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള പ്രതിഷേധമായിരുന്നു ഉയര്‍ന്നത്.

ഈ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റ കഥ നടക്കുന്നത്. രാജ്യം ചര്‍ച്ച ചെയ്തിരുന്ന, ചെയ്തുകൊണ്ടിരിക്കുന്ന സംഭവങ്ങളും വിഷയങ്ങളും ചിത്രത്തില്‍ കൊണ്ടുവരുന്നുണ്ട്. ദല്‍ഹിയിലെ ഒരു യുണിവേഴ്‌സിറ്റിയില്‍ സ്വാതന്ത്ര്യസമര സേനാനി അബ്ദുള്‍ റഹ്മാന്‍ സാഹിബിനെ കുറിച്ച് ഗവേഷണത്തിന് എത്തുന്ന ഫൈസ സൂഫിയ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് ചിത്രം വികസിക്കുന്നത്.

ഫൈസയുടെ ഗൈഡ് പ്രൊഫ. പൊതുവാളില്‍ നിന്ന് അമല്‍ എന്ന കോളേജ് യൂണിയന്‍ ചെയര്‍മാനെയും മറ്റ് സുഹൃത്തുക്കളെയും പരിചയപ്പെടുകയും അവരുടെ സുഹൃത്തായി ഫൈസ മാറുകയും ചെയ്യുന്നു.

പിന്നീട് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട സമരത്തിന്റെയും പ്രതിഷേധത്തിന്റെയും നേതൃനിരയിലേക്ക് ഫൈസ എത്തിപ്പെടുകയാണ്. രോഹിത് വെമൂല, നോട്ട് നിരോധനം , പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകം, മുസ്‌ലിങ്ങള്‍ക്ക് നേരെയുള്ള അതിക്രമം, മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം തുടങ്ങിയവയെല്ലാം ചിത്രത്തില്‍ വിഷയമാകുന്നുണ്ട്.

കൂടാതെ മുസ്‌ലിം വിഭാഗത്തിലെ തീവ്ര മതമൗലികവാദികള്‍ക്കെതിരെയും ചിത്രം സംസാരിക്കുന്നുണ്ട്. പുതിയ കാലഘട്ടത്തിലെ ഹിന്ദു – മുസ്‌ലിം വിഭജനത്തിന്റെ ആവശ്യക്കാരെ ധൈര്യസമേതം ചിത്രം തുറന്നു കാണിക്കുന്നുണ്ട്.

സിനിമയുടെ അവസാന ഭാഗത്ത് കാണുന്ന പ്രേക്ഷകരോട് കൂടി ചോദ്യം ഉറക്കെ ചോദിച്ചാണ് ചിത്രം അവസാനിക്കുന്നത്. നിങ്ങള്‍ക്കിനിയും നിശബ്ദരായിരിക്കാന്‍ കഴിയുമോ എന്നാണ് ആ ചോദ്യം.

തങ്ങള്‍ക്ക് നേരെ ഉയരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ഭരണകൂടവും അവര്‍ പിന്തുണയ്ക്കുന്ന ആശയത്തിന്റെ വക്താക്കളും രാജ്യത്ത് ചെയ്ത് കൂട്ടുന്ന കാര്യങ്ങള്‍ ഇത്ര ധൈര്യസമേതം മറ്റേതെങ്കിലും ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ടോ എന്നത് സംശയമാണ്.

ഈ ചിത്രത്തിന് നേരിട്ട പോലെ സെന്‍സറിംഗ് നടത്തുന്ന ഭരണകൂടത്തിനെതിരെ ഇനി ഇത്തരത്തില്‍ ഒരു ചിത്രം സാധ്യമാണോ എന്നതും സംശയമാണ്.

ഫൈസ സൂഫിയ എന്ന കോഴിക്കോട് മുക്കം സ്വദേശിയായ മുസ്‌ലിം പെണ്‍കുട്ടിയായി പാര്‍വതി ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. കൂടെ ചിത്രത്തിലെ തുല്‍സ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പെണ്‍കുട്ടിയും അതിമനോഹരമായി തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു.

റോഷന്‍ മാത്യു ഒരോ സിനിമ കഴിയുമ്പോളും താന്‍ മികച്ച ഒരു നടനാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. യൂണിയന്‍ ചെയര്‍മാന്‍ ആയ അമല്‍ ആയി മികച്ച പ്രകടനാണ് താരം കാഴ്ച്ചവെച്ചത്. സിദ്ദീഖ്, സഞ്ചു ശിവറാം, ഡെയ്ന്‍ ഡേവിസ് തുടങ്ങിയവരും തങ്ങളുടെ റോളുകള്‍ മനോഹരമാക്കി. സിനിമയില്‍ ബി.വി.പി പ്രവര്‍ത്തകരായി എത്തുന്ന നടി നടന്മാരും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.

ഒരിത്തിരി ശ്രദ്ധ പാളിയാല്‍ ഡോക്യുഫിക്ഷന്‍ ലെവലിലേക്ക് പോകുമായിരുന്ന ചിത്രത്തെ മനോഹരമായി അവതരിപ്പിക്കാന്‍ സിദ്ധാര്‍ത്ഥ ശിവ എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ചിത്രത്തിലെ മറ്റ് ഘടകങ്ങളിലേക്ക് വരികയാണെങ്കില്‍ അഴഗപ്പനാണ് ക്യാമറ, ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൂടെയുള്ള യാത്രയുടെ മനോഹരമായ ദൃശ്യങ്ങള്‍ അഴഗപ്പന്റെ ക്യാമറയിലൂടെ കാണിച്ചുതരുന്നുണ്ട്.

 

ചിത്രത്തിന്റെ നട്ടെല്ല് തിരക്കഥ തന്നെയാണ്. തന്റെ രാഷ്ട്രീയവും നിരീക്ഷണവും കൃത്യമായി കാണിക്കാന്‍ കഥാകാരന് ആയിട്ടുണ്ട്. വര്‍ത്തമാനം പോലെയുള്ള ചിത്രങ്ങള്‍ സമകാലീന ഇന്ത്യയില്‍ എത്രത്തോളം വരുമെന്ന് അറിയില്ല. എങ്കിലും ഇത്തരം ചിത്രങ്ങള്‍ ഇനിയും ധാരാളം ഉണ്ടാവേണ്ടതുണ്ട്.

ഫാസിസം അടുക്കളപ്പുറത്ത് എത്തുമ്പോള്‍ നിശബ്ദരായി ഇരിക്കാതെ തങ്ങള്‍ക്ക് അറിയാവുന്ന മാര്‍ഗങ്ങളിലൂടെ പ്രതികരിക്കേണ്ടത് ഒരോ മനുഷ്യന്റെയും കടമയാണ്. സിനിമ എന്ന മാധ്യമത്തിലൂടെ വര്‍ത്തമാനം ടീം ചെയ്യുന്നതും ഇതാണ്.

Content Highlights: Varthamanam Malayalam Film Review :’Varthamanam’ boldly depicts present day India

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.