| Sunday, 27th December 2020, 11:05 pm

തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത്: ആര്യാടന്‍ ഷൗക്കത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ പാര്‍വതി നായികയായെത്തുന്ന വര്‍ത്തമാനം എന്ന ചിത്രത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതികരണവുമായി തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത്.

തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നതെന്ന് ഷൗക്കത്ത് ചോദിച്ചു. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദല്‍ഹി ക്യാംപസിലെ വിദ്യാര്‍ത്ഥി സമരത്തെകുറിച്ച് പറഞ്ഞാല്‍, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല്‍ എങ്ങിനെയാണ് അത് ദേശവിരുദ്ധമാവുകയെന്നും അദ്ദേഹം ചോദിച്ചു.

ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് അനുമതി നിഷേധിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെ.എന്‍.യു, കശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്നതും പ്രദര്‍ശനം തടയാന്‍ കാരണമായെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കൂടുതല്‍ പരിശോധനക്കായി ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണെന്നാണ് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിട്ടുള്ളത്. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ തീരുമാനമെടുക്കും വരെ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ല.

അതേസമയം ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചതായുള്ള അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് നിര്‍മ്മാതാക്കളില്‍ ഒരാള്‍ അറിയിച്ചതായി 24ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍വതി തിരുവോത്തിനെ കൂടാതെ റോഷന്‍ മാത്യുവും സിദ്ദീഖുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജിപാല്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത് അളഗപ്പന്‍ നാരായണനാണ്. ആര്യാടന്‍ നാസര്‍, ബെന്‍സി നാസര്‍ എന്നിവരാണ് വര്‍ത്തമാനം നിര്‍മ്മിക്കുന്നത്.

ആര്യാടന്‍ ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഡല്‍ഹി ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥി സമരത്തെകുറിച്ച പറഞ്ഞാല്‍, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല്‍ എങ്ങിനെയാണ് അത് ദേശവിരുദ്ധമാവുക. സെന്‍സര്‍ ബോര്‍ഡ് അംഗം ബി.ജെ.പി നേതാവ് അഡ്വ. വി. സന്ദീപ്കുമാറിന്റെ ട്വീറ്റില്‍ എല്ലാമുണ്ട്.

ജെഎന്‍.യു സമരത്തിലെ ദലിത്, മുസ്ലീം പീഢനമായിരുന്നു വിഷയമെന്നും താന്‍ സിനിമയെ എതിര്‍ത്തതിന് കാരണം സിനിമയുടെ തിരക്കഥാകൃത്തും നിര്‍മ്മാതാവും ആര്യാടന്‍ ഷൗക്കത്തായിരുന്നുവെന്നുമാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുന്നത്.
ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയിലാണ് നമ്മള്‍ ഇപ്പോഴും ജീവിക്കുന്നത്.

ഒരു സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത് തിരക്കഥാകൃത്തിന്റെ
കുലവും ഗോത്രവും നോക്കിയാണോ ?സാംസ്‌ക്കാരിക രംഗത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ അംഗീകരിക്കാനാവില്ല.


ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Varthamanam Film Controversy Parvathy Aryadan Shoukath Reply

We use cookies to give you the best possible experience. Learn more