|

ഇത് അവരുടെ കഥയല്ലെന്ന് വിനീത്... ടീസര്‍ ഡീകോഡ് ചെയ്ത് കഥാപാത്രങ്ങളെ കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിലൊന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയം എന്ന സൂപ്പര്‍ഹിറ്റിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനുമാണ് ചിത്രത്തിലെ നായകന്മാര്‍. 1970കളില്‍ മദ്രാസില്‍ നടക്കുന്ന കഥയാണ് സിനിമയുടേതെന്ന് അനൗണ്‍സ്‌മെന്റ് സമയത്ത് വിനീത് പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് ഈ സിനിമ മോഹന്‍ലാല്‍-ശ്രീനിവാസന്‍ സൗഹൃദത്തെ ആസ്പദമാക്കിയുള്ളതാണെന്ന് റൂമറുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിനീത് ആ റൂമറുകളെ നിഷേധിക്കുകയും ഇത് രണ്ട് സുഹൃത്തുക്കളുടെ കഥ പറയുന്ന സിനിമയാണെന്നും വിനീത് പറഞ്ഞു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. 1970 കാലഘട്ടവും, സിനിമക്കുള്ളിലെ സിനിമ എന്ന കണ്‍സെപ്റ്റും ടീസറില്‍ പ്രണവ് മോഹന്‍ലാലിന്റെ മാനറിസങ്ങളും സോഷ്യല്‍ മീഡിയയില്‍ ഡീക്കോഡ് ചെയ്യപ്പെടുകയും ഇത് മോഹന്‍ലാല്‍-ശ്രീനിവാസന്‍ സൗഹൃദത്തെ ആസ്പദമാക്കിയുള്ള സിനിമയാണെന്ന് സിനിമാപ്രമികള്‍ വാദിക്കുന്നു. അവര്‍ പറയുന്ന പോയിന്റുകള്‍ ഇവയെല്ലാമാണ്.

ധ്യാന്‍ ശ്രീനിവാസന്റെ കഥാപാത്രം ചിത്രത്തില്‍ കണ്ണൂര്‍ ഭാഷയാണ് സംസാരിക്കുന്നത്. റിയല്‍ ലൈഫില്‍ ശ്രീനിവാസന്‍ കണ്ണൂര്‍കാരനാണ്, കണ്ണൂരില്‍ നിന്ന് സിനിമാമോഹവുമായി മദ്രാസിലെത്തിയ ശ്രീനിവാസനെയാണ് ഈ സിനിമയില്‍ ധ്യാന്‍ അവതരിപ്പിക്കുന്നതെന്ന വാദത്തെ ബലപ്പെടുത്തുന്നതാണിത്. മോഹന്‍ലാലിന്റെ മാനറിസങ്ങളുള്ള പ്രണവിന്റെ കഥാപാത്രം. ടീസറില്‍ പ്രണവിന്റെ ഡയലോഗുകള്‍ക്കും ആക്ഷനുകള്‍ക്കും മോഹന്‍ലാല്‍ ടച്ച് ഉണ്ട്. പോരാത്തതിന് മോഹന്‍ലാലിന്റെ പഴയകാല ലുക്ക് അതുപോലെ പ്രണവിന് ലഭിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ മോനേ എന്ന വിളിയും ഇതില്‍ പ്രണവ് അവതരിപ്പിക്കുന്നുണ്ട്.

വൈ.ജി. മഹേന്ദ്രയുടെ സ്വാമിനാഥന്‍ എന്ന കഥാപാത്രം പ്രണവിന്റെയും ധ്യാനിന്റെയും ഹൗസ് ഓണര്‍ ആണെന്നാണ് സൂചന. പണ്ട് മദ്രാസില്‍ ഉണ്ടായിരുന്ന സ്വാമീസ് ലോഡ്ജിന്റെ ഉടമയായ സ്വാമിനാഥന്‍ തന്നെയാണോ ഈ സ്വാമിനാഥന്‍ എന്നാണ് ചര്‍ച്ച. അതുപോലെ ഷാന്‍ റഹ്‌മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രം പഴയകാല നടന്‍ ശങ്കറിനെ അനുസ്മരിപ്പിക്കുന്നതാണെന്നും ചര്‍ച്ചകളുണ്ട്.

ഇത്തരം ചര്‍ച്ചകള്‍ക്ക് സംവിധായകന്‍ എങ്ങനെ പ്രതികരിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഏപ്രില്‍ 11ന് വിഷു റിലീസായി എത്തുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, നീതാ പിള്ള, ബേസില്‍ ജോസഫ്, അശ്വന്ത് ലാല്‍, അര്‍ജുന്‍ ലാല്‍, നീരജ് മാധവ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. നിവിന്‍ പോളി ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യനാണ് ചിത്രം നിര്‍മിക്കുന്നത്.

Content highlight: Varshangalkku Sesham teaser decoding