| Saturday, 13th April 2024, 4:23 pm

ആവേശവും വര്‍ഷങ്ങള്‍ക്ക് ശേഷവും ഒരു മണിക്കൂറില്‍ വിറ്റ ടിക്കറ്റ് പോലും ഒരുദിവസം നേടാനാകാതെ ജയ് ഗണേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ഞുമ്മല്‍ ബോയ്‌സും, പ്രേമലുവും, ഭ്രമയുഗവും തിയേറ്ററുകളിലും ബുക്ക്‌മൈഷോയിലും ഉണ്ടാക്കിയ ഓളം കെട്ടടങ്ങുന്നതിന് മുന്നേ അതിലും വലിയ ഡോസില്‍ മലയാളസിനിമ കുതിക്കുകയാണ്. ഈദ്-വിഷു സീസണില്‍ പുറത്തിറങ്ങിയ മൂന്ന് സിനിമകളും, രണ്ടാഴ്ച മുന്നേയിറങ്ങിയ ആടുജീവിതവും കഴിഞ്ഞ 24 മണിക്കുര്‍ കൊണ്ട് ബുക്ക്‌മൈഷോയിലൂടെ വിറ്റത് മൂന്നര ലക്ഷത്തിലധികം ടിക്കറ്റുകളാണ്.

കഴിഞ്ഞ 24 മണിക്കൂര്‍ കൊണ്ട് ആവേശം വിറ്റഴിച്ചത് 175000ത്തലിധികം ടിക്കറ്റുകളാണ്. വര്‍ഷങ്ങള്‍ക്കു ശേഷം വിറ്റുപോയത് 146000 ടിക്കറ്റുകളും. ആദ്യ രണ്ട് സ്ഥാനത്തും മലയാളസിനിമകളാണെന്നുള്ളത് അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്. 350 കോടി ബജറ്റില്‍ വന്ന ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ചോട്ടേ മിയാനാണ് മൂന്നാം സ്ഥാനത്ത്. 91000 ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും ആടുജീവിതത്തിനും ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 63000 ടിക്കറ്റുകളാണ് ആടുജീവിതം വിറ്റഴിച്ചത്. ഫെസ്റ്റിവല്‍ സീസണ്‍ ലക്ഷ്യം വെച്ചിറങ്ങിയ രണ്ട് സിനിമകളോടൊപ്പം ഒരു ക്ലാസ് ചിത്രവും പിടിച്ചുനില്‍ക്കുന്ന കാഴ്ച മലയാളം ഇന്‍ഡസ്ട്രിയില്‍ മാത്രമേ കാണാനാകൂ.

എന്നാല്‍ ഈ സിനിമകളോടൊപ്പം പുറത്തിറങ്ങിയ ജയ് ഗണേഷിന്റെ നില പരുങ്ങലിലാണ്. ആവേശവും വര്‍ഷങ്ങള്‍ക്കു ശേഷവും കഴിഞ്ഞ ഒരു മണിക്കൂറില്‍ വിറ്റ ടിക്കറ്റ് മാത്രമാണ് കഴിഞ്ഞ ഒരു ദിവസം കൊണ്ട് ജയ് ഗണേഷ് നേടിയത്.

മറ്റ് ഇന്‍ഡസ്ട്രികളിലെ വന്‍ സിനിമകളെ പിന്തള്ളി മലയാളസിനിമയുടെ അപ്രമാദിത്വമാണ് തിയേറ്ററുകളിലും ബുക്ക്‌മൈഷോയിലും കാണാന്‍ സാധിക്കുന്നത്. ഒരുകാലത്ത് മറ്റ് ഇന്‍ഡസ്ട്രികളുടെ സിനിമകള്‍ നോക്കിയിരുന്ന സിനിമാപ്രേമികള്‍ ഇന്ന് മറ്റുനാട്ടിലുള്ളവരെ മലയാള സിനിമ കാണാന്‍ വേണ്ടി പ്രേരിപ്പിക്കുന്ന തരത്തിലേക്കെത്തിയത് തന്നെയാണ് മലയാളത്തിന്റ വിജയം.

Content Highlight: Varshangalkku Sesham and Aavesham on the top list in Bookmyshow

We use cookies to give you the best possible experience. Learn more