| Tuesday, 13th February 2024, 7:35 pm

'എല്ലാ നാറികളും ഉണ്ടല്ലോ? ഗ്രൂപ്പിസം ഫേവറിസം നെപോട്ടിസം'; വർഷങ്ങൾക്ക് ശേഷം ടീസർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തിലെ ആദ്യ ടീസർ പുറത്തുവന്നിരിക്കുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിലെ യുവ താരനിരയാണ് അണിനിരക്കുന്നത്.

പ്രണവ് മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ താരത്തിന്റെ സുഹൃത്തിന്റെ കഥാപാത്രമാണ് ധ്യാൻ അവതരിപ്പിക്കുന്നതെന്നാണ് ടീസറിലൂടെ വ്യക്തമാകുന്നത്. സിനിമയുമായി ചുറ്റിപ്പറ്റിയുള്ള എൺപതുകളിലെ കഥയാണ് ചിത്രത്തിൽ എന്നാണ് ടീസർ വ്യക്തമാകുന്നത്. രണ്ട് മിനിട്ട് ദൈർഖ്യമുള്ള ടീസർ നിമിഷ നേരംകൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്.

ഹൃദയത്തിന് ശേഷം കല്യാണി പ്രിയദര്‍ശന്‍ വീണ്ടും പ്രണവ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും പുറമെ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്. വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ചിത്രത്തില്‍ നിവിന്‍ പോളി ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.

ചിത്രം 2024 ഏപ്രിൽ 11നാണ് തീയേറ്ററുകളില്‍ എത്തുന്നത്. അന്‍പതിലധികം ലൊക്കേഷനുകളും 132 അഭിനേതാക്കളും ഇരുനൂറ് പേരടങ്ങുന്ന ക്രൂവുമായിരുന്നു സിനിമയുടെ ഷൂട്ടിനുണ്ടായിരുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ഒക്ടോബര്‍ അവസാനമായിരുന്നു. ഹൃദയത്തിന് ശേഷം പ്രണവിനെ നായകനാക്കി വിനീത് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ചിത്രത്തിന് മേല്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് വിശാഖ് സുബ്രമണിയാണ്. മ്യൂസിക് കംപോസ് ചെയ്തത് അമൃത് രാംനാഥ്.

Content Highlight: Varshangalkk shesham teaser out

We use cookies to give you the best possible experience. Learn more