| Thursday, 11th April 2024, 12:37 pm

നിവിന്റെ അഴിഞ്ഞാട്ടം, ധ്യാനിന്റെ അസാധ്യ പ്രകടനം; വർഷങ്ങൾക്ക് ശേഷം ആദ്യ പ്രതികരണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൃദയത്തിനുശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ വർഷങ്ങൾക്ക് ശേഷം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. തൊട്ടതെല്ലാം പൊന്നാക്കിയിട്ടുള്ള സംവിധായകനാണ് വിനീത് ശ്രീനിവാസൻ. ആ പതിവ് തെറ്റിച്ചിട്ടില്ല എന്നാണ് ചിത്രത്തിന്റെ ആദ്യ ഷോ കണ്ടിറങ്ങിയവരുടെ പ്രതികരണം സൂചിപ്പിക്കുന്നത്.

വിനീതിന്റെ ചിത്രം ക്രിഞ്ചാണെന്നൊക്കെ പറഞ്ഞാലും തിയേറ്ററിൽ ആളെ എത്തിക്കാൻ അറിയാം എന്നാണ് ചിലർ പറഞ്ഞത്. ധ്യാൻ – പ്രണവ് കൂട്ടുകെട്ടിന്റെ ഫ്രണ്ട്ഷിപ്പ് സീനുകൾ മികച്ചു നിന്നുവെന്നും സാഹചര്യത്തിനനുസരിച്ച് ബ്ലെൻഡാവുന്ന മ്യൂസിക്കും ചേർന്ന് നിൽക്കുന്നുവെന്നും ചിത്രം ഇമോഷണലി ഒരുപാട് കണക്റ്റ് ആവുന്നുണ്ടെന്നും പ്രേക്ഷകർ പറയുന്നു.

സിനിമ പ്രേമികളും നിവിൻ ആരാധകരും ഒരുപോലെ കാത്തിരുന്ന നിവിൻ പോളിയുടെ ഒരു ഗംഭീര തിരിച്ചുവരവാണ് വർഷങ്ങൾക്കുശേഷം എന്നാണ് എല്ലാവരും പറയുന്നത്. നാളുകളായി ബോക്സ് ഓഫീസിൽ നല്ലൊരു വിജയം ഇല്ലാത്ത നിവിൻ പോളിയുടെ അഴിഞ്ഞാട്ടമാണ് സിനിമയുടെ രണ്ടാം പകുതിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വിനീതുമായി ഒന്നിച്ചപ്പോഴെല്ലാം ഹിറ്റായ ചരിത്രമാണ് നിവിൻ പൊളിക്കുള്ളത്. അതിവിടെയും ആവർത്തിക്കുമെന്നാണ് വിലയിരുത്തുന്നത്.

മികച്ച അഭിപ്രായമാണ് ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും വരുന്നത്. ഹൃദയത്തിനുശേഷം വിനീത് – പ്രണവ് മോഹൻലാൽ കോമ്പോ വീണ്ടും ഒന്നിക്കുന്ന ചിത്രം, കാലങ്ങൾക്ക് ശേഷം നിവിൻ പോളിയും വിനീതും ഒന്നിക്കുന്ന ചിത്രം എന്നീ നിലകളില്ലെല്ലാം ഏറെ പ്രത്യേകത നിറഞ്ഞ സിനിമയാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം എഴുപതുകളിൽ സിനിമ ആഗ്രഹവുമായി തമിഴ്നാട്ടിലെ കോടമ്പാക്കത്തേക്ക് പോവുന്ന രണ്ട് ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്.

ബോക്സ് ഓഫീസിൽ വലിയ വിജയമായ ഹൃദയം പിന്നീട് വളരെ ക്രിഞ്ചായ ചിത്രമാണെന്ന തരത്തിൽ ചില വിമർശനങ്ങൾ ഉയർന്നിരുന്നു. തന്റെ സിനിമകളിൽ ആവർത്തിച്ച് വരുന്ന ചെന്നൈ റഫറൻസുകളുടെ പേരിലും വിനീത് ട്രോൾ ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഹൃദയത്തിന് മുകളിൽ നിൽക്കുന്ന ചിത്രമാണ് വർഷങ്ങൾക്കുശേഷം എന്നാണ് പ്രേക്ഷകർ ഒരുപോലെ പറയുന്നത്.

2024 ആരംഭത്തിൽ മലയാള സിനിമക്ക് ലഭിച്ച മികച്ച തുടക്കം വർഷങ്ങൾക്ക് ശേഷത്തിലൂടെയും തുടരുമെന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടെ ഇറങ്ങിയ ഫഹദ് ഫാസിൽ ചിത്രം ആവേശവും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ നോക്കികാണുന്ന ചിത്രമാണ്.

Content Highlight: Varshangalkk Shesham First Show Theater Response

We use cookies to give you the best possible experience. Learn more