| Thursday, 21st March 2024, 7:10 pm

'വര്‍ഷങ്ങള്‍ക്ക് ശേഷം' പ്രണവിന്റെയും ധ്യാനിന്റെയും കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ്..? ട്രെയ്‌ലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിലെ യുവ താരനിരയാണ് അണിനിരക്കുന്നത്.

പ്രണവ് മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ താരത്തിന്റെ സുഹൃത്തിന്റെ കഥാപാത്രമായി എത്തുന്നത് ധ്യാന്‍ ശ്രീനിവാസനാണ്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്ന് പുറത്തുവന്നു. സിനിമയുമായി ചുറ്റിപ്പറ്റിയുള്ള എണ്‍പതുകളിലെ കഥയാണ് ചിത്രത്തില്‍ എന്നാണ് ട്രെയ്‌ലര്‍ വ്യക്തമാകുന്നത്.

രണ്ട് മിനിട്ട് 36 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ നിമിഷ നേരംകൊണ്ടാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ചിത്രത്തില്‍ ധ്യാനിന്റെയും പ്രണവിന്റെയും കരിയര്‍ ബെസ്റ്റ് ആയ പ്രകടനമാകും കാണാനാകുക എന്നാണ് കമന്റുകള്‍ വരുന്നത്.

ഹൃദയത്തിന് ശേഷം കല്യാണി പ്രിയദര്‍ശന്‍ വീണ്ടും പ്രണവ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും ധ്യാന്‍ ശ്രീനിവാസനും പുറമെ അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്.

വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ചിത്രത്തില്‍ നിവിന്‍ പോളി ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.

ചിത്രം 2024 ഏപ്രില്‍ 11നാണ് തീയേറ്ററുകളില്‍ എത്തുന്നത്. അന്‍പതിലധികം ലൊക്കേഷനുകളും 132 അഭിനേതാക്കളും ഇരുനൂറ് പേരടങ്ങുന്ന ക്രൂവുമായിരുന്നു സിനിമയുടെ ഷൂട്ടിനുണ്ടായിരുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ഒക്ടോബര്‍ അവസാനമായിരുന്നു.

ഹൃദയത്തിന് ശേഷം പ്രണവിനെ നായകനാക്കി വിനീത് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ചിത്രത്തിന് മേല്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് വിശാഖ് സുബ്രമണിയാണ്. മ്യൂസിക് കമ്പോസ് ചെയ്തത് അമൃത് രാംനാഥ്.

Content Highlight: Varshangalk Shesham Movie Trailer Out Now

We use cookies to give you the best possible experience. Learn more