വര്‍ഷങ്ങള്‍ക്ക് ശേഷം; വിനീത് - പ്രണവ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് ദുല്‍ഖര്‍ സല്‍മാന്‍
Entertainment news
വര്‍ഷങ്ങള്‍ക്ക് ശേഷം; വിനീത് - പ്രണവ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th December 2023, 7:14 pm

‘ഹൃദയം’ സിനിമക്ക് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ വര്‍ഷങ്ങള്‍ക്ക് ശേഷം’. ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസനാണ്.

ചിത്രത്തിന്റെ 40 ദിവസത്തെ ഷൂട്ടിങ്ങ് കഴിഞ്ഞ് ഷൂട്ട് പാക്കപ്പായതിന് പിന്നാലെ വിനീത് ശ്രീനിവാസന്‍ ടീമംഗങ്ങള്‍ക്ക് നന്ദി പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഇപ്പോള്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതാ. അപ്പു, ധ്യാന്‍, വിനീത്, നിവിന്‍, കല്യാണി, ബേസില്‍, നീരജ്, അജു എന്നിവര്‍ക്കും മുഴുവന്‍ ടീമിനും ആശംസകള്‍ നേരുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്.

ഹൃദയത്തിന് ശേഷം കല്യാണി പ്രിയദര്‍ശന്‍ വീണ്ടും പ്രണവ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’.

ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും പുറമെ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്.

വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ചിത്രത്തില്‍ നിവിന്‍ പോളി ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.

ചിത്രം 2024 ഏപ്രിലിലാണ് തീയേറ്ററുകളില്‍ എത്തുന്നത്. അന്‍പതിലധികം ലൊക്കേഷനുകളും 132 അഭിനേതാക്കളും ഇരുനൂറ് പേരോളമടങ്ങുന്ന ക്രൂവുമായിരുന്നു സിനിമയുടെ ഷൂട്ടിനുണ്ടായിരുന്നത്.

സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ഒക്ടോബര്‍ അവസാനമായിരുന്നു. ഹൃദയത്തിന് ശേഷം പ്രണവിനെ നായകനാക്കി വിനീത് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ചിത്രത്തിന് മേല്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്.

Content Highlight: Varshangalk Shesham Movie First Look Poster Out