വര്‍ക്കല സലീം വധക്കേസ്: ഒന്നാം പ്രതിക്ക് വധശിക്ഷ
Kerala
വര്‍ക്കല സലീം വധക്കേസ്: ഒന്നാം പ്രതിക്ക് വധശിക്ഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd October 2013, 5:32 pm

[]തിരുവന്തപുരം: വര്‍ക്കല സലീം വധക്കേസിലെ ഒന്നാം പ്രതിക്ക് വധശിക്ഷ. വര്‍ക്കല ചിറയന്‍കീഴ് സ്വദേശിയായ ഷെരീഫിനാണ് കോടതി വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി സനോഫറിന് ജീവപരന്ത്യം തടവും 10 ലക്ഷം രൂപ പിഴയുമൊടുക്കാന്‍ കോടതി ഉത്തരവിട്ടു.

കേസില്‍ തിരുവന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയാണ് ശിക്ഷവിധിച്ചത്.  പ്രതികള്‍ കുറ്റക്കാരാണെന്ന് രണ്ട് ദിവസം മുന്‍പ് കോടതി വിധിച്ചിരുന്നു.

2011 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗള്‍ഫ് വ്യവസായിയായ വര്‍ക്കല നരിക്കല്ലുമുക്കില്‍ സലീമിനെ കൊന്ന് 16 കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഗള്‍ഫില്‍ വച്ച് കൊല്ലപ്പെട്ട ശെരീഫില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ച് നല്‍കാതിരിക്കാനാണ് പ്രതികള്‍ ശെരീഫിനെ കൊലപ്പെടുത്തിയത്.

ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയാണ് പൊലീസ് കേസ് തെളിയിച്ചത്. 130 സാക്ഷികളും 300 രേഖകളും തൊണ്ടി മുതലുകളും കേസ് തെളിയിക്കാനായി പോലീസ് ഹാജരാക്കിയിരുന്നു.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് സത്യസന്ധമായി അന്വേഷിച്ച് പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വന്ന ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ കോടതി അഭിനന്ദിച്ചു.