| Monday, 10th September 2012, 11:55 am

തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്കെതിരെ വര്‍ക്കല കഹാര്‍ സുപ്രീം കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വര്‍ക്കല മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ വര്‍ക്കല കഹാര്‍ എം.എല്‍.എ സുപ്രീം കോടതിയെ സമീപിച്ചു. ബി.എസ്.പി സ്ഥാനാര്‍ഥി പ്രഹ്ലാദന്റെ നാമനിര്‍ദേശപത്രിക തള്ളിയതിനെ തുടര്‍ന്നായിരുന്നു ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.[]

ഏത് വകുപ്പ് പ്രകാരമാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയതെന്ന് ഹൈക്കോടതി വിധിയില്‍ പരാമര്‍ശിക്കുന്നില്ലെന്നും ബി.എസ്.പി സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയത് നിയമപരമാണെന്നും സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലില്‍ വര്‍ക്കല കഹാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിധിക്കെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ വര്‍ക്കല കഹാറിന് കോടതി സാവകാശം അനുവദിച്ചിരുന്നു. പ്രഹ്ലാദന്‍ നല്‍കിയ പത്രിക സ്റ്റാമ്പില്ലെന്ന കാരണത്താല്‍ വരണാധികാരി തള്ളിയിരുന്നു. എന്നാല്‍ ഒരു സ്റ്റാമ്പിന്റെ പേരില്‍ പത്രിക തള്ളിയത് ശരിയായില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

ഒരു സ്ഥാനാര്‍ത്ഥിക്ക് മത്സരിക്കാനുള്ള അവസരം ഇതുമൂലം നഷ്ടപ്പെട്ടതായി വിലയിരുത്തിക്കൊണ്ടാണ് കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.

വര്‍ക്കല കഹാര്‍, വരണാധികാരി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയായിരുന്നു പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

സി.പി.ഐ.എമ്മിലെ എ.എ റഹീമായിരുന്നു വര്‍ക്കല കഹാറിന്റെ മുഖ്യ എതിരാളി. 10,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കഹാര്‍ വിജയിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more