ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
മലപ്പുറം: വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സംഘപരിവാര്‍ പ്രചാരണത്തിനെതിരെ വാരിയന്‍ കുന്നത്തിന്റെ കുടുംബം രംഗത്ത്. സാമ്രാജത്വ ശക്തികളെ താലോലിച്ച് സ്വതന്ത്ര സമരത്തെ ഒറ്റികൊടുത്ത പാരമ്പര്യമുള്ള സംഘ് പരിവാര്‍ എക്കാലവും
ഇത്തരം പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തി ശീലിച്ചവരാണെന്ന് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബ കൂട്ടായ്മയായ ചക്കിപറമ്പന്‍ ഫാമിലി അസോസിയേഷന്‍ മലപ്പുറം ഘടകം പറഞ്ഞു.
ജില്ല പ്രസിഡന്റ് സി.പി ഇബ്രാഹിം ഹാജി വള്ളുവങ്ങാട് ആധ്യക്ഷത വഹിച്ച പരിപാടിയില്‍ സി പി ചെറീത് ഹാജി, സി.പി ഇസ്മായില്‍, സി.പി കുഞ്ഞിമുഹമ്മദ്, സി.പി കുട്ടിമോന്‍, സി.പി മുഹമ്മദലി, സി.പി കുഞ്ഞാപ്പ, സി.പി ഷുക്കൂര്‍, സി.പി ബഷീര്‍, സി.പി സുഹൈല്‍, സി.പി അന്‍വര്‍ സാദത്ത്, സി പി ഇബ്രാഹിം, സി പി ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു
വാരിയന്‍ കുന്നത്തിനെ പോലെ രാജ്യത്തിനായി ജീവിച്ച് മരിച്ച രക്തസാക്ഷികള്‍ ഓര്‍ക്കപ്പെടുന്നതിന്ന് ഗാന്ധി ഘാതകരായ സംഘ്പരിവാറിന്റെ സാക്ഷ്യപത്രം ആവശ്യമില്ലെന്നും ചക്കിപറമ്പന്‍ ഫാമിലി അസോസിയേഷന്‍ മലപ്പുറം ജില്ലാ ഘടകം ജനറല്‍ സെക്രട്ടറി സി .പി അബ്ദുല്‍ വഹാബ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
വാരിയന്‍ കുന്നത്ത് കുഞഹമ്മദ്ഹാജിയുടെ സമര പോരാട്ടങ്ങളെ ഇതിവൃത്തമാക്കി സംവിധായകന്‍ ആഷിക് അബുവും, പി.ടി കുഞഹമ്മദും പ്രഖ്യാപിച്ച സിനിമയ്ക്കും താരങ്ങള്‍ക്കും എതിരെയുള്ള സംഘ് പരിവാര്‍ നീക്കം സാംസ്‌കാരിക കേരളം ചെറുത്ത് തോല്‍പ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
വാരിയന്‍ കുന്നത്തിന്റെ പേരില്‍ സംഘപരിവാര്‍ അക്ബര്‍ അലിയെ ഉപയോഗിച്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സിനിമയക്കെതിരെ നിയമ നടപടികഖള്‍ സ്വീകരിക്കുമെന്നും യഥാര്‍ത്ഥ ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതാണ് സംഘപരിവാറിന്റെ നീക്കമെന്നും അബ്ദുള്‍ വഹാബ് ഡൂള്‍ന്യൂസിനോട് വ്യക്തമാക്കി.
മുമ്പ് മൈസൂരില്‍ ടിപു സുല്‍ത്താന്‍ എതിരായ സംഘപരിവാറിന്റെ പ്രചാരണങ്ങള്‍ പോലെയുള്ള പ്രചാരണങ്ങളോ നീക്കങ്ങളോ കേരളത്തില്‍ സാധിക്കില്ലെന്നും വര്‍ഗീയ വിഭജനമാണ് സംഘപരിവാറിന്റെ ലക്ഷ്യമെന്നും ഇതിനുവേണ്ടിയാണ് ഇത്തരം നീക്കങ്ങളെന്നും അബ്ദുള്‍വഹാബ് ഡൂള്‍ന്യൂസിനോട് അഭിപ്രായപ്പെട്ടു.
അതേസമയം വാരിയന്‍കുന്നത്ത് കുഞ്ഞുഹമ്മദ് ഹാജിയെക്കുറിച്ചും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തെക്കുറിച്ചും വരുന്ന സിനിമകളെക്കുറിച്ചും അഭിപ്രായപ്രകടനം നടത്താന്‍ ഇപ്പോള്‍ സമയമായിട്ടില്ല. ഏതു സിനിമയും ഇറങ്ങി അത് കണ്ടതിന് ശേഷം മാത്രമേ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ഉചിതമാകുകയുള്ളുവെന്നും സി.പി.ഐ.എം നേതാവും എം.എല്‍.എയുമായ എം സ്വരാജ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
എന്നാല്‍ ഒരു സിനിമ വരുന്നു എന്ന് കേള്‍ക്കുമ്പോഴേക്കും അതിനെക്കുറിച്ച് വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത് സംഘപരിവാര്‍ കേന്ദ്രങ്ങളാണെന്നും അത് സംഘപരിവാറിന്റെ അങ്ങേയറ്റത്തെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ പ്രതിഫലനം മാത്രമാണെന്നും സ്വരാജ് പറഞ്ഞു. വാരിയന്‍കുന്നത്ത് കുഞ്ഞുഹമ്മദ് ഹാജി കേരളത്തിലെ ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ജ്വലിക്കുന്ന ഏടാണ്. ഇന്നത്തെ തലമുറക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത അത്ര വിപുലമായാണ് ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരം മലബാര്‍ മേഖലയില്‍ നടന്നിട്ടുള്ളതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
അതേസമയം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ചിത്രം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വാദപ്രതിവാദങ്ങള്‍ നടക്കവേ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തി.
‘വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന് പറയുന്നത് നമ്മുടെ നാട്ടില്‍ ധീരമായ രീതിയില്‍ ബ്രിട്ടീഷ് സ്വാമ്രാജിത്വത്തിനെതിരെ പടപൊരുതിയ ഒരു പടനായകനാണ്. വിവാദം എന്റെ ശ്രദ്ധയിലില്ല. പക്ഷെ അദ്ദേഹം ഒരു പടനായകനാണെന്ന് ഓര്‍ക്കണം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ആദരിച്ചു കൊണ്ടാണ് കേരളം എല്ലാക്കാലത്തും പോയിട്ടുള്ളത്. വര്‍ഗീയ ചിന്തയുടെ ഭാഗമായി മറ്റെന്തെങ്കിലും വരുന്നുണ്ടോ എന്നെനിക്കറിയില്ല’, മുഖ്യമന്ത്രി പറഞ്ഞു.
ചിത്രത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് ഒ.ബി.സി വിഭാഗം സംസ്ഥാന അദ്ധ്യക്ഷന്‍ സുമേഷ് അച്യുതനും രംഗത്ത് എത്തി. സാമ്രാജ്യത്വത്തിന്റെ അനീതി പീഠത്തില്‍ പിടഞ്ഞു വീണ വാരിയം കുന്നത്ത് നായകന്‍ തന്നെയാണെന്നും ആ നായകന്റെ ചലചിത്ര ആവിഷ്‌കാരത്തിന് സംഘപരിവാര്‍ തടസ്സം നിന്നാല്‍ കോണ്‍ഗ്രസ് ഒ.ബി.സി.വിഭാഗം അത് ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ചയാണ് ആഷിഖ് അബു തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.
ചിത്രത്തില്‍ നിന്ന് പൃഥ്വി പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സൈബര്‍ ആക്രമണം നടക്കുന്നത്. പൃഥ്വിയുടെ അമ്മയെ അധിക്ഷേപിക്കുന്ന തരത്തിലടക്കം പരമര്‍ശങ്ങളാണ് സൈബര്‍ ഇടത്തില്‍ സംഘ് പ്രൊഫൈലുകളില്‍ നിന്ന് എത്തുന്നത്. അംബിക, ബി രാധാകൃഷ്ണ മേനോന്‍, അലി അക്ബര്‍ തുടങ്ങിയവരും പൃഥ്വിക്ക് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
‘ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് മലയാള രാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ചിത്രീകരണം ആരംഭിക്കുന്നു’ എന്ന നടന്‍ പൃഥ്വിരാജിന്റെ പോസ്റ്റ് സ്‌ക്രീന്‍ ഷോട്ട് ചെയ്ത് പൃഥ്വിയുടെ അമ്മയെ അപമാനിക്കുന്ന കമന്റായിരുന്നു ഒരു ലക്ഷണത്തിനടുത്ത് ആളുകള്‍ ഫോളോ ചെയ്യുന്ന അംബികാ ജെ.കെ നടത്തിയത്. ഈ നടപടിക്കെതിരെ വലിയ വിമര്‍ശനവും അവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.