ന്യൂദല്‍ഹി: വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നിലവില്‍ ഒഴിവാക്കിയിട്ടില്ലെന്ന് ഇന്ത്യന്‍ ചരിത്ര ഗവേഷക കൗണ്‍സില്‍.
മലബാര്‍ കലാപത്തില്‍ പങ്കെടുത്ത 200 ഓളം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന പ്രചാരണം തെറ്റാണെന്നും നിലവില്‍ ചര്‍ച്ചയിലിരിക്കുന്ന വിഷയമാണ് ഇതെന്നും ചരിത്ര ഗവേഷക കൗണ്‍സില്‍ ഡയറക്ടര്‍ ഓം ജി ഉപാധ്യായ് പറഞ്ഞു.
‘ഇതുവരെ അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ല. ഐ.സി.എച്ച്.ആര്‍ പുറത്തിറക്കുന്ന അഞ്ചാം വാല്യത്തിലാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്വാതന്ത്ര്യ സമര പോരാളികളുടെ പേരുകള്‍ ഉള്ളത്. ഈ പട്ടികയിലുള്ള ചില പേരുകള്‍ക്കെതിരെ സമിതിയിലെ ചില അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ചെയര്‍മാന്‍ അടങ്ങുന്ന കമ്മിറ്റി ഇത് റിവ്യൂ ചെയ്തു. മൂന്നോ നാലോ തവണ അവര്‍ കമ്മിറ്റി ചേരുകയും ഇവ വീണ്ടും പരിശോധിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം സീല്‍ ചെയ്ത കവറില്‍ റിപ്പോര്‍ട്ട് ആര്‍.പി.സി സ്റ്റാറ്റിയൂട്ടറി ബോര്‍ഡിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ ഏതൊക്കെ പേരുകളാണ് ഉള്ളതെന്ന് നമുക്ക് അറിയില്ല. പട്ടികയില്‍ നിന്ന് ആരെയെങ്കിലും ഒഴിവാക്കിയെന്ന് പറയുന്നത് തെറ്റാണ്, ഓം ജി ഉപാധ്യായ് പറഞ്ഞു.
സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ സ്വാതന്ത്ര്യസമര നേതാക്കളെ ഒഴിവാക്കാനുള്ള ശുപാര്‍ശയ്ക്ക് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗീകാരം നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസല്യാര്‍ എന്നിവരടക്കം മലബാര്‍ സമരത്തില്‍ പങ്കെടുത്ത ഇരുനൂറോളം പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള ശുപാര്‍ശക്ക് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗീകാരം നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്.
ഐ.സി.എച്ച്.ആര്‍ ഡയറക്ടര്‍ ഓം ജി ഉപാധ്യായ്, ഐ.സി.എച്ച്.ആര്‍ അംഗവും കോട്ടയം സി.എം.എസ് കോളജ് റിട്ട. പ്രൊഫസറുമായ സി.ഐ. ഐസക്, ഐ.സി.എച്ച്.ആര്‍ അംഗം ഡോ. ഹിമാന്‍ഷു ചതുര്‍വേദി എന്നിവരുടെ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് കൗണ്‍സില്‍ പൊതുയോഗം അന്തിമ അംഗീകാരം നല്‍കിയതായിട്ടായിരുന്നു റിപ്പോര്‍ട്ട്.