| Saturday, 5th September 2020, 5:15 pm

സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടു എഡിറ്റ് ചെയ്തത് ഭാരതീയ വിചാരകേന്ദ്രം ഉപഡയറക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടു എഡിറ്റ് ചെയ്തത് ഭാരതീയ വിചാരകേന്ദ്രം ഉപഡയറക്ടര്‍ ഡോ. സി.ഐ ഐസക്. സംഘപരിവാറിന്റെ ബൗദ്ധിക സംഘടനയാണ് ഭാരതീയ വിചാരകേന്ദ്രം.

കേന്ദ്രസാംസ്‌കാരികവകുപ്പും ICHRD ഉം(Indian Council Of Historical Research) സംയുക്തമായാണ് ‘രക്തസാക്ഷിനിഘണ്ടു-ഇന്ത്യന്‍ സ്വാതന്ത്ര്യസമരം: 1857മുതല്‍ 1947വരെ'(DICTIONARY OF MARTYRS, INDIA’S FREEDOM STRUGGLE-1857-1947) എന്ന ഗ്രന്ഥം പുറത്തിറക്കിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ അഞ്ചാം വോള്യത്തിലാണ് കേരളത്തിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളില്‍ പങ്കെടുത്ത് രക്തസാക്ഷികളായവരെക്കുറിച്ചുള്ളത്. ഇതില്‍ 1921-ലെ മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരില്‍ പ്രധാനികളായ ആലിമുസലിയാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദു ഹാജിയും ഉള്‍പ്പെടുന്നു. 1921-ലെ കലാപത്തില്‍ മരണമടഞ്ഞവരെല്ലാം ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്നു.

പ്രധാനമന്ത്രി പുറത്തിറക്കിയ ഈ പുസ്തകത്തില്‍ വാരിയന്‍കുന്നന്‍ സ്വാതന്ത്ര്യസമരസേനാനിയും സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ വീരചരമം പ്രാപിച്ച രക്തസാക്ഷിയുമാണെന്ന സാക്ഷ്യപത്രമാണ് ഭാരതീയ വിചാരകേന്ദ്രം നല്‍കിയത്.

ആര്‍.എസ്.എസ് പ്രചാരകനായിരുന്ന പി. പരമേശ്വരനാണ് ഭാരതീയ വിചാരകേന്ദ്രം സ്ഥാപിച്ചത്. ഭാരതീയ വിചാരകേന്ദ്രത്തിന്റെ നിലവിലെ വൈസ് പ്രസിഡണ്ടായ ഡോ. സി.ഐ ഐസകാണ് പുസ്തകം പരിശോധിച്ച് അംഗീകാരം നല്‍കിയത്.

ഇക്കാര്യം വിശദീകരിച്ച് ജനം ടി.വി മുന്‍ പ്രോഗ്രം മേധാവി മനോജ് മനയില്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിട്ടുമുണ്ട്.

നേരത്തെ വാരിയന്‍ കുന്നനേയും ആലി മുസ്‌ലിയാരേയും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിന് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ളവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുസ്തകത്തിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

ആന്ധ്ര പ്രദേശ്, തെലങ്കാന, കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളെയാണ് ഈ വാല്യത്തില്‍ പരാമര്‍ശിച്ചിരുന്നത്. ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്.

2018ലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് പങ്കാളികളായവരുടെ പേരാണ് പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മലബാര്‍ വിപ്ലവ ചരിത്രത്തെക്കുറിച്ച് പൃഥിരാജ് നായകനായി ആഷിക് അബു സംവിധാനം ചെയ്യാനൊരുങ്ങുന്ന വാരിയന്‍കുന്നന്‍ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തിരികൊളുത്തിയിരുന്നു. ചിത്രത്തിനെതിരെ ഹിന്ദുഐക്യവേദിയും ബി.ജെ.പി നേതാക്കളും പരസ്യമായി രംഗത്ത് വന്നിരുന്നു.


മലബാര്‍ സമരം ഹിന്ദു വിരുദ്ധമായിരുന്നെന്നും സ്വാതന്ത്ര്യ സമരവുമായി അതിന് യാതൊരു വിധ ബന്ധവുമില്ലെന്നും സംഘപരിവാര്‍ നേതാക്കളടക്കം വലിയ രീതിയില്‍ പ്രചരണങ്ങള്‍ നടത്തുന്ന സമയത്ത് തന്നെയായിരുന്നു പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ വാരിയന്‍കുന്നത്തിന്റെ പേരും ഉള്‍പ്പെട്ടത്.

എന്നാല്‍ ഇതിന് പിന്നാലെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്നും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ്ലിയാരെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

മലബാര്‍ കലാപത്തില്‍ ഏര്‍പ്പെട്ടവര്‍ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവരാണെന്നും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാര്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെട്ടത് ശരിക്കും ഞെട്ടലുളവാക്കുന്നുമെന്നുമായിരുന്നു ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല ഫേസ്ബുക്കില്‍ കുറിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: variyan kunnan aali-musliyar bharatheeya vichara kendram certificate dictionary of martyrs indias freedom struggle 1857-19473

We use cookies to give you the best possible experience. Learn more