| Saturday, 14th August 2021, 7:04 pm

വാരിയംകുന്നന്‍ ലോകത്തിലെ ആദ്യത്തെ താലിബാന്‍ നേതാവ്: അബ്ദുള്ളക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ലോകത്തിലെ ആദ്യ താലിബാന്‍ നേതാവായിരുന്നു വാരിയംകുന്നനെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. കണ്ണൂരില്‍ യുവമോര്‍ച്ചയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാരിയംകുന്നനെ മഹത്വവല്‍കരിക്കുന്ന സി.പി.ഐ.എം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാണ്. ക്രൂരമായ വംശഹത്യയാണ് അന്ന് നടന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

‘മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ല, ഹിന്ദു വേട്ടയായിരുന്നു,’ അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായല്ല ബി.ജെ.പി വാരിയംകുന്നനെതിരെ രംഗത്തെത്തുന്നത്. നേരത്തെ പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു വാരിയംകുന്നന്‍ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചപ്പോള്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയെ വില്ലനാക്കി ബി.ജെ.പി സഹയാത്രികനായ അലി അക്ബര്‍ സിനിമ പ്രഖ്യാപിച്ചിരുന്നു.

നെല്ലിക്കുത്തിലെ സമ്പന്നനായ മരവ്യാപാരി ചക്കിപ്പറമ്പന്‍ മൊയ്തീന്‍കുട്ടി ഹാജിയുടെയും തുവ്വൂര്‍ പറവട്ടില്‍ കുഞ്ഞായിശയുടെയും മകനായി 1873 ലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ജനിച്ചത്. 1894 ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ മണ്ണാര്‍ക്കാട് നടന്ന പ്രക്ഷോഭത്തിന്റെ പേരില്‍ വാരിയംകുന്നത്തിന്റെ പിതാവ് മൊയ്തീന്‍കുട്ടി ഹാജിയെ അന്നത്തെ ബ്രിട്ടീഷ് കോടതി ആന്തമാനിലേക്ക് നാടുകടത്തി.

അദ്ദേഹത്തിന്റെ തറവാടിന്റെ 200 ഏക്കര്‍ ഭൂമി കണ്ടുകെട്ടുകയും ചെയ്തു. പിന്നീട് ഉമ്മയുടെ വീട്ടില്‍ വളര്‍ന്ന വാരിയന്‍കുന്നന്‍ ചെറിയ പ്രായത്തില്‍ തന്നെ ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടങ്ങളില്‍ അണിനിരക്കുകയായിരുന്നു. ചെറുപ്പത്തിലെ മലയാളത്തിലും ഇംഗ്ലീഷിലും നല്ല വിദ്യാഭ്യാസം നേടി. അന്ന് ബ്രിട്ടീഷുകാര്‍ നിരോധിച്ച ചേരൂര്‍ പടപ്പാട്ടും വീരസങ്കീര്‍ത്തനങ്ങളും അവതരിപ്പിക്കുന്ന സദസ്സുകള്‍ അദ്ദേഹം നിരന്തരമായി സംഘടിപ്പിച്ചു.

ആഷിഖ് അബുവിന്റെ വാരിയംകുന്നന്‍ നിര്‍മ്മിക്കുന്നത് സിക്കന്തറും മൊയ്തീനുമാണ്. മുഹ്‌സിന്‍ പരാരി സഹസംവിധായകനും സൈജു ശ്രീധരന്‍ എഡിറ്റിംഗും ഷൈജു ഖാലിദ് ക്യാമറയും നിര്‍വഹിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: VariyamKunnan Taliban Leader BJP AP Abdullakkutty

We use cookies to give you the best possible experience. Learn more