ദല്‍ഹി: മലബാര്‍ കലാപ നേതാക്കളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് ഇത് വരെ തീരുമാനമായിട്ടില്ലെന്ന് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍(ഐ.സി.എച്ച്.ആര്‍) ഡയറക്ടര്‍ ഓം ജി ഉപാധ്യായ. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൗണ്‍സില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ രഹസ്യ സ്വഭാവമുള്ളതാണെന്നും ഉപാധ്യായ പറഞ്ഞു.
സ്വാതന്ത്ര്യ സമരസേനാനികളുടെ പട്ടിക പുനരവലോകനം ചെയ്യുന്നതില്‍ അസ്വാഭാവികതയില്ലെന്ന് പറഞ്ഞ അദ്ദേഹം റിസര്‍ച്ച് പ്രൊജക്ട് കമ്മിറ്റിയുടെ ചര്‍ച്ചക്ക് ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും ഐ.സി.എച്ച്.ആറിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
മലബാര്‍ കലാപ നേതാക്കളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ പെടുത്തിയതില്‍ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമിതിക്ക് പഠനത്തിന് വിട്ടതെന്നും ഉപാധ്യായ പറഞ്ഞു.
മലബാര്‍ സമരത്തിന്റെ നേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ എന്നിവരുള്‍പ്പെടെയുള്ള 387 ‘മാപ്പിള രക്തസാക്ഷിക’ളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യപ്പെടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
കലാപം ഒരു ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമായിരുന്നെന്നും ഇത് വിജയിച്ചിരുന്നെങ്കില്‍, ഈ പ്രദേശത്തും ഒരു ഖിലാഫത്ത് സ്ഥാപിക്കപ്പെടുമായിരുന്നെന്നും ഇന്ത്യക്ക് ആ ഭാഗം നഷ്ടപ്പെടുമായിരുന്നെന്നും സമിതി വിലയിരുത്തിയതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എന്‍ട്രികള്‍ അവലോകനം ചെയ്ത മൂന്നംഗ സമിതിയുടേതാണ് തീരുമാനം.
1921 ലെ സമരം ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന് തോന്നിയതിനാല്‍ നീക്കം ചെയ്യാന്‍ സമിതി ശുപാര്‍ശ ചെയ്തതായാണ് വിവരം.
മതപരിവര്‍ത്തനത്തെ ലക്ഷ്യം വെച്ചുള്ള മതമൗലികവാദ പ്രസ്ഥാനമായിരുവെന്നാണ് മലബാര്‍ സമരത്തെക്കുറിച്ച് സമിതി പറയുന്നത്. സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ദേശീയതയ്ക്ക് അനുകൂലമല്ലെന്നും ബ്രിട്ടീഷ് വിരുദ്ധവുമല്ലെന്നും സമിതി പറയുന്നു.
ആദ്യം സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് ആലി മുസ്ലിയാരുടേയും വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടേയും പേരുകള്‍ ഒഴിവാക്കിയിരുന്നു. ആന്ധ്ര പ്രദേശ്, തെലങ്കാന, കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളെയാണ് ഈ വാല്യത്തില്‍ പരാമര്‍ശിച്ചിരുന്നത്. ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്.
പിന്നീട് ഇത് എഡി്റ്റ് ചെയ്താണ് നിഘണ്ടു പുറത്തിറക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ അഞ്ചാം വോള്യത്തിലാണ് കേരളത്തിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളില്‍ പങ്കെടുത്ത് രക്തസാക്ഷികളായവരെക്കുറിച്ചുള്ളത്. ഇതില്‍ 1921-ലെ മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരില്‍ പ്രധാനികളായ ആലിമുസലിയാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദു ഹാജിയും ഉള്‍പ്പെടുന്നു. 1921-ലെ കലാപത്തില്‍ മരണമടഞ്ഞവരെല്ലാം ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്നു.
പ്രധാനമന്ത്രി പുറത്തിറക്കിയ ഈ പുസ്തകത്തില്‍ വാരിയന്‍കുന്നന്‍ സ്വാതന്ത്ര്യസമരസേനാനിയും സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ വീരചരമം പ്രാപിച്ച രക്തസാക്ഷിയുമാണെന്ന സാക്ഷ്യപത്രമാണ് ഭാരതീയ വിചാരകേന്ദ്രം നല്‍കിയത്.
മലബാര്‍ കലാപ നേതാക്കളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നത് ആര്‍.എസ്.എസിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്.