| Wednesday, 4th January 2023, 5:30 pm

തട്ടുപൊളിപ്പന്‍ തെലുങ്ക് സ്റ്റൈലില്‍ രക്ഷകന്‍; വാരിസ് ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് നായകനാകുന്ന വാരിസിന്റെ ട്രെയ്‌ലര്‍ പുറത്ത്. തട്ടുപൊളിപ്പന്‍ തെലുങ്ക് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ട്രെയ്‌ലറാണ് പുറത്തുവന്നിരിക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന തെലുങ്ക് മോഡല്‍ ഫാമിലി ചിത്രത്തിലേക്ക് വിജയ് കൂടി എത്തിയാല്‍ എങ്ങനെയിരിക്കും, അതിനുത്തരമായിരിക്കും വാരിസ് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. കുടുംബ സ്‌നേഹവും ഹീറോയിസവും മാസും റൊമാന്‍സും ഡാന്‍സുമെല്ലാം ഒത്തുചേരുന്ന ടിപ്പിക്കല്‍ വിജയ് സ്റ്റൈല്‍ തന്നെയാണ് വാരിസിന്റെ ട്രെയ്‌ലറിനുമുള്ളത്.

വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വെച്ച് നടന്നിരുന്നു. എസ്. തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ ‘രഞ്ജിതമേ’, ‘തീ ദളപതി’, ‘സോള്‍ ഓഫ് വാരിസ്’, ‘ജിമിക്കി പൊണ്ണ്’, ‘വാ തലൈവാ’ എന്നീ ഗാനങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

മഹേഷ് ബാബു നായകനായ മഹര്‍ഷി എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വാരിസ് ഒരുക്കുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഈ നിര്‍മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്.

രശ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയ വന്‍ താരനിര തന്നെയാണ് അഭിനയിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് വാരിസ്. വിജയ്‌യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം എത്തുക.

Content Highlight: varisu trailer starring vijay

We use cookies to give you the best possible experience. Learn more