| Thursday, 5th January 2023, 5:59 pm

വാരിസ് ട്രെയ്‌ലറിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ 'പ്രവചനമത്സരം'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് ചിത്രം വാരിസിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. തട്ടുപൊളിപ്പന്‍ തെലുങ്ക് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ട്രെയ്‌ലര്‍ പുറത്തുവന്നിരിക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന തെലുങ്ക് മോഡല്‍ ഫാമിലി ചിത്രത്തിലേക്ക് വിജയ് കൂടി എത്തിയാല്‍ എങ്ങനെയിരിക്കും, അതിനുത്തരമായിരിക്കും വാരിസ് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

കുടുംബ സ്നേഹവും ഹീറോയിസവും മാസും റൊമാന്‍സും ഡാന്‍സുമെല്ലാം ഒത്തുചേരുന്ന ടിപ്പിക്കല്‍ വിജയ് സ്‌റ്റൈല്‍ തന്നെയാണ് വാരിസിന്റെ ട്രെയ്‌ലറിലുമുള്ളത്. വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്.

സോഷ്യല്‍ മീഡിയയിലും സിനിമാ ഗ്രൂപ്പുകളിലും ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ട്രെയ്‌ലര്‍ പുറത്ത് വരുമ്പോഴേക്കും ചിത്രത്തിന്റെ കഥ പ്രെഡിക്റ്റ് ചെയ്തിരിക്കുകയാണ് ഇക്കൂട്ടര്‍. അത്തരത്തിലും ചില വണ്‍ ലൈന്‍ സ്റ്റോറീസ് കേട്ട് നോക്കാം.

ഒരു റിച്ച് ഫാമിലി, അവിടുത്തെ ഇളയ മകനായ വിജയ് നാട് ചുറ്റി നടക്കുന്നു. അച്ഛന്റെ ബിസിനസ് വില്ലന്‍മാര്‍ തകര്‍ക്കുന്നു. തുടര്‍ന്ന് അച്ഛന്റെ ബിസിനസ് വിജയ് തിരിച്ചു വന്നു രക്ഷിക്കുന്നു. ഇതായിരിക്കും കഥ എന്ന രീതിയില്‍ ട്രോളുകളും ഇക്കൂട്ടര്‍ പുറത്ത് പ്രചരിപ്പിക്കുന്നുണ്ട്.

അല്ലു അര്‍ജുന്‍ പടങ്ങളുടെ അതേ കഥ എന്നൊക്കെയാണ് ചിലരുടെ അഭിപ്രായങ്ങള്‍. അല്ലു അര്‍ജുന്‍ നായകനായ അല്ല വൈകുണ്ഠപുരവും ഇതു തന്നെയാണെന്നാണ് പലരും പറയുന്നത്.

മഹേഷ് ബാബു, അല്ലു അര്‍ജുന്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവരുടെ ടിപ്പിക്കല്‍ തെലുങ്ക് പടത്തിന്റെ ട്രെയ്‌ലര്‍ പോലെയുണ്ടെന്നും പക്കാ കുടുംബചിത്രം ടൈപ്പാണെന്നും പക്ഷെ നാടിനെ രക്ഷിക്കുന്നത് മാറ്റി ഇത്തവണ കുടുംബത്തെ രക്ഷിക്കുന്നു എന്ന ചെറിയ ഒരു മാറ്റമുണ്ടെന്നുമാണ് പലരും ട്രെയ്‌ലറിനോട് പ്രതികരിക്കുന്നത്.

ചേട്ടന്മാര്‍ പിണങ്ങി പോകുന്നു, അവസാനം വന്ന് മാപ്പ് പറയുന്നു തുടങ്ങിയ സീനുകളും മസ്റ്റാണെന്നു തുടങ്ങി രസകരമായ ചര്‍ച്ചകളാണ് പല സിനിമ ഗ്രൂപ്പുകളിലും അരങ്ങേറുന്നത്. കൂടാതെ ഇടക്ക് ക്യൂട്ട്‌നസ് വാരി വിതറി, കുറുമ്പുകള്‍ കാട്ടി, രണ്ടും പാട്ടും പാടി രശ്മികയും ഉണ്ടല്ലോയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷങ്ങളും ചിലര്‍ ഉദാഹരിക്കുന്നുണ്ട്. എന്നാല്‍ വാരിസിലെ അച്ഛനും മോനും ശത്രുക്കളാണെന്ന വ്യത്യാസമുണ്ടെന്നും ഇവര്‍ പറയുന്നു. നിരാശരായ ചില വിജയ് ഫാന്‍സും സമാന അഭിപ്രായവുമായെത്തുന്നുണ്ട്. എത്രയൊക്കെ ആയാലും വിജയ്‌യുടെ സിനിമ തിയേറ്ററില്‍ തന്നെ പോയി കാണുമെന്നും ഇവര്‍ ഒടുവില്‍ പറയുന്നുണ്ട്.

ഏത് വേഷമായാലും രണ്ടേമുക്കാല്‍ മണിക്കൂര്‍ എന്‍ഗേജ് ചെയ്തിരുത്താന്‍ സാധിക്കുമെങ്കില്‍ ‘വാരിസ്’ ഇത്തവണത്തെ പൊങ്കല്‍ വിന്നര്‍ ആയിരിക്കും എന്നതില്‍ ഒരു സംശയവുമില്ല. പൊങ്കലിന് തീയേറ്ററില്‍ എത്തുന്ന ഓഡിയന്‍സ് ആഗ്രഹിക്കുന്ന എല്ലാ ഘടകങ്ങളും സിനിമയിലുണ്ടെന്നൊരു ഫീല്‍ ട്രെയ്‌ലര്‍ കാണുമ്പോള്‍ കിട്ടുന്നുണ്ട്.

ട്രെയ്‌ലര്‍ കളര്‍ഫുളാണ്. അതുപോലെ വിജയ് ആരാധകരെ മാത്രമല്ല കുടുംബ പ്രേക്ഷകരെയും തൃപ്ത്തിപ്പെടുത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ആക്ഷനും പാട്ടും ഡാന്‍സും തട്ടുപൊളിപ്പന്‍ ഡയലോഗുകളും തുടങ്ങി വിജയ് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക ചിത്രത്തിലുണ്ട്.

‘ഒരു ചേഞ്ചും ഇല്ലാതെ ഇപ്പോഴും റെക്കോര്‍ഡ് തകര്‍ക്കുന്നു, കളക്ഷന്‍ കിട്ടുന്നു, ഹിറ്റും ആവുന്നു… അതല്ലേ വിജയ്‌യുടെ ഹീറോയിസം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഒരു ഉത്സവ ചിത്രം പോലെ കണ്ട് ഇറങ്ങാം. പ്രകൃതി പടങ്ങളുടെയും ത്രില്ലറിന്റെയും ഇടയില്‍ വിജയ്‌യുടെ പടം കാണുമ്പോള്‍ ഒരു ആശ്വാസം ആണെന്നും ആരാധകര്‍ പറയുന്നു.

സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ്.ജെ. സൂര്യയും എത്തുന്നുണ്ട്. വിജയ്യും എസ്.ജെ. സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. 13 വര്‍ഷങ്ങള്‍ക്കു ശേഷം പ്രകാശ് രാജും വിജയ്യും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വാരിസിനുണ്ട്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വെച്ച് നടന്നിരുന്നു. മഹേഷ് ബാബു നായകനായ മഹര്‍ഷി എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വാരിസ് ഒരുക്കുന്ന വംശി പൈഡിപ്പള്ളി.

എസ്. തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ ‘രഞ്ജിതമേ’, ‘തീ ദളപതി’, ‘സോള്‍ ഓഫ് വാരിസ്’, ‘ജിമിക്കി പൊണ്ണ്’, ‘വാ തലൈവാ’ എന്നീ ഗാനങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ജനുവരി 11 മുതലാണ് വാരിസ് തിയേറ്ററില്‍ എത്തുന്നത്. ബാക്കി സിനിമ കണ്ടിട്ട് പറയാം.

content highlight: varisu movie trailer and social media comments

We use cookies to give you the best possible experience. Learn more