Entertainment news
രശ്മികക്കൊപ്പം അള്‍ട്രാ ക്യൂട്ടായി വിജയ്, വാരിസ് സ്‌നീക്ക് പീക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 12, 10:10 am
Thursday, 12th January 2023, 3:40 pm

വിജയ് നായകനായി ജനുവരി പതിനൊന്നിന് തിയേറ്ററിലെത്തിയ വാരിസ് സിനിമയുടെ സ്‌നീക്ക് പീക്ക് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത സിനിമയില്‍ രശ്മിക മന്ദനയാണ് നായികയായെത്തിയിരിക്കുന്നത്. യോഗി ബാബു, രശ്മിക മന്ദന, വിജയ് എന്നിവര്‍ ഒരുമിച്ചുള്ള സീനാണ് ഇപ്പോള്‍ പുറത്തുവിട്ട സ്‌നീക്ക് പീക്കിലുള്ളത്.

ശരത് കുമാര്‍,പ്രകാശ് രാജ്, പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. വലിയ സ്വീകാര്യതയാണ് സിനിമക്ക് തിയേറ്ററുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ സിനിമക്കെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.

വിജയ്‌യുടെ മുന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമാണ് വാരിസ് എന്നാണ് ഉയര്‍ന്നു വരുന്ന ഒരു വാദം. എന്നാല്‍ തമിഴ് സിനിമയില്‍ പൊതുവെ കാണുന്ന ‘പാസവും’ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ടെന്നാണ് സിനിമാ പ്രേക്ഷകര്‍ പറയുന്നത്. എന്തായാലും സിനിമ തിയേറ്ററില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ച് മുമ്പോട്ട് പോകുന്നുണ്ട്.

അതിനിടയിലാണ് മൂവി ബഫ് തമിഴ് എന്ന യൂട്യൂബ് ചാനലിലൂടെ സ്‌നീക്ക് പീക്ക് പുറത്ത് വിട്ടിരിക്കുന്നത്. ബോക്‌സ് ഓഫീസിലും സോഷ്യല്‍ മീഡിയയിലും വലിയ റെക്കോഡുകള്‍ തീര്‍ക്കാന്‍ പിറന്നവനാണ് വിജയ്, തിയേറ്ററില്‍ സിനിമ കണ്ടു, ഓണ്‍ലൈനില്‍ പറയുന്നത് പോലെയല്ല സിനിമ വളരെ മികച്ചതാണ് തുടങ്ങിയ കമന്റുകളും വീഡിയോക്ക് താഴെ വരുന്നുണ്ട്.

ഒരു കുടുംബവും അതിനെ ചുറ്റിപറ്റി നടക്കുന്ന ചില സംഭവങ്ങളുമാണ് വിജയ് നായകനായ വാരിസിന്റെ പ്രമേയം. പതിവ് രീതികളില്‍ നിന്നും മാറിയുള്ള വിജയ് യുടെ യാത്രയുടെ തുടക്കമായിരിക്കും ഇതെന്നാണ് ആരാധകരും സിനിമാ പ്രേമികളും വിശ്വസിക്കുന്നത്. വാരിസിനോടൊപ്പം തന്നെ അജിത് നായകനായ തുനിവും തിയേറ്ററില്‍ എത്തിയിരുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്ത സിനിമയില്‍ മഞ്ജു വാര്യരാണ് നായികയായെത്തിയത്.

 

content highlight: varisu movie sneak peek