|

നിരപരാധികളെയും കോടതി കയറിയവരെയും വേണം; ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ടീമിന്റെ പുതിയ കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ കാസ്റ്റിങ്ങ് കോള്‍ ചര്‍ച്ചയാവുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധായകനും നിര്‍മാതാവും ഒന്നിക്കുന്ന ‘ന്നാ താന്‍ കേസ്‌കൊട്’ എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ ചര്‍ച്ചയാകുന്നു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ സംവിധാനത്തില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത് കുഞ്ചാക്കോ ബോബനാണ്.

സാധാരണ കാസ്റ്റിംഗ് കോളുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ നിര്‍ദേശങ്ങളും ആവശ്യങ്ങളുമാണ് ‘ന്നാ താന്‍ കേസ്‌കൊട്’ സിനിമയുടെ പോസ്റ്ററിലുള്ളത്.

ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങാന്‍ ആവശ്യമുള്ള സാധനങ്ങള്‍ എന്ന തലക്കെട്ടോട് കൂടിയാണ് തങ്ങള്‍ക്ക് വേണ്ട അഭിനേതാക്കളെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. രണ്ട് കള്ളന്മാര്‍, എട്ട് പൊലീസുകാര്‍, 16 വക്കീലുമാര്‍, ഒരു മജിസ്‌ട്രേറ്റ്, 3 ബെഞ്ച് ക്ലര്‍ക്ക്, 5 ഓട്ടോ ഡ്രൈവര്‍മാര്‍, ഒരു അംഗന്‍വാടി ടീച്ചര്‍, 1 റിട്ടയേഡ് പി.ഡബ്ല്യു.ഡി ടീച്ചര്‍, നാല് ഷട്ടില്‍ കളിക്കാര്‍, ഒരു ബൈക്കര്‍ എന്നിവരെയാണ് ആദ്യ ഭാഗത്ത് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രായമോ മറ്റു ഘടകങ്ങളോ ഒന്നും ഈ ഭാഗത്ത് വ്യക്തമാക്കിയിട്ടില്ല. രണ്ടാമത്തെ സെറ്റ് അഭിനേതാക്കളെയും ഇതുപോലെ ചിരി പടര്‍ത്തും വിധത്തില്‍ തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഏതെങ്കിലും കേസില്‍ കോടതി കയറിവര്‍, യൗവനം വിട്ടുകളയാത്ത വൃദ്ധദമ്പതികള്‍, മുഖ്യമന്ത്രി, മന്ത്രിയും ഭാര്യയും മന്ത്രിയുടെ പി.എയും, വിദേശത്ത് പഠിച്ച നാട്ടിന്‍പുറത്തുകാരന്‍, തൊഴില്‍രഹിതര്‍, നിരപരാധികള്‍ എന്നിവരെയാണ് അടുത്തതായി ചിത്രത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ജീവിക്കുന്നവരെയാണ് ചിത്രത്തിലേക്ക് വിളിച്ചിരിക്കുന്നത്. തങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്ന് സ്വയം തോന്നുന്നുന്നവര്‍ക്കും നാട്ടുകാര്‍ ആരോപിക്കുന്നവര്‍ക്കും പങ്കെടുക്കാമെന്നും പോസ്റ്ററിലുണ്ട്.

താല്‍പര്യമുള്ളവര്‍ ഒരു മിനിറ്റില്‍ കവിയാത്ത വീഡിയോയും കളര്‍ ഫോട്ടോയും ntckmovie@gmail.com എന്ന മെയിലിലേക്ക് അയച്ചുതരണമെന്നാണ് അറിയിച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബനൊപ്പം വിനയ് ഫോര്‍ട്ട്, ഗായത്രി ശങ്കര്‍, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാര്‍ച്ചിലായിരുന്നു ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിത്. ഇപ്പോള്‍ കാസ്റ്റിംഗ് കോളിന് വരുന്ന പ്രതികരണങ്ങള്‍ പോലെ ‘ന്നാ താന്‍ കേസ്‌കൊട്’ എന്ന പേരും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

അതേസമയം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം നിവിന്‍ പോളിയെ നായകനാക്കി ‘കനകം കാമിനി കലഹം’ എന്ന ചിത്രം രതീഷ് സംവിധാനം ചെയ്തിരുന്നു. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Variety casting call for new Kunchacko Boban movie, created by Android Kunjappan team

Video Stories