വര്‍ഗീസ് വധക്കേസ്: ലക്ഷ്മണയെ മോചിപ്പിച്ചതിനെതിരെ ബന്ധുക്കള്‍
Kerala
വര്‍ഗീസ് വധക്കേസ്: ലക്ഷ്മണയെ മോചിപ്പിച്ചതിനെതിരെ ബന്ധുക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th July 2013, 9:49 am

ലക്ഷ്മണയോട് മാനുഷിക പരിഗണന കാണിക്കണമെന്ന ആവശ്യവുമായി ചിലര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ബന്ധപ്പെട്ടിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. കൊച്ചിയിലുള്ള അഭിഭാഷകനുമായി ചര്‍ച്ച ചെയ്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം


[] തിരുവനന്തപുരം: ##നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഐ.ജി കെ. ##ലക്ഷ്മണയെ വിട്ടയച്ചതിനതിരെ വര്‍ഗീസിന്റെ ബന്ധുക്കള്‍.[]

നീക്കത്തെ നിയമപരമായി നേരിടുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന്
രണ്ടേമുക്കാല്‍ വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം ഇന്ന് കാലത്ത് ആറു മണിയോടെ തന്നെ പുറത്തിറങ്ങി.

ജയില്‍ മേധാവിയുടെ ശുപാര്‍ശ അനുസരിച്ച് ലക്ഷ്മണ അടക്കം നാലുപേരെ ജയില്‍മേചിതരാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

75 വയസ്സ് തികഞ്ഞവരും ആരോഗ്യം ക്ഷയിച്ചവരുമായ തടവുപുള്ളികളെ ശിക്ഷാകാലാവധി കഴിയുന്നതിന് മുമ്പ് വിട്ടയയ്ക്കാമെന്ന കേരള ജയില്‍ നിയമത്തിലെ ചട്ടങ്ങള്‍ അനുസരിച്ചാണ് എ.ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് സര്‍ക്കാരിന് കത്ത് നല്‍കിയത്.

കറുപ്പസ്വാമി (82), ഗോപിനാഥന്‍ (82), ശ്രീധരന്‍ (81) എന്നിരാണ് 79 വയസ്സുള്ള ലക്ഷ്മണയ്‌ക്കൊപ്പം ജയില്‍മോചിതരാകുന്നുണ്ട്.

രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.  മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇത്തരത്തില്‍ നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കുകയാണെന്നും ഇവര്‍ പറഞ്ഞു.

ലക്ഷ്മണയോട് മാനുഷിക പരിഗണന കാണിക്കണമെന്ന ആവശ്യവുമായി ചിലര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ബന്ധപ്പെട്ടിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. കൊച്ചിയിലുള്ള അഭിഭാഷകനുമായി ചര്‍ച്ച ചെയ്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

ഇതിന് മുന്‍പും ലക്ഷ്മണയെ വിട്ടയക്കാനുള്ള നീക്കം നടന്നിരുന്നെന്നും എന്നാല്‍ അന്നത്തെ ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് അത് മാറ്റിവച്ചതാണെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

നക്‌സല്‍ നേതാവ് വര്‍ഗീസിനെ പൊലീസ് പിടികൂടിയ ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം രാമചന്ദ്രന്‍ നായര്‍ എന്ന പൊലീസുകാരന്‍ വെളിപ്പെടുത്തുകയായിരുന്നു.

ലക്ഷ്മണ അടക്കമുള്ളവരുടെ ഭീഷണിയെ തുടര്‍ന്നാണ് താന്‍ വെടിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് ഇതിനെക്കുറിച്ച് അന്വേഷണം നടന്നു.

1970 ഫെബ്രുവരി 18ന് അന്ന് ഡിവൈ.എസ്.പിയായിരുന്ന ലക്ഷ്മണയുടെയും ഡി.ഐ.ജി ആയിരുന്ന വിജയന്റെയും ആജ്ഞ അനുസരിച്ച് ഒന്നാം പ്രതി മുന്‍ സി.ആര്‍.പി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ നെഞ്ചില്‍ വെടിവെച്ച് വര്‍ഗീസിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശിക്ഷിക്കപ്പെട്ട ലക്ഷ്മണ 2010 ഒക്ടോബര്‍ മുതല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്.

വര്‍ഗീസ് കൊല്ലപ്പെട്ടത് നേരില്‍ കണ്ടെന്ന് സി ആര്‍ പി കോണ്‍സ്റ്റബിള്‍ വിതുര സ്വദേശി ഹനീഫ മൊഴി നല്‍കിയിരുന്നു. ഡി.ഐ.ഡി വിജയനെ സംശയത്തിന്റെ ആനുകൂല്യം നല്‍കി ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. 1999 ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് വര്‍ഗീസ് കൊലക്കേസ് സി.ബി.ഐ അന്വേഷിച്ചത്.