“ഇത് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇതു പോലൊരു കേസ് പോലീസ് പടച്ചുണ്ടാക്കുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല” ഇത് ജോസ് വര്‍ഗീസിന്റെ വാക്കുകള്‍. 2008ലെ ബാംഗ്ലൂര്‍ സ്ഫോടനക്കേസിന്റെ മുഖ്യ സാക്ഷിയാണ് ജോസ് വര്‍ഗീസ്.
2007ല്‍ ജയില്‍ മോചിനായ ശേഷം മഅദനി താമസിച്ചിരുന്നത് ജോസ് വര്‍ഗീസിന്റെ കൊച്ചിയിലെ വാടക വീട്ടിലായിരുന്നു.
ജോസ് വര്‍ഗീസ് പറയുന്നു: ” ഈ വര്‍ഷം ജനുവരി ആറിന് ഉച്ചയോടെയാണ് എനിക്ക് ബാംഗ്ലൂര്‍ പോലീസിന്റെ ഫോണ്‍ കാള്‍ വന്നത്. പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓംകാരയ്യ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് എന്നോട് സംസാരിച്ചത്. എന്നോട് മഅദനി താമസിച്ച വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. മഅദനിയുമായുള്ള വാടക കരാറിന്റെ കോപ്പിയും കൊണ്ട് വരാന്‍ പറഞ്ഞു . ഞാന്‍ സ്ഥലത്തെത്തിയപ്പോള്‍ മുഖം മറച്ച ഒരാളെ പോലീസ് എന്റെ മുന്നില്‍ ഹാജരാക്കി. ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ മുഖ്യ പ്രതി തടിയന്റവിടെ നസീറാണിതെന്ന് പോലീസ് എന്നോട് പറഞ്ഞു. കന്നഡ ഭാഷയിലുള്ള ഒരു കുറിപ്പ് എനിക്ക് തന്ന പോലീസ് അതില്‍ ഒപ്പു വെക്കാന്‍ ആവശ്യപ്പെട്ടു. ഒപ്പുവെക്കാന്‍ ഞാന്‍ വിസമ്മതിച്ചു. ഞാന്‍ കേസില്‍ വെറും സാക്ഷിയാണെന്നും ഒപ്പുവെക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും അവര്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് ഞാന്‍ ഒപ്പിട്ടു”- വര്‍ഗീസ് പറയുന്നു.
“നാലു മാസങ്ങള്‍ക്ക് ശേഷം ഓംകാരയ്യ എന്നെ വീണ്ടും വിളിച്ചു. അദ്ദേഹം ആലുവയിലെ ഒരു ഹോട്ടലില്‍ വരാന്‍ എന്നോട് ആവശ്യപ്പെട്ടു. അവിടെ വെച്ച് പോലീസ് എനിക്ക് കുറച്ച് ഫോട്ടോകള്‍ കാണിച്ചു തന്നു. പക്ഷെ എനിക്ക് ആരെയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. മറ്റൊരു ചിത്രം എന്നെ അവര്‍ കാണിച്ചു. അയാളെ എനിക്ക് തിരിച്ചറിയാന്‍ കഴിയുമെന്ന് പറയാന്‍ നിര്‍ബന്ധിച്ചു. കാശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി. പക്ഷെ ഞാന്‍ കള്ളം പറയാന്‍ തയ്യാറായില്ല. സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്ന് പോലീസ് തന്നെ അന്ന് ഭീഷണിപ്പെടുത്തി.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മുഖ്യ സാക്ഷിയാണെന്ന് അറിഞ്ഞ് താന്‍ ഞെട്ടിയതായി വര്‍ഗീസ് പറയുന്നു.”ഒരു ന്യൂസ് ചാനല്‍ എന്നെ അഭിമുഖം ചെയ്യാനെത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. മദനിക്കെതിരെയുള്ള മൊഴിയിലാണ് ഞാന്‍ നേരത്തെ ഒപ്പിട്ട് നല്‍കിയതെന്ന് എനിക്കപ്പോള്‍ മനസിലായി. സംഭവത്തില്‍ ഞാന്‍ പോലീസിനെതിരെ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു”.
പോലീസ് ചാര്‍ജ് ഷീറ്റ് പ്രകാരം തടിയന്റവിടെ നസീര്‍ മഅദനിയോട് ബാംഗ്ലൂര്‍ സ്ഫോടനത്തെക്കുറിച്ച് സംസാരിക്കുന്നത് വാടക തുക വാങ്ങാന്‍ എത്തിയപ്പോള്‍ വര്‍ഗീസ് കേട്ടുവെന്നാണ് പറയുന്നത്. ” എന്റെ വാടകക്കാരനെ ചതിക്കാന്‍ എനിക്ക് കഴിയില്ല. മഅദനിക്ക് ബാംഗ്ലൂര്‍ സ്ഫോടനത്തില്‍ പങ്കുണ്ടോയെന്ന് എനിക്കറിയില്ല. മഅദനിയെ മനപൂര്‍വ്വം കേസില്‍ കുടുക്കിയതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”- വര്‍ഗീസ് പറഞ്ഞ് നിര്‍ത്തി.
കേസില്‍ മഅദനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പോലീസ് പ്രധാനമായും ഹാജരാക്കിയത് വര്‍ഗീസിന്റെ ഈ “മൊഴി”യായിരുന്നുവെന്നതാണ് ശ്രദ്ധേയം.