[]അംബാല: വ്യാജ മരുന്ന് നിര്‍മിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്ത്യയിലെ പ്രമുഖ മരുന്ന് കമ്പനിയായ വര്‍ധമാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ റെയ്ഡ്.
ഹിമാചല്‍ പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വര്‍ധമാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സാണ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മരുന്ന് നിര്‍മാണ കമ്പനി.
വൃത്തിഹീനമായ യന്ത്രങ്ങളില്‍ നിര്‍മിക്കുന്ന മരുന്നുകളാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലേക്കും കമ്പനി നല്‍കുന്നതെന്നാണ് ആരോപണം.
കമ്പനിക്കെതിരെ ത്രിപുര സര്‍ക്കാര്‍ ആരോപണമുന്നയിച്ചിതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്താന്‍ ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്.
ഫാക്ടറിയില്‍ നടത്തിയ പരിശോധനയില്‍ 40 വിവിധ മരുന്നുകള്‍ പിടികൂടി. 19 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ലൈസന്‍സ് ഇല്ലാതെ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് വ്യാജ മരുന്നുകള്‍ നിര്‍മിക്കുന്നതെന്നും ഇതിനെതിരെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ശക്തമായ താക്കീത് നല്‍കിയിട്ടുണ്ടെന്നും ഹിമാചല്‍ പ്രദേശിലെ ഡ്രഗ് കണ്‍ട്രോളര്‍ നവനീത് മര്‍വ വ്യക്തമാക്കി.
2009 ല്‍ വര്‍ധമാനിന്റെ ലൈസന്‍സ് കാലാവധി കഴിഞ്ഞതാണ്. എന്നാല്‍ തുടര്‍ന്നും കമ്പനി വ്യാജ മരുന്നുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുകയാണ്. വ്യാജ മരുന്ന് ശ്രദ്ധയില്‍ പെടാതിരിക്കാന്‍ രാത്രിയിലാണ് മരുന്നുകളുടെ നിര്‍മാണം നടക്കുന്നത്.
അംബാലയിലെ ഉപയോഗ ശൂന്യമായ കന്നുകാലി തൊഴുത്തിലാണ് മരുന്ന് നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ആരോപണത്തെ തുടര്‍ന്ന് കമ്പനി മേധാവികളായ എം.സി ജെയിനും ഭാര്യയും ഒളിവിലാണ്.