| Monday, 23rd May 2022, 6:10 pm

കോമഡിയും ഫൈറ്റും റൊമാന്‍സുമുള്ള പള്ളീലച്ചന്‍; വരയന്‍ റിവ്യു

അമൃത ടി. സുരേഷ്

ക്യാരക്റ്റര്‍ റോളുകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച സിജു വില്‍സണ്‍ നായകനായെത്തിയ ചിത്രമാണ് വരയന്‍. നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത വരയന്‍ കലിപ്പക്കര എന്ന നാട്ടിലേക്ക് എബി കപ്പൂച്ചിന്‍ എന്നൊരു വൈദികന്‍ എത്തുന്നതും തുടര്‍ന്ന് അവിടെ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു കപ്പൂച്ചിന്‍ വൈദികനായ ഡാനി കപ്പൂച്ചിനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.

ഗുണ്ടകളുടെയും ക്രിമിനലുകളുടെയും വിഹാരകേന്ദ്രമാണ് കലിപ്പക്കര. ബ്രിട്ടീഷുകാരുടെ കാലത്ത് കുറ്റവാളികളെ കൊണ്ടുതള്ളിയിരുന്ന നാടാണിത്. പൊലീസുകാര്‍ പോലും കേറാന്‍ മടിക്കുന്ന നാട്. ജോയ് മാത്യുവിന്റെ കഥാപാത്രമാണ് കലിപ്പക്കരയിലെ വികാരി. പൊലീസുകാരും നാട്ടിലെ ഗുണ്ടകളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ചന് കുത്തേല്‍ക്കുന്നു. പകരം കലിപ്പക്കരയിലെത്തുന്ന വികാരിയാണ് സിജു വില്‍സണ്‍ അവതരിപ്പിക്കുന്ന എബി കപ്പുച്ചിന്‍.

പള്ളിയില്‍ വചനം പ്രസംഗിക്കുകയും വിശ്വാസികളെ നേര്‍വഴിക്ക് നടത്തുകയും ചെയ്യുന്ന സ്ഥിരം സിനിമാ കാഴ്ചയിലുള്ള വൈദികനല്ല എബി. നാട്ടിലെ കുട്ടികളുമായി ഫുട്‌ബോള്‍ കളിക്കുന്ന, അപ്പച്ചന്മാരുമൊത്ത് ചീട്ട് കളിക്കുന്ന, കള്ള് കുടിക്കുന്ന, വേണ്ടി വന്നാല്‍ നാട്ടിലെ ഗുണ്ടകളെ തല്ലുന്ന വൈദികനാണ് എബി കപ്പൂച്ചിന്‍. അദ്ദേഹം നല്ലൊരു പെയിന്റര്‍ കൂടിയാണ്. എപ്പോഴും ചിരിക്കുന്ന ഒരു പോസിറ്റീവ് ഓറ എബിക്കുണ്ട്. എവിടെക്കെയോ എബി ആമേനിലെ ഫാദര്‍ വിന്‍സെന്റ് വട്ടോളിയെ അനുസ്മരിപ്പിക്കുന്നുണ്ട്.

ഗുണ്ടകളുടെ തലവനായ മണിയന്‍പിള്ള രാജുവുമായുള്ള എബി കപ്പൂച്ചിന്റെ കോണ്‍ഫ്‌ളിക്റ്റും അതിനിടക്ക് സംഭവിക്കുന്ന കാര്യങ്ങളിലൂടെയുമാണ് ചിത്രം കടന്നുപോകുന്നത്. ഫസ്റ്റ് ഹാഫില്‍ മികച്ച രീതിയില്‍ മുന്നോട്ട് പോയ കഥക്ക് സെക്കന്റ് ഹാഫിലെത്തുമ്പോഴാണ് ചില പാളിച്ചകള്‍ പറ്റുന്നത്. നായകനും വില്ലനും തമ്മിലുള്ള കോണ്‍ഫ്‌ളിറ്റുകള്‍ക്ക് ഒരു സ്ഥലത്ത് വല്ലാത്ത ബില്‍ഡ് അപ്പ് കൊടുക്കുന്നുണ്ട്. എന്നാല്‍ ഈ ബില്‍ഡ് അപ്പിന്റെ ഒടുക്കം അക്ഷരാര്‍ത്ഥത്തില്‍ നനഞ്ഞ പടക്കം പോലെ ആയിപ്പോവുകയാണ്.

അതുപോലെ ക്ലൈമാക്‌സില്‍ സംഭവിക്കുന്ന അത്ഭുതവും കണ്‍വിന്‍സിങ്ങായ രീതിയില്‍ അവതരിപ്പിക്കാനായിട്ടില്ല. ചിത്രത്തിന് ഒരു അവസാനം കണ്ടെത്താന്‍ തിരക്കഥാകൃത്ത് തപ്പിത്തടയുകയാണ്.

കഥാപാത്രം ആവശ്യപ്പെടുന്ന രീതിയില്‍ എബി കപ്പൂച്ചിനെ അഭിനയിച്ച് ഫലിപ്പിക്കാന്‍ സിജു വില്‍സണായിട്ടുണ്ട്. എബി കപ്പൂച്ചിന്റെ കുസൃതികളും, തമാശകളും, വേദനകളും, ഫൈറ്റും, ഒരു പാട്ടില്‍ മാത്രമാണെങ്കില്‍ പോലും റൊമാന്‍സും സിജു വില്‍സണ്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

വിജയരാഘവന്‍, മണിയന്‍പിള്ള രാജു, ജൂഡ് ആന്തണി ജോസഫ്, ലിയോണ ലിഷോയ്, ബൈജു എഴുപുന്ന തുടങ്ങി മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും തങ്ങളുടെ ഭാഗങ്ങള്‍ ഗംഭീരമാക്കി. ഒരു ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വന്ന ബിന്ദു പണിക്കരുടെ കഥാപാത്രവും പ്രേക്ഷകര്‍ ചിത്രത്തില്‍ ഓര്‍ത്തു വെക്കുന്ന ഒന്നാണ്.

ഏറ്റവും എടുത്തു പറയാവുന്ന പെര്‍ഫോമന്‍സ് കേപ്പേ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടിയുടേതാണ്. എബി കപ്പുച്ചിന്റെ സന്തതസഹചാരിയായി നടക്കുന്ന കേപ്പേ എന്ന ബാലന്‍ പലപ്പോഴും താന്‍ വരുന്ന രംഗങ്ങള്‍ മുഴുവനായും കവരുന്നുണ്ട്.

പ്രകാശ് അലക്‌സിന്റെ പാട്ടുകളും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ചിത്രത്തിന്റെ ആസ്വാദനത്തെ മികച്ചതാക്കി. പ്രത്യേകിച്ചും കായലോണ്ട് വട്ടം വരച്ച് എന്ന ടൈറ്റില്‍ സോങ്ങൊക്കെ തുടക്കത്തില്‍ ഒരു ഓളമുണ്ടാക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ ആസ്വദിക്കാവുന്ന ഒരു തിയേറ്റര്‍ അനുഭവം വരയന്‍ നല്‍കുന്നുണ്ട്.

Content Highlight: varayan movie review siju wilson

അമൃത ടി. സുരേഷ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more