| Wednesday, 15th July 2020, 9:04 am

വരവരറാവുവിന്റെ ആരോഗ്യനില മോശമായി തുടരുന്നു : ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ കാത്ത് കഴിയുന്ന കവി വരവര റാവുവിനെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. മുംബൈ ജെ.ജെ. ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

തളര്‍ച്ച അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം രോഗമെന്താണെന്ന് കണ്ടെത്താന്‍ പരിശോധനകള്‍ നടന്നുവരികയാണെന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെലുഗു കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വരവര റാവുവിന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണെന്ന വാദവുമായി നേരത്തേ തന്നെ അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

റാവുവിന്റെ ആരോഗ്യ നില നാള്‍ക്കുനാള്‍ കുറഞ്ഞു വരികയാണെന്നും അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നും ഭാര്യയും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ 22 മാസമായി അദ്ദേഹം ജയിലില്‍ കഴിയുകയാണ്. നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലായിരുന്നു അദ്ദേഹം.

നേരത്തേ റാവുവിന്റെ സഹോദരീപുത്രനും എഴുത്തുകാരനുമായ എന്‍. വേണുഗോപാല്‍ റാവുവും അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഭീമ കൊറേഗാവ് കേസില്‍ റാവുവിനെ തെറ്റായി പ്രതി ചേര്‍ത്തതിലോ അദ്ദേഹത്തിന് തുടര്‍ച്ചയായി ജാമ്യം നിഷേധിക്കുന്നതിലോ അല്ല ഇപ്പോഴത്തെ ആശങ്ക, ആരോഗ്യ സ്ഥിതി വഷാളാവുന്നതിലാണ്,’എന്‍. വേണുഗോപാല്‍ റാവു പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more