തലോജ ജയിലില്‍ ഡോക്ടര്‍മാരില്ല, മൂത്രനാളിയിലെ ട്യൂബ് നീക്കാതെ വരവരറാവുവിനെ കിടത്തിയത് 12 ആഴ്ച; സ്റ്റാന്‍ സ്വാമിയുടെ മരണത്തിന് പിന്നാലെ വരവര റാവുവിന്റെ കുടുംബം
ന്യൂദല്‍ഹി: തലോജ ജയിലില്‍ രോഗികളായ തടവുകാര്‍ക്ക് ദുരിത ജീവിതമാണ് നയിക്കേണ്ടി വരുന്നതെന്ന് ഭീമ കൊറേഗാവ് കേസില്‍ തടവില്‍ കഴിഞ്ഞ തെലുഗ് കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വരവര റാവുവിന്റെ കുടുംബം. തലോജ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് വരവര റാവുവിന്റെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്.
വരവര റാവുവും സ്റ്റാന്‍ സ്വാമിയും ഭീമാ കൊറേഗാവ് കേസില്‍ യു.എ.പി.എ. ചുമത്തപ്പെട്ട് തലോജ ജയിലില്‍ തടവില്‍ കഴിഞ്ഞവരാണ്. തടവുകാരുടെ ആരോഗ്യസ്ഥിതി നോക്കാന്‍ സെന്‍ട്രല്‍ ജയിലില്‍ എം.ബി.ബി.എസ് ഡോക്ടര്‍മാരില്ലെന്നും ആകെയുള്ളത് മൂന്ന് ആയുര്‍വേദ ഡോക്ടര്‍മാരാണെന്നും വരവര റാവുവിന്റെ കുടുംബം പറഞ്ഞു.
ഗുരുതര ആരോഗ്യ പ്രശ്‌നമുള്ള രോഗികളെപ്പോലും നോക്കുന്നില്ല. മൂത്രനാളിയിലിട്ട ട്യൂബ് നീക്കാന്‍ പോലും ഡോക്ടര്‍മാരില്ല. വരവര റാവുവിനെ ട്യൂബ് നീക്കാതെ കിടത്തിയത് 12 ആഴ്ച്ചയാണെന്നും കുടുംബം പറഞ്ഞു.
മുംബൈ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ വെച്ചായിരുന്നു സ്റ്റാന്‍ സ്വാമി അന്തരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.30ന് ഹൃദയാഘാതം സംഭവിച്ചിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു അന്ത്യം.
ഭീമാ കൊറേഗാവ് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുന്നതിനിടെയാണ് അന്ത്യം. ജാമ്യ ഹരജിയില്‍ വാദം കേള്‍ക്കുന്നത് ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിയിരുന്നു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന സ്റ്റാന്‍ സ്വാമിയുടെ ജാമ്യ ഹരജി അടിയന്തരമായി പരിഗണിക്കണമന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ തിങ്കളാഴ്ച രാവിലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അറസ്റ്റിലായവരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന യു.എ.പി.എയിലെ വകുപ്പുകള്‍ക്കെതിരെ കഴിഞ്ഞ ദിവസം സ്റ്റാന്‍ സ്വാമി ഹരജി നല്‍കിയിരുന്നു.
ആരോഗ്യകാരണങ്ങളെത്തുടര്‍ന്ന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ സ്റ്റാന്‍ സ്വാമി ഹരജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട 43 ഡി (5)വകുപ്പ് ചോദ്യം ചെയ്ത് വീണ്ടും ഹരജി സമര്‍പ്പിച്ചത്.
കുറ്റം തെളിയിക്കപ്പെടുന്നതുവരെ ആരോപണ വിധേയരായവരെ നിരപരാധികളായി കാണണമെന്നാണ് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ അടിത്തറയെന്നും എന്നാല്‍ ഇത്തരം കടുത്ത നിയമങ്ങള്‍ അത് പാലിക്കുന്നില്ലെന്നും ഹരജിയില്‍ സ്റ്റാന്‍ സ്വാമി ചൂണ്ടിക്കാട്ടി.
മുബൈ തലോജ ജയിലില്‍ നിന്ന് സ്റ്റാന്‍ സ്വാമിയെ മെയ് 28നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഭീമ കൊറേഗാവ് ജാതി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ എട്ടിനാണ് സ്റ്റാന്‍ സ്വാമിയെ ജാര്‍ഖണ്ഡില്‍ വെച്ച് എന്‍.ഐ.എ. അറസ്റ്റ് ചെയ്യുന്നത്.
ഈ കേസില്‍ ഇതിനോടകം സാമൂഹ്യപ്രവര്‍ത്തകയായ സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറിയ, റോണ വില്‍സണ്‍, സുധീര്‍ ധവാലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്ലിംഗ്, നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപികയായ ഷോമ സെന്‍, ഗവേഷകനും ആക്ടിവിസ്റ്റുമായ മഹേഷ് റൗത്ത്, കവിയും എഴുത്തുകാരനുമായ വരവരറാവു, ദളിത് ചിന്തകനും അക്കാദമിസ്റ്റുമായ ആനന്ദ് തെല്‍തുംദെ, പത്രപ്രവര്‍ത്തകനായ ഗൗതം നവലാഖ്, ദല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനായ ഹാനി ബാബു, കലാപ്രവര്‍ത്തകരായ സാഗര്‍ ഗോര്‍ഖെ, രമേഷ് ഗായ്‌ചോര്‍, ജ്യോതി ജഗ്തപ്, എന്നിവര്‍ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്.
വരവര റാവുവിന് ഫെബ്രുവരിയിലാണ് ജാമ്യം കിട്ടിയത്. എണ്‍പതുകാരനായ വരവരറാവുവിന്റെ ആരോഗ്യം പരിഗണിച്ചാണ് ബോംബെ ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ആറുമാസത്തേക്കാണ് ജാമ്യം.