ന്യൂദല്‍ഹി: ഭീമകൊറേഗാവ് കേസില്‍ കവി വരവരറാവുവിന് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം എന്‍.ഐ.എ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നടപടി.
വരവരറാവുവിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് നിലവില്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. സമാന കേസില്‍ ജയിലില്‍ തുടരുന്നതിനിടെ രോഗം മൂര്‍ച്ഛിച്ച് മരണപ്പെട്ട സ്റ്റാന്‍ സ്വാമിയുടെ അവസ്ഥ റാവുവിന് ഉണ്ടാകരുതെന്ന് റാവുവിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
യു.എ.പി.എ ചുമത്തിയായിരുന്നു റാവുവിനെ അറസ്റ്റ് ചെയ്തത്. ജസ്റ്റിസ് യു.യു ലളിത്, അനിരുദ്ധ ബോസ്, സുധാന്‍ഷു ദുലിയ തുടങ്ങിയവര്‍ അടങ്ങിയ ബെഞ്ചാണ് റാവുവിന്റെ ജാമ്യഹരജി പരിഗണിച്ചത്.
ജാമ്യം അനുവദിക്കാന്‍ വിസമ്മതിച്ച ബോംബെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് റാവു സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്തിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി റാവുവിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.
രണ്ടര വര്‍ഷമാണ് റാവു ജയിലില്‍ കഴിഞ്ഞത്. കേസില്‍ അനുഭവിച്ച ശിക്ഷയുടെ കാലാവധി, പ്രായം, ആരോഗ്യ സ്ഥിതി എന്നിവയും കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മുംബൈ വിട്ടു പുറത്തുപോകരുതെന്ന് റാവുവിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട ആരേയും കാണരുതെന്നും അവരെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചികിത്സ സംബന്ധിച്ച കാര്യങ്ങളില്‍ എന്‍.ഐ.എക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി വ്യക്തമാക്കി.
നാലു വര്‍ഷം മുന്‍പ് 2018 ആഗസ്റ്റ് 28നാണ് റാവുവിനെ അറസ്റ്റ് ചെയ്യുന്നത്. 2018 നവംബറില്‍ റാവുവിനെ മുംബൈ തലോജ ജയിലിലേക്ക് മാറ്റി. 2020ല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 2021 ഫെബ്രുവരിയില്‍ ആറ് മാസത്തെ മെഡിക്കല്‍ ജാമ്യം റാവുവിന് അനുവദിച്ചിരുന്നു. സ്ഥിര ജാമ്യം ആവശ്യപ്പെട്ട് റാവു നല്‍കിയ ഹരജി ഇക്കഴിഞ്ഞ ഏപ്രില്‍ 13ന് ബോംബെ ഹൈക്കോടതി തള്ളി. മെഡിക്കല്‍ ജാമ്യം മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്‍കുകയും ചെയ്തിരുന്നു.
Content Highlight: Varavara rao granted bail by supreme court