| Sunday, 7th March 2021, 11:40 am

'ആ മുഖത്ത് വെറുപ്പില്ല, വിദ്വേഷമില്ല, കോപമില്ല'; വരവര റാവു ജയില്‍ മോചിതനായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ കവി വരവര റാവു ജയില്‍ മോചിതനായി. ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഫെബ്രുവരി 22ന് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. നേരത്ത തന്നെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വരവര റാവു കഴിഞ്ഞ ദിവസം രാത്രിയോടെ ആശുപത്രി വിട്ടു.

ഒടുവില്‍ സ്വതന്ത്രനായി എന്ന അടിക്കുറിപ്പോടെയാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് പുറത്തുവന്ന വരവര റാവുവിന്റെ ചിത്രം ജസ്റ്റിസ് ഇന്ദിര ജെയ്‌സിംഗ് പങ്കുവെച്ചത്. അദ്ദേഹത്തിന്റെ മുഖത്ത് കോപമോ വിദ്വേഷമോ വെറുപ്പോ ഇല്ലെന്നും ഇന്ദിര ജെയ്‌സിംഗ് മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

ഭീമ കൊറെഗാവ് കേസില്‍ 2018 ജൂണിലാണ് വരവര റാവുവിനെ അറസ്റ്റ് ചെയ്യുന്നത്. 88 വയസ്സുള്ള അദ്ദേഹം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് നേരിടുന്നതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിട്ടും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് വരവര റാവുവിന് ആറു മാസത്തേക്ക് ജാമ്യം അനുവദിച്ചത്.

ആരോഗ്യപരമായ കാര്യങ്ങളില്‍ അദ്ദേഹത്തിന് ചില മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ നിലവിലെ അവസ്ഥയില്‍ അദ്ദേഹത്തെ ജയിലിലേക്ക് തിരിച്ചുവിടാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ ഇദ്ദേഹത്തിന് ജയിലില്‍ വെച്ച് കൊവിഡ് ബാധിച്ചിരുന്നു.

അന്ന് ജെ.ജെ. മെഡിക്കല്‍ കോളേജ് ഇടനാഴിയിലെ കട്ടിലില്‍ പരിചരിക്കാനാളില്ലാതെ കിടന്ന വരവര റാവുവിന് തങ്ങളെ തിരിച്ചറിയാന്‍ കഴിയാത്ത വിധം ഓര്‍മ്മ നഷ്ടപ്പെട്ടുപോയെന്ന് ഭാര്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ കോടതിയെ സമീപിച്ചത്.

കര്‍ശന നിബന്ധനകളോടെയാണ് വരവര റാവുവിന് ജാമ്യം അനുവദിച്ചത്. മുംബൈ വിട്ടുപോകരുത്, എപ്പോള്‍ പൊലീസ് വിളിച്ചാലും ഹാജരാകണം, പാസ്‌പോര്‍ട്ട് എന്‍.ഐ.എയ്ക്ക് മുന്‍പില്‍ ഹാജരാക്കണം, കേസിലെ പ്രതികളുമായി ബന്ധപ്പെടാന്‍ പാടില്ല എന്നീ വ്യവസ്ഥകളാണ് ജാമ്യത്തില്‍ പറയുന്നത്. അരലക്ഷം രൂപയും ആള്‍ജാമ്യവും കെട്ടിവെക്കണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Varavar Rao released from jail on bail, discharged from hospital

We use cookies to give you the best possible experience. Learn more