| Friday, 21st September 2018, 1:13 pm

ആണുങ്ങളുടെ നന്മനിറഞ്ഞ ഗ്രാമങ്ങളിലെ 'വരത്തന്‍' എന്ന ഔട്ട്സൈഡര്‍

ശ്രീജിത്ത് ദിവാകരന്‍

സി.ഐ.എയില്‍ നിന്ന് വരത്തനിലേയ്ക്ക് ഒരു വരയുണ്ട്. ഒറ്റ വര. അത് വരത്തനാരാണ് എന്ന ചോദ്യമാണ്. ഏതുദേശത്തിന്റേയും ചോദ്യം. ആ നാട്ടുകാരാണോ ആ നാട്ടില്‍ അധികാരങ്ങള്‍ സ്ഥാപിച്ചവരാണോ വരത്തരെ ഭയപ്പെടുന്നത്? വരത്തരെ നിശ്ചയിക്കുന്നത്? വരത്തരോട് “ഇതൊരു നാട്ടിന്‍ പുറമാണ്, ഇവിടെ അതിന്റേതായ ചില രീതികളുണ്ട്” എന്ന ഭീഷണി മുഴക്കുന്നത് ആരാണ്? ആരാണ് യഥാര്‍ത്ഥത്തില്‍ ആ നാട്ടുകാരന്‍?! നന്മയാല്‍ സമൃദ്ധമെന്ന കള്ളം പൂശിയ നാട്ടിന്‍പുറങ്ങളെ നിലനിര്‍ത്തുന്നതാരാണ്? അത് ആരുടെ താത്പര്യമാണ്? ഹരിതാഭയ്ക്കും പച്ചപ്പിനും അപ്പുറം എന്താണ് ഒരു ഗ്രാമം?

ഇത് കേരളം എന്ന ദേശത്തിന്റെ, ഇവിടത്തെ ആണുങ്ങളുടെ കഥയാണ്.

**
എബി (ഫഹദ്)-പ്രിയ (ഐശ്വര്യ) എന്നിങ്ങനെ രണ്ടുപേര്‍. അവരുടെ പരസ്പരവിശ്വാസത്തിലുറച്ച മനോഹര ജീവിതം. ജോലിയുടെ-ജീവിതത്തിന്റെ വഴിത്തിരിവുകള്‍ക്കിടയില്‍ അവര്‍ സ്വയം നല്‍കുന്ന ഒരു അവധിക്കാലം. മെച്ചപ്പെട്ട സ്വസ്ഥതക്കും, മെച്ചപ്പെട്ട സമാധാനത്തിനും വേണ്ടി. നഗരത്തില്‍ ഓര്‍ഗാനിക് ഭക്ഷണം വാങ്ങി ജീവിക്കുന്നവരുടെ സ്വപ്നമാണ് ശരിക്കും ഓര്‍ഗാനിക് ആയി ജീവിക്കുക എന്നത്. അതിനായി അവര്‍ എത്തുന്നത് പ്രിയയുടെ നാട്ടിലാണ്. പന്ത്രണ്ടാം ക്ലാസുവരെയുള്ള അവിടുത്തെ ജീവിതത്തില്‍ അവള്‍ക്കോര്‍ക്കാന്‍ സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ- ആ നാട്ടിലേയ്ക്ക് തിരിച്ച് വരുന്നത് വരെ. പന്ത്രണ്ടാം ക്ലാസുകാരിയില്‍ നിന്ന് പ്രിയ വളര്‍ന്നു. അവളുടെ ആലോചനകളും ലോകവും മാറി. അവള്‍ അപ്പന്റെ ഓര്‍മ്മയോളം സ്നേഹത്തില്‍ നാടിനെ കരുതി വച്ചു.


പക്ഷേ ഒരു മാറ്റവുമില്ലാതെ ഒരു നാട് കാത്തിരിക്കുന്നുണ്ടായിരുന്നു- പച്ചപ്പിന്റേയും ഹരിതാഭയുടേയും മറവില്‍ ഒരു ഇലയനക്കത്തില്‍ വരെ ഭീതിയുടെ വിഷമുള്ള് കരുതിവച്ച്.

ഒരു റിജക്ഷനില്‍ നിന്നാണ് എബിയുടെ കഥ സിനിമയില്‍ തുടങ്ങുന്നത് തന്നെ. വലിയ ഫൈറ്റുകള്‍ക്ക് പോകാതെ എന്നാ വേറെ നോക്കാം എന്ന് പറഞ്ഞ് രാജിയാകുന്ന മനുഷ്യന്‍. ചെറിയ നഷ്ടങ്ങളില്‍ സ്വയം തളരില്ലെന്നുറപ്പിച്ചത് എബി മാത്രമല്ല പ്രിയ കൂടിയാണെന്ന് നമുക്ക് പെട്ടെന്നറിയാം. കാത്തിരിക്കാന്‍ മടിയില്ലാത്ത, നല്ല ക്ഷമയുള്ള മനുഷ്യരാണവര്‍. തങ്ങളുടെ ചുറ്റുമുള്ള ലോകത്തെ കുറിച്ചുള്ള ആകുലതകള്‍ ഉള്ളവര്‍. നിറങ്ങളും വെളിച്ചവും ആള്‍ക്കൂട്ടവും ചിരിയും മനുഷ്യരുടെ നിറസാന്നിധ്യവുമായിരുന്നു അവരുടെ ദുബായ് ജീവിതമെന്ന് പിന്നെ സിനിമ സാക്ഷ്യപ്പെടുത്തുന്നു. ചേര്‍ത്തുപിടിക്കാന്‍ മനുഷ്യര്‍. ആശ്ലേഷങ്ങളിലെ ഹൃദ്യത. ചിരികളിലെ തുറസ്. ലിറ്റിലിന്റെ ക്യാമറ ആഹ്ലാദത്തിന്റെ ഒരു ദേശം വരയ്ക്കുന്നുണ്ട്.

അവിടെ നിന്നാണ് 12-ാക്ലാസില്‍ പഠിക്കുമ്പോള്‍ പ്രിയയ്ക്ക് നഷ്ടപ്പെട്ട പപ്പയുടെ ഹീറോയിക് ഓര്‍മ്മകളില്‍ വിടര്‍ന്ന് നില്‍ക്കുന്ന പതിനെട്ടാം മൈലിലെ തോട്ടത്തിനുള്ളിലെ പഴയ വീട്ടിലേയക്ക് ഒരു പറിച്ചു നടല്‍. എടുത്ത് പറയാന്‍ കുടുംബമോ ബന്ധുക്കളോ എല്ലായാളുടെ ഒരു പരുങ്ങലില്‍, പതിഞ്ഞതാളത്തില്‍ എബി പതിനെട്ടാം മൈലിലേയ്ക്ക് തന്റെ കൗതുകം വിടരുന്ന കണ്ണുകള്‍ നിവര്‍ത്തുന്നുണ്ട്. ജോലിക്കൊപ്പം രാജിയായ ഒരു ഭൂതകാലത്തിന്റെ ഓര്‍മ്മകളുണ്ടെന്ന് തോന്നും എബിക്ക് ചുറ്റും. ഒരിന്റര്‍വ്യുവില്‍ “എന്തോ ഒരു വാക്കുണ്ടല്ലോ..അപകര്‍ഷതാബോധം? അല്ലേ?? എനിക്കാ വാക്കുപോലും പരിചയമില്ല. എനിക്കൊരുകാലത്തും അത് തോന്നിയിട്ടില്ല” എന്ന് വിനായകന്റെ നിലപാടുണ്ട്. ആ കരുത്തുണ്ട് എബി എനിക്ക് “ഗൃഹാതുരത്വം” എന്ന വാക്ക് പരിചയമില്ല എന്ന് പറയുമ്പോള്‍. പ്രിയാപോളിനുള്ളത് പോലുള്ള ഗൃഹാതുരത്വമോ ഊറ്റം കൊള്ളാനൊരു പപ്പയോ, പപ്പയുടെ വലിയ പപ്പയുടെ ബ്രിട്ടീഷ് ബാന്ധവമോ എബിക്കില്ല.

പ്രിയയും എബിയും താമസിക്കാന്‍ വരുന്നത് കേരളത്തിലേയ്ക്കാണ്. കേരളമാണ് വരത്തന്‍ എന്ന സിനിമയുടെ ദേശം. കേരളം എന്ന ഗ്രാമം. നോക്കൂ, എബിയും പ്രിയയും പാര്‍ക്കാനെത്തുന്ന പതിനെട്ടാം മൈല്‍ കേരളമെന്ന പോലെ ആണുങ്ങളുടെ ദേശമാണ്. അവിടെ സ്ത്രീകള്‍ക്ക് പ്രസക്തിയില്ല. ഉള്ളത് മൂന്ന് സ്ത്രീകളാണ്. ഒരാള്‍ ഒരു വധുവാണ്. അവരവിടെ ഉണ്ടെന്ന് നമുക്കറിയാം. അവരുടെ കല്യാണമാണെന്നറിയാം. പക്ഷേ അവരെ നമുക്ക് കാണാന്‍ കിട്ടുന്നില്ല. മറ്റ് രണ്ട് സ്ത്രീകളും (ഒരു പക്ഷേ കല്യാണപെണ്ണും) ആ നാട്ടില്‍ അപ്രസക്തരാണ്. ഉണ്ണിമായ അവതരിക്കുന്ന ഒരു തൊഴിലാളി സ്ത്രീ-പ്രേമന്‍ എന്ന സ്‌ക്കൂള്‍ പയ്യന്റെ അമ്മ, അവന്റെ ക്ലാസ് മേറ്റും ഒരു വലിയ വീട്ടിലെ പെണ്‍കുട്ടിയുമായ സാന്ദ്ര. അല്ലാതെ അവിടത്തൊരു ആസ്പത്രിയിലെ നഴ്സുമാരും അവിടെ തേയില നുള്ളുന്നവരുമൊക്കെയുണ്ട്. പക്ഷേ കഥയില്‍ ഇവരേയുള്ളൂ. പക്ഷേ ആണുങ്ങള്‍ തോനെയുണ്ട്. ഒരുപാട്.

ആണുങ്ങളുടെ ദേശത്ത് നമ്മള്‍ക്ക് ഒരു യാത്ര പോകാന്‍ പറ്റുമോ? വരത്തര്‍ക്ക്? കൂടെ ഒരു സ്ത്രീ ഉണ്ടെങ്കില്‍ ആണുങ്ങളുടെ കേരള ദേശം എങ്ങനെ പ്രതികരിക്കും-ക്രമസമാധാന പാലക നിയമ വ്യവസ്ഥ ഉള്‍പ്പെടെ? പതിനെട്ടാം മൈലിലെ കവലയില്‍ കാറിറങ്ങി ഓരോ ചായയും കുടിച്ച് ഒരു കട്ട് കേക്ക് ഷെയര്‍ ചെയ്ത് തിന്ന് എബിയും പ്രിയയും കൈപിടിച്ച് നില്‍ക്കുന്ന ഒരു സീനുണ്ട്. പുറത്ത് നിന്ന് നോക്കുമ്പോള്‍ എന്തൊരു സുന്ദരമാണ്. ജീവിതത്തിന്റെ ഒരു നിര്‍വൃതി നമുക്ക് കാണാം. പക്ഷേ ആ ഒരു സെക്കന്‍ഡില്‍ പതിനെട്ടാം മൈലിലെ തന്റെ യഥാര്‍ത്ഥ ഓര്‍മ്മകളിലേയ്ക്ക് പ്രിയ തിരികെ പോകുന്നുണ്ട്. കവലയില്‍ നിരന്നിരിക്കുന്ന ആണുങ്ങള്‍, അവരുടെ കൊത്തിവലിക്കുന്ന നോട്ടങ്ങള്‍. അതേ സെക്കന്‍ഡില്‍ പ്രിയയും എബിയും രണ്ടു പേരായി മാറും. പ്രിയ ഒരു സ്ത്രീശരീരമാണ്. എബി അതൊന്നും ബാധിക്കാത്ത/തുളച്ചു നോട്ടങ്ങളുടെ റേപ് അറിയാത്ത പുരുഷനും. എബിയുടെ കൈപിടിച്ച് തുടര്‍ന്ന് നില്‍ക്കാന്‍ അവള്‍ക്കാവില്ല. ചായ കുടിച്ച് തീര്‍ക്കാനുമാകില്ല.

“നാട്ടിലെ സദാചാരം ഇല്ലാതാക്കാന്‍ വന്നുകേറിക്കോളും ഒരോരുത്തര്!” -എന്നാണ് അവര്‍ പോകുമ്പോഴുള്ള കവലയിലെ ആണ്‍കൂട്ടത്തിന്റെ ആദ്യ പ്രതികരണം. 12 ക്ലാസിലെ പെണ്‍കുട്ടിയെ പോലും വിടാത്ത നാട്ടിന്‍പുറ കിളവന്‍ പ്രിയയുടെ ചേച്ചിയുടെയും അമ്മയുടെയും ശരീര വടിവുകള്‍ ഓര്‍മ്മിച്ചെടുക്കുന്നുണ്ട. പക്ഷേ വിജിലേഷ് അവതരിപ്പിക്കുന്ന ജിതിന്‍ എന്ന കഥാപാത്രത്തിന്റെ ഒരു ഡയലോഗില്‍ നമ്മുടെ നട്ടെല്ലില്‍ നിന്നൊരു ഭയത്തിന്റെ വെള്ളിടി വെട്ടും- “പ്രിയ പോള്‍ 12 ബി” എന്ന അവന്റെ ആത്മഗതം. ഈ സീനിന്റെ ഡീറ്റെയ്ലിങ്ങില്‍ നമ്മള്‍ ആ നാടിലേയ്ക്ക് പ്രവേശിച്ച് കഴിഞ്ഞു. അവരെ വിലക്കണം എന്ന് നമുക്കുണ്ട്. തിരികെ ദുബായിയിലേയ്ക്കോ ഏത് നഗരത്തിലേക്കോ പോകൂ എന്ന് പറയണം എന്ന്. നമ്മുടെ ഏറ്റവും വലിയ ഭയങ്ങളൊക്കെ സത്യത്തില്‍ ശരിക്കും സംഭവിക്കുന്ന കാലത്താണ് ജീവിതമെന്ന്.

ദിലീഷ് പോത്തന്റെ ഒരു കഥാപാത്രം ഉണ്ട്. കപട വിനയത്തിന്റെ ആള്‍ രൂപം. ഒന്നും വേണ്ട എന്ന പറയാത്തയാള്‍. നൊയമ്പ് കാലത്തും ഒരു ബ്ലാക് ലേബല്‍ കിട്ടിയാല്‍- “സാറ് ആദ്യമായിട്ട് തരുമ്പോ വേണ്ടാന്ന് എങ്ങനെ പറയും മോളേ” എന്ന് ചോദിക്കുന്നയാള്‍! സിഗരറ്റ് വലിക്കില്ലെങ്കിലും വേണോ എന്ന് ചോദിച്ചാ “തന്നേക്ക് സാറെ കൂട്ടുകാരന് കൊടുക്കാം” എന്ന ഉറപ്പുള്ളയാള്‍. സദാചാര പോലീസുകളായി മാറുന്ന ലോകല്‍ ക്രിമിനല്‍സ് പിടിച്ചു വയ്ക്കുന്ന ഒരാണ്‍പെണ്‍ സൗഹൃദ നിസഹായതയില്‍ നിന്ന് പൈസയൂറ്റാനായി കൂട്ടുനില്‍ക്കുന്നയാള്‍. വരത്തന്‍മാരുടെ പൈസയും നാട്ടുകാരുടെ സ്നേഹവും ഒരുപോലെ വേണ്ടയാള്‍. എന്നാലും അയാളൊക്കെ ആ ആണിടങ്ങളിലെ നല്ലവരാണ്. പൂത്തുല്ലസിക്കുന്ന മറ്റ് നന്മകള്‍ നമ്മള്‍ കാണാനിരിക്കുന്നതേയുള്ളൂ.

ഒരു പാറ്റയെ കൊല്ലാന്‍ മടിക്കുന്ന എബിയുണ്ട്. ചിരികൊണ്ട് മയക്കുന്നവന്‍. ഒരു ഫ്രൂട്ട്ഡ്രിങ്സിന്റെ ഇടനിലകൊണ്ട് കൂട്ടുകാരിയെ സ്വന്തമാക്കുന്നവന്‍. അവന്റെ ലോകം സന്തോഷത്തിന്റേതാണ്. ഇന്‍ക്ലൂസീവ് ആണ്. പുതിയ ലോകത്തിന്റെ ആഹ്ലാദം അവനിലുണ്ട്. ഭക്ഷണം കഴിച്ചിട്ട് അത് നല്ലതാണെന്ന് പറയാന്‍ അറിയാത്ത വെറും ആണൊരുത്തനല്ല. അത്രമേല്‍ സ്വാഭാവികമായാണ് അവന്‍ പുറത്തുനിന്ന് വരുന്ന ഒരാള്‍ക്ക് വേണ്ടി ചായയുണ്ടാക്കുന്നത്. അവിടെ വരുന്ന അതിഥിക്കോ അവള്‍ക്കോ അവനോ സംവിധായകനോ അത്ഭുതമമോ അസ്വാഭാവികമോ ആയ പ്രവര്‍ത്തികളല്ല അവന്റെ ഡൊമെസ്റ്റിസിറ്റി-കുടംബമട്ട്. സ്വഭാവിക ജീവിതത്തില്‍ വ്യവസ്ഥാപിത ആണുങ്ങളുടെ എതിര്‍ ചേരിയിലാണയാള്‍. പതിഞ്ഞ താളത്തിലാണ് എബി എന്ന സംഗീതം. ഒരു ഡ്രിങ്ക് കഴിച്ചു പോ-എന്ന നിര്‍ബന്ധത്തില്‍ “പ്രശ്നമൊഴിഞ്ഞ് പോകട്ടെ” എന്ന ശുഭാപ്തി വിശ്വാസം നട്ടുവളത്തുന്നുണ്ട് അയാള്‍. ശോ, ദുബായിയില്‍ ഫല്‍റ്റിന്റെ ബാല്‍ക്കണിയില്‍ ചിരിയില്‍ സ്വയം മറന്ന് പുളയുന്ന എബിയില്‍ നിന്ന് അഡ്രിനാലിന്‍ തള്ളലില്‍ നമ്മളെ മുള്‍മുനയില്‍ നിര്‍ത്തുന്ന എബിവരെ-ഫഹദില്‍ എന്ത് എളുപ്പത്തിലാണ് ക്യാരക്റ്റര്‍ വന്നുപാര്‍ക്കുന്നത്. എന്തൊരു മനുഷ്യനാടോ താന്‍?! ശരിക്കും ഇയാളാരാ എന്ന ചോദ്യമുണ്ടല്ലോ! അതാണത്!

ഒരു ഡി ആന്‍ഡ് സി സമയത്ത് കലങ്ങാതെ നില്‍ക്കുന്ന ഒരുവളുണ്ട്. നമ്മള്‍ പ്ലാന്‍ ചെയ്തതല്ലല്ലോ, പക്ഷേ സംഭവം നടക്കുമെന്ന് ഒരു വിശ്വാസമായല്ലോ എന്ന് കരുതുന്നവള്‍. അവളുടെ ആത്മവിശ്വാസമുള്ള നടത്തമുണ്ട. അവളുടെ കംഫര്‍ട്ട്ബ്ള്‍ ക്ലോത്തിങ്സ് ഉണ്ട്. അവളുടെ സ്നേഹവും പ്രതിഷേധവും വെറുപ്പും ഡിജക്ഷനും നിശബ്ദതയുമുണ്ട്. ഒന്ന് പോയി തരുമോ, ഒരു മാത്ര എനിക്ക് മാത്രമായി സമയം തരുമോ എന്ന കേഴലുണ്ട്. മമ്മിയെ കുറിച്ചുള്ള കണ്‍സേണ്‍, പപ്പ ജീവിച്ചിരിക്കുന്നുണ്ടേല്‍ ഒന്നും സംഭവില്ലായിരുന്നുവെന്ന പന്ത്രണ്ടാം ക്ലാസുകാരിയുടെ ആത്മവിശ്വാസത്തിന്റെ ഓര്‍മ്മ, എല്ലാമുണ്ട്. അവള്‍ മനപൂര്‍വ്വം മറന്നുപോയ കാലം മുഴുവന്‍ തിരികെ വരുന്നുണ്ട്. അവരുടെ ഓര്‍മ്മയില്‍ തെളിയുന്നുണ്ട് ചിത്രങ്ങള്‍. അവളുടെ കേക്ക്. അതുണ്ടാക്കാനുള്ള സാമഗ്രികള്‍. സംശയമില്ലാത്ത നിലപാടുകള്‍. അവളുടെ സിനിമയാണ്. വരത്തന്റെ കൂട്ടുകാരിയായ നാട്ടുകാരിയുടെ സിനിമ. ആണിടങ്ങളിലെ ഒബ്ജറ്റായ, വസ്തുവായ, ചരക്കായ, ശരീരം മാത്രമായ പെണ്ണിന്റെ കഥ. അതാണ് യാഥാര്‍ത്ഥ്യം. അവള്‍ക്കുവേണ്ടിയുള്ള പോരാട്ടം നമ്മുടെ സ്വപ്നമാണ്. മായാനദിയില്‍ നിന്ന് വരത്തനിലേയ്ക്കെത്തുമ്പോള്‍ നടിയെന്ന നിലയില്‍ ഐശ്വര്യ കൂടുതല്‍ കൂടുതല്‍ ഉയരത്തിലേയക്ക് നടന്ന് കയറുന്നത് കാണാം. എന്തൊരു ഭംഗിയാണതിന്!

ദുബായിയില്‍ നിന്ന് പതിനെട്ടാം മൈലിലെ തോട്ടത്തിലേയ്ക്കുള്ള നേര്‍രേഖപോലുള്ള കഥാക്രമത്തെ കോര്‍ത്ത് കോര്‍ത്തുള്ള സീനുകളുണ്ട്. എഴുത്തിന്റെ മനോഹാരിതയില്‍ സൃഷ്ടിക്കപ്പെട്ടത്. കോട്ടയത്തെ തോമസ്, പ്രിയയുടെ പപ്പ, സാന്ദ്രയുടെ മൂത്തവളായ കല്യാണപെണ്ണ്, എബിയുടെ ബാംഗ്ലൂരുള്ള ചേട്ടന്‍…ഇവരെയാരേയും നമ്മള്‍ കാണുന്നേയില്ലങ്കിലും സിനിമയിലെ പ്രധാന കഥാപാത്രങ്ങളാണ്. അവര്‍ക്ക് കൂടി ഈ കഥയിലിടമുണ്ട്. ദുബായില്‍ അവരെ ചേര്‍ത്തുപിടിച്ച മനുഷ്യരെ നമുക്ക് കൂടി മിസ് ചെയ്യും. ദുബായ് എന്ന ദേശവും മിസ് ചെയ്യും. ഭയം വഴുവഴുപ്പുള്ള ഒരു ജന്തുവിനെ പോലെ നമുക്കും സ്‌ക്രീനിമിടയിലുള്ള ഇരുട്ടിലുണ്ട്. തൊണ്ടയില്‍ നിന്ന് ഉയരാത്ത കരച്ചിലുണ്ട്. ബാംഗ്ലൂരിലേയ്ക്ക് പോ നിങ്ങള്‍ എന്ന് പറയാന്‍ തോന്നും. പതിനെട്ടാം മൈലിലെ പലചരക്ക് കടക്കാരനും ചായക്കടക്കാരനും കവലയില്‍ ഇരിക്കുന്ന ആണ്‍കൂട്ടവും ഒരു സദാചാരകേസ് കിട്ടുമ്പോള്‍ പുരുഷാരമായി എത്തുന്ന വഷളന്‍ ആളുങ്ങളുടെ സംഘവും ഒരു മാത്ര വന്നുപോകുന്ന മനുഷ്യരും കഥാപാത്രങ്ങളുടെ വലുപ്പത്തിലേയ്ക്ക് ഉയരുന്നത് നമുക്ക് കാണാം.

ആദ്യസീക്വന്‍സില്‍ ഒരിടത്തുനിന്ന് പുറത്തേയ്ക്ക് എബിയിറങ്ങുമ്പോള്‍ അവിടെയേക്ക് നടന്നുപോകുന്ന ഒരു താടിക്കാരനെ നമുക്ക് കാണാം. ഒരു പാട്ട് രംഗത്തിലെ ഫല്‍ഷ് ബാക്കില്‍ മുഖത്ത് നിന്ന് ചിരി മാറ്റാതെ എബി വെള്ളത്തിലേക്ക് ഊക്കോടെ തള്ളിയിടുന്നത് ഇയാളെ തന്നെയല്ലേയെന്ന് നാം അതിശയിക്കും. പ്രിയയെ തിരഞ്ഞ് കാറോടിച്ചുള്ള എബിയുടെ പോക്കിനിടെ ഓടിയകലുന്ന പ്രേമനെ നമുക്ക് കാണാം. ഒരാണും പെണ്ണും ഒരുമിച്ചിരുന്നതിന്റെ പേരില്‍ നാട്ടുകാരാണുങ്ങള്‍ വഷളത്തരം കാണിച്ച അതേ ഇടത്താണ് എബി കാറു നിര്‍ത്തിയിട്ട് നില്‍ക്കുന്നത്. അപ്പോള്‍ പുറകിലൂടെ പോകുന്ന ഒരു ജീപ്പിലുള്ളവരെ നമുക്ക് കാണാം. ആദ്യസീനില്‍ മുതല്‍ ഏറ്റവും സ്വാഭാവികമായി എത്തുന്ന ഡയലോഗുകള്‍ മുതല്‍ വികസിക്കുന്ന എഴുത്തിന്റെ സൗന്ദര്യമാണ് ഈ സീനുകളില്‍ അധിക വിശദീകരണമൊന്നുമില്ലാതെ അതിമനോഹരമായി ചേര്‍ന്നിരിക്കുന്നത്. സിനിമായെഴുത്തിന്റെ പുതിയ പ്രതീക്ഷകളെ, സുഹാസ്-ഷറഫു യുവാക്കളെ, കുഡോസ്.

ഇത്രയും ഭംഗിയായി പശ്ചാത്തലസംഗീതം സിനിമയില്‍ ഇഴുകിയൊന്നാകുന്നത് അടുത്തിടെ കണ്ടിട്ടില്ല. നമ്മുടെ ഹൃദയത്തിന്റെ താളത്തിലാണോ സീനുകളില്‍ നിശബ്ദതയും സംഗീതവും ഉണ്ടാകുന്നത് എന്നുതോന്നും. സുഷിന്‍ ശ്യാം, ക്ലാപ്സ്! അതേ സ്വാഭാവികതയാണ് ഷറഫുദ്ദീന്‍, വിജിലേഷ്, അര്‍ജുന്‍ അശോക്, ഉണ്ണിമായ, ചേതന്‍ തുടങ്ങി കൊച്ചുപ്രേമന്‍ വരെയെത്തുന്ന മനുഷ്യര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക്. പ്രത്യേകിച്ചും വിജിലേഷിന്റെ ജിതിന്‍. നാട് പോയിട്ട് സ്വന്തം വീടുപോലും സുരക്ഷിതമല്ലെന്ന് ഒരു സ്ത്രീക്ക് തോന്നുന്ന വിധത്തില്‍ വഷളന്‍ കണ്ണുകളും നോട്ടങ്ങളും ചിരികളും മൊബൈല്‍ ക്യാമറകളും. ഒരിഴജന്തുവിനെ പോലെ ഇരുട്ടില്‍ ഒളിച്ചിരിക്കുന്ന ഭയം. നമ്മിലേയ്ക്ക് ആഴുന്ന അതിന്റെ വിഷപ്പല്ലുകള്‍.

ദുബായ്ദേശത്ത് നിന്ന് കേരളത്തിലേയ്ക്കെത്തുമ്പോള്‍ ലിറ്റിലിന്റെ ക്യാമറ മറ്റൊരു കഥാപാത്രമായി മാറും. ഭയപ്പാടും നിഗൂഡതകളും നിശബ്ദതകളും ഉള്ള കഥാപാത്രം. നാമെത്രയോ കണ്ടിട്ടുള്ള ഒരു ദേശം പുതിയ കണ്ണിലൂടെ കാണും നമ്മളപ്പോള്‍. ആദ്യസീനുകളിലൊന്നില്‍ സിഗരറ്റ് കത്തിക്കാനൊരുങ്ങുന്ന എബിയുടെ താടിയുടേയും ചുണ്ടിന്റേയും എക്സ്ട്രീം ക്ലോസപില്‍ എത്തുന്ന ക്യാമറ പിന്നെ നമ്മുടെ കണ്ണായി കൂടെ വരും. മൂന്നേ മൂന്ന് സിനിമകള്‍- പറവ,കൂടെ,വരത്തന്‍. സിനിമാറ്റോഗ്രാഫിയുടെ ഇപ്പോഴത്തെ ലിറ്റില്‍ മാസ്റ്റര്‍ ആരെന്നതിന് സംശയങ്ങളേ വേണ്ട. അതുപോലെ ഭദ്രമായ എഡിറ്റിങ്ങ് ആണ്. സീനുകളില്‍ നിന്ന് സീനുകളിലേയ്ക്കുള്ള ഒഴുക്ക് നിര്‍ണ്ണയിക്കുന്ന കട്ടുകള്‍. ചില ലോങ്ഷോട്ടുകളെ ഹോള്‍ഡ് ചെയ്ത് നിര്‍ത്തുന്ന, ചടുലതകള്‍ വേണ്ടിടത്ത് മാത്രം പുറത്തെടുക്കുന്ന വിവേക് ഹര്‍ഷന്‍ ത്രില്‍സ്. കോസ്റ്റ്യൂസും ആര്‍ട്ടുമാണ് എടുത്ത് പറയേണ്ട മറ്റ് രണ്ട് ഘടകങ്ങള്‍. മഷര്‍ഹംസ, അനീസ് നാടോടി എന്നിവര്‍ക്ക് കൈയ്യടി.

ആത്യന്തികമായി അമല്‍നീരദിന്റെ സിനിമയാണിത്. ബിഗ് ബി മുതല്‍ നടപ്പ് രീതികളില്‍ നിന്ന് വിട്ടിട്ടുള്ള ഫിലിം മേക്കിങ്ങിലെ വിട്ടുവീഴ്ചകളില്ലാത്ത ശീലങ്ങളുണ്ട് ഇതിലും. തീര്‍ച്ചയായും ആണുങ്ങളുടെ സിനിമയാകും. പക്ഷേ അതില്‍ ലജ്ജാവതികളും അച്ചട്ടായി ഒരേപോലെ വാര്‍ത്തുവച്ചിട്ടുള്ള പെണ്ണുങ്ങളുണ്ടാകില്ല. മേരി ടീച്ചര്‍ മുതല്‍ ഒരു പെണ്‍കഥാപാത്രങ്ങളും കാല്‍വിരല്‍ കൊണ്ട് കളം വരച്ച് നില്‍ക്കുന്നവരല്ല. പ്രിയപോളും ആ ഗണത്തില്‍ പെടുന്നവളാണ്. അവസാനത്തെ മുപ്പത് മിനുട്ട് മാത്രമല്ല, അതിലേയ്ക്ക് എത്തിക്കുന്ന കഥപറച്ചിലിന്റെ താളത്തിലുണ്ട്, പോപുലര്‍ സിനിമയുടെ ഇന്ദ്രജാലം. സ്ലോമോഷനും മഴയും തോക്കും വെടിയും അടിയുമുണ്ട്. ഫാന്റസികളൊക്കെയുണ്ട്. അതിന് മുമ്പ് നമ്മുടെ ജീവിതവും യാഥാര്‍ത്ഥ്യവുമുണ്ട്. ഉടലുകള്‍ മാത്രമായി സ്ത്രീകളെ സമീപിക്കുന്ന പുരുഷാധികാരത്തിന്റെ മേല്‍കോയ്മയാല്‍ പുലരുന്ന നമ്മുടെ നാടുണ്ട്. ഒട്ടുമേല്‍ നിഷ്‌കളങ്കമല്ലാത്ത, നന്മയെന്ന കള്ളം കൊണ്ട് കണ്‍കെട്ടിയിരുട്ടാക്കി ക്രൂരതളൊക്കെ പുറത്തെടുക്കുന്ന നാട്.

***
അഥവാ “വരത്തന്‍” കേരളമെന്ന ദേശത്തിന്റെ, ഇവിടത്തെ പെണ്ണുങ്ങളുടെ കഥയാണ്.

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more