വരാപ്പുഴ കസ്റ്റഡി മരണം; എസ്.പി എ.വി ജോര്‍ജിന് സസ്‌പെന്‍ഷന്‍; വകുപ്പ് തല അന്വേഷണത്തിനും ഉത്തരവ്
varazpuzha custodyal death
വരാപ്പുഴ കസ്റ്റഡി മരണം; എസ്.പി എ.വി ജോര്‍ജിന് സസ്‌പെന്‍ഷന്‍; വകുപ്പ് തല അന്വേഷണത്തിനും ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th May 2018, 8:47 pm

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിന് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ ജോര്‍ജിനെതിരെ വകുപ്പ് തല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു.നേരത്തെ ജോര്‍ജിനെതിരെ നടപടിയാവശ്യപ്പെട്ട് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കസ്റ്റഡി മര്‍ദനം അറിയിച്ച ഉദ്യോഗസ്ഥനോട് എസ്.പി മോശമായി പെരുമാറിയെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കേസില്‍ എ.വി ജോര്‍ജിന്റെ വീഴ്ച വെളിവാക്കുന്ന മൂന്ന് മൊഴികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നത്.

ആര്‍.ടി.എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വീഴ്ചകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. എസ്.പി ജോര്‍ജ് ആര്‍.ടി.എഫ് ഉദ്യോഗസ്ഥരെ വഴിവിട്ട് പ്രോത്സാഹിപ്പിച്ചതിന് തെളിവ് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.


Also Read ‘ആധാറിനെയും ഡിജിറ്റല്‍ ഇന്ത്യയെയും വിമര്‍ശിക്കുന്നു’; മെര്‍സലിന് പിന്നാലെ തമിഴ് ചിത്രം ഇരുമ്പ് തിരൈക്കെതിരെയും പ്രതിഷേധവുമായി ബി.ജെ.പി


അതേ സമയം വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പറവൂര്‍ മജിസ്‌ട്രേറ്റിനെതിരേ പൊലീസ് നല്‍കിയ പരാതി അടിസ്ഥാന രഹിതമെന്ന് ഹൈക്കോടതിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വന്നിരുന്നു.

വരാപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഏപ്രില്‍ ആറാം തീയതി ശ്രീജിത്തിനെ ആര്‍.ടി.എഫ് കസ്റ്റഡിയിലെടുത്തിരുന്നു. പിറ്റേന്ന് ശ്രീജിത്തിനെ പറവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നെന്നും എന്നാല്‍ മജിസ്ട്രേറ്റ് തങ്ങളെ കാണാന്‍ വിസമ്മതിച്ചെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്.

അതേസമയം പൊലീസ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് എസ്.പി എ.വി ജോര്‍ജിന് കൈമാറിയിരുന്നു. അദ്ദേഹം ഇത് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിജിലന്‍സ്‌രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസിന്റെ പരാതി അടിസ്ഥാന രഹിതമാണെന്ന് കോടതി കണ്ടെത്തിയത്.