കൊച്ചി: ബി.ജെ.പിയെ പ്രകീര്‍ത്തിച്ച് വരാപ്പുഴ അതിരൂപതയുടെ മുഖപത്രം. ബി.ജെ.പിയില്‍ അഴിമതിയില്ലെന്നാണ് കരുതുന്നതെന്നും ഇനിയും അവര്‍ക്ക് അയിത്തം കല്‍പ്പിക്കേണ്ടതുമില്ലെന്നും മുഖപത്രത്തില്‍ പറയുന്നു. ഇടതുപക്ഷത്തെ വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുമാണ് മുഖപത്രം എഴുതിയിരിക്കുന്നത്.
ആലപ്പുഴ രൂപതയിലെ വൈദികന്‍ ഫാ. സേവ്യര്‍ കുടിയാംശ്ശേരിയുടേതാണ് മുഖപത്രത്തിലെ ലേഖനം. ജീവദീപ്തി മാസികയില്‍ ഇന്ത്യയെ ആര് നയിക്കണം എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കമ്മ്യൂണിസം അറിയാവുന്നവര്‍ കമ്മ്യണിസ്റ്റ് പാര്‍ട്ടിയില്‍ ഇല്ലെന്നും അവര്‍ അവരുടെ പ്രവര്‍ത്തകരെ മാത്രം സേവിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ക്രിമിനലുകളുടെ സങ്കേതമാണെന്നും മുഖപത്രം ആരോപിച്ചു. ഇനി കോണ്‍ഗ്രസിലും പ്രതീക്ഷയില്ലെന്നും പുതിയ തലമുറ കോണ്‍ഗ്രസില്‍ നിന്ന് മാറി ചിന്തിക്കുന്നുവെന്നും ഫാ. സേവ്യര്‍ കുടിയാംശ്ശേരി പറഞ്ഞു.
ഇന്ത്യാ മുന്നണിക്ക് ദാര്‍ശനികമായ അടിത്തറയില്ലെന്നും നരേന്ദ്ര മോദിക്ക് വിദേശത്ത് സ്വീകാര്യതയുണ്ടെന്നും ലേഖനം പറയുന്നു. കൂടാതെ ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധ്യതയുണ്ടെന്നും ഫാ. സേവ്യര്‍ എഴുതിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാക്കളായിരുന്ന പത്മജ വേണുഗോപാലും അനില്‍ ആന്റണിയുമെല്ലാം ബി.ജെ.പിയിലേക്ക് പോയ നിലയ്ക്ക് ഇനിയും അവരെ അയിത്തം കല്‍പ്പിച്ച് പുറത്തുനിര്‍ത്തിയാല്‍ നാളെ ബി.ജെ.പി നമ്മെ പുറത്തുനിര്‍ത്തുമെന്നും ലേഖനം പറയുന്നു. എത്രകാലം നമ്മള്‍ അധികാരസീമയ്ക്ക് പുറത്തുനില്‍ക്കുമെന്നും ലേഖനം ചോദിക്കുന്നു.
അതേസമയം ജീവദീപ്തി മാസികയില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം ലത്തീന്‍ സഭ വരാപ്പുഴ അതിരൂപതയുടെ ഔദ്യോഗിക നിലപാടായി കാണാനാവില്ലെന്നാണ് ഒരുപക്ഷം ഉയര്‍ത്തുന്ന വാദവും ചര്‍ച്ചയും.