|

എസ്.ഐ ദീപക്ക് വരുമ്പോഴും പോകുമ്പോഴും ഒരോരുത്തരെ ആയി പുറത്തിറക്കി ക്രൂരമായി മര്‍ദ്ദിച്ചു; ശ്രീജിത്തിന്റെ തല സെല്ലിന്റെ അഴികളില്‍ ഇടിച്ചു; വെളിപ്പെടുത്തലുകളുമായി സഹതടവുകാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ശ്രീജിത്തിന്റെ സഹതടവുകാര്‍. ശ്രീജിത്തിനെയും മറ്റും അതിക്രൂരമായി കസ്റ്റഡി മര്‍ദ്ദനത്തിന് എസ്.ഐ ദീപക്ക് ഇരയാക്കിയതായി ഇവര്‍ വെളിപ്പെടുത്തി.ശ്രീജിത്തിന്റെ കൂടെ അറസ്റ്റിലായ പ്രതികള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

സ്റ്റേഷനില്‍ ശ്രീജിത്ത് അടക്കമുള്ളവര്‍ മൂന്നാം മുറയ്ക്ക് ഇരായിട്ടുണ്ടെന്നും നിരന്തരം ഒരോരുത്തരെയായി തെരഞ്ഞ് പിടിച്ച് ദീപക് മര്‍ദ്ദിക്കുമായിരുന്നെന്നും ഇവര്‍ പറഞ്ഞു. സെല്ലില്‍ നിന്ന് ഒരോ സമയത്ത് ഒരോ ആളുകളെ പുറത്തിറക്കി കൈകള്‍ പുറകില്‍ കെട്ടി ബെഞ്ചില്‍ കിടത്തി മര്‍ദ്ദിക്കുമെന്നും സ്റ്റേഷനില്‍ ദീപക് മാത്രമാണ് തങ്ങളെ മര്‍ദ്ദിച്ചതെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എസ്.ഐ.ദീപക് ശ്രീജിത്തിന്റെ തല പിടിച്ച് സെല്ലിന്റെ അഴികളില്‍ ഇടിച്ചതായും കൂട്ടുപ്രതികള്‍ പറഞ്ഞു. ശ്രീജിത്തിന്റെ ഇരു ചെവികളും കൂട്ടിയടിച്ചു. ശ്രീജിത്തിന്റെ അടിവയറ്റില്‍ തൊഴിക്കുന്നത് കണ്ടുവെന്നും ഇവര്‍ വെളിപ്പെടുത്തി. വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത് മുതല്‍ ശനിയാഴ്ച വരെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നെന്നും ശനിയാഴ്ച രാത്രി വരെ ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.


Also Read മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നത്? സ്വന്തം കഴിവുകേട് മറയ്ക്കാന്‍ മനുഷ്യാവകാശ കമ്മിഷന്റെ മെക്കിട്ട് കേറണ്ട; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ മറുപടി


മൂന്ന് തവണ ശ്രീജിത്ത് ക്രൂരമര്‍ദ്ദനത്തിന് ഇരയായതായും കൂട്ടുപ്രതികളായ ഇവര്‍ പറഞ്ഞു. വെള്ളിയാഴ്ച ശ്രീജിത്തിനെ ആര്‍.ടി.എഫ്ക്കാര്‍ അറസ്റ്റ് ചെയ്തപ്പോഴും പിന്നീട് ശനിയാഴ്ച സ്റ്റേഷനില്‍ വെച്ചും മര്‍ദ്ദിച്ചെന്നും പിന്നീട് ശ്രീജിത്തിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി വീണ്ടും മര്‍ദ്ദിച്ചെന്നും ഇവര്‍ വെളിപ്പെടുത്തി.

എന്നാല്‍ ശ്രീജിത്തിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മര്‍ദ്ദിച്ചവരെ കുറിച്ച് അന്വേഷണത്തില്‍ ഒന്നും വന്നില്ലെന്നും ഇവര്‍ പറഞ്ഞു. അതേ സമയം ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളെ ശ്രീജിത്തിന്റെ ഭാര്യ അഖില തിരിച്ചറിഞ്ഞു. ശ്രീജിത്തിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

Video Stories