കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആരോപണ വിധേയനായ മുന്‍ ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ കുറ്റവിമുക്തനാക്കി. കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരിച്ച സംഭവത്തിലാണ് എ.വി ജോര്‍ജ് കുറ്റവിമുക്തനാക്കിയത്
ജോര്‍ജ് പ്രതിയല്ലെന്നും സാക്ഷി മാത്രമാണെന്നും ചൂണ്ടിക്കാട്ടി ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടികളില്‍ നിന്ന് ആഭ്യന്തരവകുപ്പ് ഇദ്ദേഹത്തെ ഒഴിവാക്കിയത്. സംഭവത്തില്‍ ജോര്‍ജിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കേസില്‍ നിന്ന് കുറ്റവിമുക്തനായതോടെ ജോര്‍ജിന് ഡി.ഐ.ജിയായി സ്ഥാനക്കയറ്റം ലഭിക്കും.
കേസ് കൈകാര്യം ചെയ്ത രീതിയില്‍ വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാണിച്ച് ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. വകുപ്പുതല നടപടി സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സസ്‌പെന്‍ഷന് ശേഷം മടങ്ങിയെത്തിയ ജോര്‍ജിനെ ആദ്യം ഇന്റലിജന്‍സിലേക്കും പിന്നീട് പൊലീസ് അക്കാദമിയിലേക്കും മാറ്റിയിരുന്നു.
അടിപിടിയുമായി ബന്ധപ്പെട്ട് വരാപ്പുഴ സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് 2018 ഏപ്രില്‍ ആറിന് ശ്രീജിത്ത് അടക്കം പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് മര്‍ദ്ദനത്തിന്റെ ഭാഗമായുണ്ടായ ഗുരുതരമായ പരിക്കുകള്‍ മൂലമാണ് ശ്രീജിത്ത് മരണപ്പെട്ടതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
എറണാകുളം റൂറല്‍ എസ്.പിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ (ആര്‍.ടി.എഫ്) അംഗങ്ങളായ സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, എം.എസ് സുമേഷ്, എസ്.ഐ ദീപക്, ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം, എ.എസ്.ഐമാരായ സി.എന്‍ ജയാനന്ദന്‍, സന്തോഷ് ബേബി, സി.പി.ഒ പി.ആര്‍ ശ്രീരാജ്, ഇ.ബി സുനില്‍കുമാര്‍ എന്നിവര്‍ക്കെതിരേയും നടപടിയെടുത്തിരുന്നു.