തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെതിരെ കൂടുതല്‍ മൊഴികള്‍. കേസില്‍ എ.വി ജോര്‍ജിന്റെ വീഴ്ച വെളിവാക്കുന്ന മൂന്ന് മൊഴികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
കസ്റ്റഡി മര്‍ദനം അറിയിച്ച ഉദ്യോഗസ്ഥനോട് എസ്.പി മോശമായി പെരുമാറിയെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി.
ആര്‍.ടി.എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വീഴ്ചകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. എസ്.പി ജോര്‍ജ് ആര്‍.ടി.എഫ് ഉദ്യോഗസ്ഥരെ വഴിവിട്ട് പ്രോത്സാഹിപ്പിച്ചതിന് തെളിവ് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതുസംബന്ധിച്ച് വയര്‍ലെസ് സന്ദേശങ്ങള്‍ അടക്കം പരിശോധിച്ച് കൂടുതല്‍ തെളിവ് ശേഖരിക്കും.
എസ്.പിയെ പ്രതിയാക്കാനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.
കസ്റ്റഡി മരണത്തിന് ശേഷമുള്ള രേഖകളില്‍ തിരുത്തല്‍ നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വാസുദേവന്റെ മകന്റെ പേരിലുള്ള മൊഴിയില്‍ കൃത്രിമം നടത്തിയതായാണ് കണ്ടെത്തല്‍. വാസുദേവന്റെ സംസ്‌കാരം നടന്ന ദിവസം മകന്‍ മൊഴി കൊടുത്തതായാണ് രേഖ.
ശ്രീജിത്തിനെ പിടികൂടുന്നതിന് എസ്.പി.യുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍.ടി.എഫ്. സ്‌ക്വാഡിന് നിര്‍ദേശം നല്‍കിയത് റൂറല്‍ എസ്.പി.യായിരുന്ന എ.വി. ജോര്‍ജാണെന്ന് വിവിധ തലങ്ങളിലുള്ള ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്വവും എസ്.പി.ക്കായിരിക്കുമെന്നാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്.
പറവൂര്‍ സി.ഐ.യായിരുന്ന ക്രിസ്പിന്‍ സാമും എസ്.പി.യുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്ന് അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതുമുതലുള്ള ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ ഉള്‍പ്പെടെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
അതേസമയം എസ്.പി.യുടെപേരില്‍ കേസെടുക്കുന്നതോടെ പ്രത്യേകാന്വേഷണസംഘം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുകയാണെന്ന ആരോപണത്തിന് തടയിടാനാകുമെന്നാണ് പോലീസ് കരുതുന്നത്. എ.വി. ജോര്‍ജിന്റെപേരില്‍ രണ്ടുദിവസത്തിനകം നടപടിയുണ്ടാകുമെന്നാണ് വിവരം.