| Tuesday, 14th May 2019, 7:33 am

വാരാപ്പുഴ കസ്റ്റഡി മരണം; പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ പ്രതികളായ ഏഴ് പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. സി.ഐ ക്രിസ്പിന്‍ സാം, എസ് .ഐ ദീപക് ഉള്‍പ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്.

ഏഴ് പോലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഉത്തരവ് ലഭിച്ചാല്‍ ഉടന്‍തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്ന പൊലീസുകാരെ കഴിഞ്ഞ ഡിസംബറില്‍ സര്‍വ്വീസില്‍ തിരിച്ചെടുത്തിരുന്നു. കേസില്‍ കുറ്റപത്രം തയ്യാറാക്കിയ ശേഷമാണ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

കുറ്റപത്രം തയ്യാറായെന്നും പൊലീസുദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ അനുമതി വൈകാതെ തേടുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒമ്പതിനാണ് ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിനെ തുടര്‍ന്ന് ശ്രീജിത്ത് കൊല്ലപ്പെട്ടത്. വാസുദേവന്റെ വീടാക്രമിച്ച കേസില്‍ ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് കസ്റ്റഡിയില്‍ വച്ചുണ്ടായ മര്‍ദ്ദനത്തെതുടര്‍ന്ന് കൊല്ലപ്പെടുകയായിരുന്നു. ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര ക്ഷതത്തെ തുടര്‍ന്നായിരുന്നു മരണം. അടിവയറ്റിലേറ്റ ചവിട്ടായിരുന്നു മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു

We use cookies to give you the best possible experience. Learn more