വരാപ്പുഴ കസ്റ്റഡി മരണം; മൂന്ന് പൊലീസുകാരെ പ്രതിചേര്‍ത്തത് ഉന്നതഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍; പൊലീസിനെ വെട്ടിലാക്കി ബന്ധുക്കളുടെ ആരോപണം
Custodial Death
വരാപ്പുഴ കസ്റ്റഡി മരണം; മൂന്ന് പൊലീസുകാരെ പ്രതിചേര്‍ത്തത് ഉന്നതഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍; പൊലീസിനെ വെട്ടിലാക്കി ബന്ധുക്കളുടെ ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th April 2018, 10:20 am

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പൊലീസിനെ വെട്ടിലാക്കി പ്രതിചേര്‍ക്കപ്പെട്ട ആര്‍.ടി.എഫ് ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടെയും ആരോപണം. ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനാണ് തങ്ങളെ പ്രതികളാക്കിയതെന്ന് പ്രതിചേര്‍ക്കപ്പെട്ട് ഉദ്യോഗസ്ഥരും ബന്ധുക്കളും ആരോപിച്ചു.

ശ്രീജിത്ത് അടക്കമുള്ളവരെ ഉന്നതഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കയറ്റിവിടുക മാത്രമാണ് ചെയ്തതെന്നും ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയാണ് മുന്ന് പേരെ പ്രതി ചേര്‍ക്കപ്പെട്ടതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍  ഇന്നലെയാണ്  മൂന്ന് പൊലീസുകാരെ അറസ്റ്റ് ചെയ്തത്. സുമേഷ്, സന്തോഷ്, ജിതിന്‍രാജ് എന്നീ മൂന്ന് ആര്‍.ടി.എഫ് ഉദ്യോഗസ്ഥരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എസ്.പിയുടെ സ്പെഷ്യല്‍ സ്‌ക്വോഡിലുള്ളവരാണ് അറസ്റ്റിലായവര്‍.


Also Read സി.പി.ഐ.എമ്മുകാരുടെ മര്‍ദ്ദനത്തില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവം; ജോസ്‌നയുടെ വീടിനുനേരെ കല്ലേറ്


എന്നാല്‍ ഇവര്‍ ആരും പ്രതികളല്ലെന്നും നിരപരാധികളാണെന്നതിന് കൃത്യമായ തെളിവുണ്ടെന്നും നുണപരിശോധന ഉള്‍പ്പെടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും ഒരുക്കമാണെന്നും അറസ്റ്റിലായവര്‍ അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

നേരത്തെ സംഭവത്തില്‍ റിമാന്‍ഡിലായിരുന്ന ഒന്‍പത് പ്രതികളെയും കസ്റ്റഡിയില്‍ വിട്ടിരുന്നു. മരിച്ച ശ്രീജിത്തിനൊപ്പമുണ്ടായിരുന്ന നാല് പ്രതികള്‍ പൊലീസ് മര്‍ദ്ദിച്ച കാര്യം കോടതിയെ അറിയിച്ചിരുന്നു. ശ്രീജിത്തിനൊപ്പം വരാപ്പുഴ സ്റ്റേഷനിലുണ്ടായിരുന്ന ഇവരുടെ മൊഴി നിര്‍ണായകമാവും.


Read Also 270 ലീഗുകാര്‍, 265 എസ്.ഡി.പി.ഐക്കാര്‍ ‘ജനകീയ ഹര്‍ത്താലിനെ’ തുടര്‍ന്ന് അറസ്റ്റിലായവരുടെ പാര്‍ട്ടി തിരിച്ചുള്ള കണക്ക് ഇങ്ങനെ


അതേസമയം, ശ്രീജിത്തിന്റെ മരണം ഉരുട്ടിക്കൊലയാണെന്ന സംശയം ബലപ്പെട്ടതിന് പിന്നാലെ അന്വേഷണ സംഘം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. അഞ്ച് ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ശ്രീജിത്തിനെ ആളുമാറിയാണ് അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ദിവസം എന്തൊക്കെ സംഭവിച്ചെന്ന കാര്യത്തില്‍ വ്യത്യസ്ത മൊഴികളാണ് പൊലീസിന്റെ പക്കലുള്ളത്. ചിലര്‍ പലപ്പോഴും മൊഴിമാറ്റുന്നുമുണ്ട്. പൊലീസും വീട്ടുകാരും ദൃക്സാക്ഷികളും പറയുന്ന മൊഴികളില്‍ വൈരുദ്ധ്യമുണ്ട്.

സംഭവത്തില്‍ ബന്ധപ്പെട്ട മിക്കവരെയും പൊലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്ത് പോവാതിരിക്കാന്‍ ജാഗ്രത വേണമെന്ന് അന്വേഷണ സംഘത്തിലുള്ളവര്‍ക്ക് നിര്‍ദ്ദേശമുണ്ട്.