കൊച്ചി: വരാപ്പുഴ സംഘര്‍ഷത്തിലെ യഥാര്‍ത്ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. പൊലീസിന്റെ കണ്ണ് വെട്ടിച്ച് കോടതിയില്‍ എത്തിയ ഇവരെ റിമാന്‍ഡ് ചെയ്തു. ഗൃഹനാഥനെ ആക്രമിച്ച കേസിലുള്‍പ്പെട്ട അജിത്, വിപിന്‍,തുളസീദാസ് എന്ന് വിളിക്കുന്ന ശ്രീജിത്ത് എന്നിവരാണ് കോടതിയിലെത്തി കീഴടങ്ങിയത്.
ഈ കേസില്‍ പ്രതിയെന്ന് ആരോപിച്ചായിരുന്നു വരാപ്പുഴയില്‍ ശ്രീജിത്തിനെ അറസ്റ്റ് ചെയ്യുകയും പൊലീസുകാരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി ശ്രീജിത്ത് മരിക്കുകയും ചെയ്തത്. ഇതില്‍ തുളസീദാസ് എന്ന ശ്രീജിത്താണെന്ന് തെറ്റിദ്ധരിച്ചാണ് മരിച്ച ശ്രീജിത്തിനെ പൊലീസുകാര്‍ കസ്റ്റഡിയിലെടുത്തിരുന്നത്.
കൊല്ലപ്പെട്ട ശ്രീജിത്ത് നിരപരാധിയായിരുന്നെന്ന് പ്രതികള്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാസമാദ്യമാണ് വരാപ്പുഴയില്‍ വാസുദേവന്‍ എന്നയാളുടെ വീട്ടില്‍ കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് ശ്രീജിത്തിനെയും മറ്റു 10 പേരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് മജിസ്‌ട്രേറ്റിനെ നേരിട്ട് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് ശ്രീജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചായിരുന്നു അന്ത്യം.
Also Read ഞാനൊരു കറകളഞ്ഞ ബി.ജെ.പിക്കാരനാണ്, ആര്‍.എസ്.എസിനെ മനസില്‍വെച്ച് പൂജിക്കുന്ന സംഘി: വര്‍ഗീയവാദിയാക്കി മുദ്രകുത്താന്‍ ശ്രമിക്കേണ്ട: രാജസേസന്‍
ആന്തരിക രക്തസ്രാവവും ഛര്‍ദ്ദി, മൂത്ര തടസം എന്നിവയ്ക്കാണ് ശ്രീജിത്ത് ചികിത്സ തേടിയത്. ഇന്നലെ വൈകിട്ടോടെ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഇദ്ദേഹത്തെ സന്ദര്‍ശിച്ച് സ്വമേധയാ കേസെടുത്തിരുന്നു.
തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ചത് മര്‍ദ്ദനം കൊണ്ട് തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ സ്ഥിരീകരിച്ചിരുന്നു. അടിവയറ്റിനേറ്റ ഗുരുതര പരിക്ക് മൂലമാണ് ശ്രീജിത്ത് മരിച്ചതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷമാണ് ഈ പരിക്കുണ്ടായതെന്നും മെഡിക്കല്‍ കൗണ്‍സില്‍ നിഗമനത്തിലെത്തി.
തുടര്‍ന്ന് കേസില്‍ ആരോപണവിധേയനായ ആലുവ മുന്‍ റൂറല്‍ എസ്.പി എവി ജോര്‍ജിനെ സ്ഥലം മാറ്റുകയും കേസില്‍ ആരോപണ വിധേയരായ എസ്.ഐ ദീപക്കിനെയും സി.ഐ ക്രിസ്പിന്‍ സാമിനെയും അറസ്റ്റ് ചെയ്തിരുന്നു.